അരങ്ങിൽ വെളിച്ചം കഥ പറഞ്ഞു, നാടകത്തിന് മാറ്റങ്ങളുടെ ‘മേൽവിലാസം’
text_fieldsതിരുവനന്തപുരം: നാടകത്തിന്റെ പരമ്പരാഗത വ്യാകരണങ്ങളെയും നിയന്ത്രണങ്ങളെയും പൊളിച്ചെഴുതുകയും സാങ്കേതികവും പ്രമേയപരവുമായ മാറ്റങ്ങൾ കൊണ്ടുവന്ന നാടകവേദിയുടെ ഉള്ളടക്കത്തെ നവീകരിക്കുകയും ചെയ്ത നാടകകാരനാണ് സൂര്യ കൃഷ്ണമൂർത്തി. മലയാളത്തിൽ പ്രകാശ-ശബ്ദ വിന്യാസങ്ങളെ അടിസ്ഥാനമാക്കിയുള്ള നാടകങ്ങൾ ആദ്യമായി അവതരിപ്പിച്ചത് അദ്ദേഹമാണ്. ഇതിനുപുറമെ ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ അവതരിപ്പിച്ചതും അദ്ദേഹമാണ്.
പതിനായിരത്തോളം വേദികളിൽ ഇത്തരം ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾ അവതരിപ്പിക്കപ്പെട്ടു. പ്രകൃതിയെ ഒരു പ്രധാന കഥാപാത്രമായി അദ്ദേഹം തന്റെ നാടകങ്ങളിൽ ഉപയോഗിച്ചിരുന്നു. മനുഷ്യന്റെ മാനസിക സംഘർഷങ്ങളെയും വേദനകളെയും പ്രതിനിധീകരിക്കുന്നതിനായി 'അമ്മു' എന്ന സ്ഥിരം കഥാപാത്രത്തെ തന്റെ ഒട്ടുമിക്ക നാടകങ്ങളിലും അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്.തന്റെ ട്രൂപ്പായ ‘സൂര്യ തിയേറ്റേഴ്സി’ലെ 16 അഭിനേതാക്കളെ വെച്ചുകൊണ്ട് തുടർച്ചയായ ഏഴ് ദിവസങ്ങളിൽ 12 വ്യത്യസ്ത നാടകങ്ങൾ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം ഇന്ത്യൻ നാടക ചരിത്രത്തിൽ പുതിയൊരു റെക്കോർഡും സൃഷ്ടിച്ചു. 12 നാടകങ്ങൾക്കായി 12 വ്യത്യസ്ത കഥാപാത്രങ്ങളെയും ലൈറ്റിങ് പാറ്റേണുകളും രംഗസംവിധാനങ്ങളും ഒരുക്കുക എന്ന വെല്ലുവിളിയാണ് ഏറ്റെടുത്തത്.
തുടക്കകാലത്ത് കലാരംഗത്ത് വേരുറപ്പിക്കാൻ താൻ അനുഭവിച്ച കഷ്ടപ്പാടുകൾ പുതിയ തലമുറയിലെ കലാകാരന്മാർക്ക് ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം തിരുവനന്തപുരം തൈക്കാടുള്ള സൂര്യചൈതന്യ എന്ന തന്റെ കുടുംബസ്വത്തിലെ 15 സെന്റ് സ്ഥലത്ത് ഗണേശം എന്ന പേരിൽ ഒരു ആധുനിക ബ്ലാക്ക് ബോക്സ് തിയേറ്റർ നിർമ്മിച്ചത്. 400 പേർക്ക് ഇരിക്കാവുന്ന ഈ തിയേറ്റർ പൂർണ്ണമായും സൗജന്യമായാണ് നാടക-കലാ പ്രവർത്തകർക്ക് അദ്ദേഹം വിട്ടുനൽകുന്നത്. ഒരു അരങ്ങേറ്റം നടത്താൻ നാലോ അഞ്ചോ ലക്ഷം രൂപ ചിലവ് വരുന്ന സാഹചര്യത്തിൽ, പ്രകാശ-ശബ്ദ ഉപകരണങ്ങളും, ഗ്രീൻ റൂമും, ഡോർമിറ്ററി സൗകര്യങ്ങളും ഉൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും ഗണേശത്തിൽ സൗജന്യമായി ലഭ്യമാക്കിയിരുന്നു. ഇവിടെ അവതരിപ്പിക്കപ്പെടുന്ന പരിപാടികളിൽ നിന്നുള്ള മുഴുവൻ ടിക്കറ്റ് വരുമാനവും കലാകാരന്മാർക്ക് തന്നെ എടുക്കാം. കല വില്പനയ്ക്കുള്ളതല്ലെന്നും അത് സമൂഹത്തിന് തിരികെ നൽകാനുള്ള ഒരു സമ്മാനമാണെന്നുമുള്ള അദ്ദേഹത്തിന്റെ ഉറച്ച നിലപാടിന്റെ പ്രതീകമാണ് ഗണേശം.
