സുരേഷ് ഗോപിയുടെ പ്രജകളാവാനില്ല; വരന്തിരപ്പള്ളിയിൽ കലുങ്ക് സംവാദത്തിന് പിന്നാലെ ബി.ജെ.പി വിട്ട് പ്രവർത്തകർ
text_fieldsതൃശൂര്‍: വരന്തരപ്പിള്ളിയിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിൽ പങ്കെടുത്തതിന് പിന്നാലെ പാർട്ടിവിട്ട് ബി.ജെ.പി പ്രവർത്തകർ. വരന്തരപ്പിള്ളി പഞ്ചായത്ത് നാലാം വാർഡിലെ നാല് ബി.ജെ.പി പ്രവർത്തകരും കുടുംബാംഗങ്ങളുമാണ് ബി.ജെ.പി അംഗത്വം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നത്.
കലുങ്ക് സംവാദത്തിനിടെ സുരേഷ് ഗോപി അപമാനിച്ചുവെന്ന് ആരോപിച്ചാണ് കൂട്ടരാജി. ബി.ജെ.പി ഭരിക്കുന്ന വേലുപ്പാടം വാര്‍ഡില്‍ നിന്നുള്ള സജീവ ബി.ജെ.പി പ്രവര്‍ത്തകരായ പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരാണ് ബി.ജെ.പി വിട്ടത്. വരന്തരപ്പിള്ളിയിൽ നടന്ന ചടങ്ങിൽ കെ.പി.സി.സി അംഗം നിഖിൽ ദാമോദരൻ ഇവർക്കും കുടുംബാംഗങ്ങൾക്കും കോൺഗ്രസ് അംഗത്വം നൽകി സ്വീകരിച്ചു.
ഒക്ടോബർ 18നായിരുന്നു വരന്തരപ്പിള്ളി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കലുങ്ക് സംവാദം നടന്നത്. രാജിവെച്ച നാലുപ്രവർത്തകരും കുടുംബാംഗങ്ങൾക്കൊപ്പം യോഗത്തിൽ പങ്കെടുത്തിരുന്നു. ഇവിടെ വെച്ച് സുരേഷ് ഗോപി ഗർവോടെ സംസാരിക്കുകയും തങ്ങളെ അപമാനിക്കുകയായിരുന്നുവെന്നുമാണ് പാർട്ടി വിട്ടവരുടെ പരാതി.
മന്ത്രിയുടെ പെരുമാറ്റം താല്‍പര്യമില്ലാത്തതിനാലാണ് പാര്‍ട്ടി വിട്ടതെന്നും സുരേഷ് ഗോപിയുടെ പ്രജകളല്ല തങ്ങളെന്നും പാര്‍ട്ടി വിട്ട പ്രസാദ് പറഞ്ഞു. രാഹുല്‍ ഗാന്ധി സാധാരണക്കാരുടെ ചായക്കടയില്‍ പോയി ചായ കുടിക്കുമെന്നും എന്നാല്‍ എല്ലാവരും പ്രജകളെന്ന് കരുതുന്ന സുരേഷ് ഗോപിക്ക് അത് പറ്റില്ലെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