സൂര്യ കൃഷ്ണമൂർത്തിയുടെ നാടകജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ സൃഷ്ടിയാണ് ‘മേൽവിലാസം’. ഇന്ത്യൻ സൈന്യത്തിലെ ദലിത് വിവേചനത്തിന്റെയും അനീതിയുടെയും കഥ പറയുന്ന ഈ നാടകം, പ്രശസ്ത ഹിന്ദി നാടകകൃത്തായ സ്വദേശി ദീപക്കിന്റെ ‘കോർട്ട് മാർഷൽ’എന്ന കൃതിയെ അടിസ്ഥാനമാക്കിയാണ്. ഗൾഫ് രാജ്യങ്ങളിലും യൂറോപ്പിലുമുൾപ്പെടെ എഴുന്നൂറിലധികം വേദികളിൽ ഈ നാടകം അവതരിപ്പിക്കപ്പെട്ടു. ഒരു അമച്വർ മലയാളം നാടകം ഇത്രയധികം വേദികളിൽ തുടർച്ചയായി അവതരിപ്പിക്കപ്പെട്ടത് വലിയൊരു ചരിത്രമാണ്. ‘ചായക്കടകഥകൾ’എന്നറിയപ്പെടുന്ന നാടക പരമ്പരയും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭാവനയാണ്.
‘ചാമുണ്ഡിപുരം’എന്ന സാങ്കൽപ്പിക ഗ്രാമത്തിലെ ‘ചാമുണ്ഡിവിലാസം ചായക്കട‘യെ പശ്ചാത്തലമാക്കിയുള്ള ആറ് കഥകളുടെ സമാഹാരമാണിത്.
എം.ടി. വാസുദേവൻ നായരുടെ കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള ‘ഭീമൻ രാവുണ്ണി നായർ’, തൃശൂരിലെ തീറ്റ റപ്പായിയുടെ ജീവിതത്തിൽ നിന്നുള്ള ‘തീറ്റ റപ്പായി‘, ‘അമ്മ തങ്കമ്മ’, ‘കളത്തിൽ പത്മിനി മകൾ അമ്മു’, കോമഡി നാടകമായ ‘തോറപ്പൻ ഗോൺസാൽവസ്’, തൊഴിലിന്റെ പേരിൽ മാത്രം അറിയപ്പെടുന്ന കഥാപാത്രങ്ങളുള്ള ‘അനാമിക’എന്നിവയാണ് ഈ ആറ് കഥകൾ. വില്ലൻ കഥാപാത്രങ്ങളില്ലാത്ത ഈ നാടകങ്ങൾ പിന്നീട് ദൂരദർശനുവേണ്ടി അദ്ദേഹം തന്നെ 13 എപ്പിസോഡുകളുള്ള ഹ്രസ്വചിത്ര പരമ്പരയായി സംവിധാനം ചെയ്തു.
കേരളത്തിന്റെ കലാ-സാഹിത്യ ലോകത്തിന് നികത്താനാവാത്ത നഷ്ടം -മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ബഹുമുഖ പ്രതിഭയായിരുന്നു സൂര്യ കൃഷ്ണമൂർത്തിയെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ശാസ്ത്രത്തിന്റെയും കലയുടെയും അപൂർവ്വവും സുന്ദരവുമായ ഒരു സമന്വയമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കലയെ ജനകീയമാക്കുന്നതിലും പരമ്പരാഗത കലാകാരന്മാർക്ക് അന്താരാഷ്ട്ര വേദികൾ ഒരുക്കുന്നതിലും അദ്ദേഹം കാണിച്ച പ്രതിബദ്ധത വരുംതലമുറകൾക്ക് മാതൃകയാണ്. പകരക്കാരില്ലാത്ത സാംസ്കാരിക ശിൽപിയുടെ വേർപാട് കേരളത്തിന്റെ കലാ-സാഹിത്യ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

