‘സമാധി സ്ഥലം കളങ്കപ്പെടുത്താൻ അനുവദിക്കില്ല’; തുറന്നാൽ ജീവനൊടുക്കുമെന്ന് മകന്റെ ഭീഷണി, സ്ഥലം ഇന്ന് പരിശോധിക്കും
text_fieldsബാലരാമപുരം: നെയ്യാറ്റിൻകര അതിയന്നൂരിൽ ഗോപൻ സ്വാമിയെ സമാധി ഇരുത്തിയ സ്ഥലം ഇന്ന് തുറക്കും. സബ് കലക്ടർ ആൽഫ്രഡ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമാണ് ഉത്തരവ് നൽകിയത്. എന്നാൽ, സമാധി സ്ഥലം കളങ്കപ്പെടുത്താൻ അനുവദിക്കില്ലെന്ന് മകൻ രാജസേനൻ പറയുന്നു. തുറന്നാൽ ജീവനൊടുക്കുമെന്നാണ് രാജസേനന്റെ ഭീഷണി. ഇത്, വിശ്വാസപരമായ കാര്യമാണ്. ഇതിൽ തൊട്ട് കളിക്കരുതെന്നാണ് രാജസേനൻ പറയുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മണിയൻ എന്ന ഗോപൻ സ്വാമിയെ സമാധി ആയതായി പറയുന്നത്. തുടർന്ന് മക്കളും കുടുംബാംഗങ്ങളും ചേർന്ന് സമാധി നടപടികൾക്ക് ശേഷമാണ് പുറംലോകത്തെ പോലും അറിയിച്ചത്. ഇത്, ഏറെ ദുരൂഹത സൃഷ്ടിക്കുകയാണ്. നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര പൊലീസ് അന്വേഷിക്കുകയായിരുന്നു.
തുടർന്ന് കലക്ടറുടെ നിർദ്ദേശപ്രകാരം സബ് കലക്ടർ സ്ഥലത്ത് എത്തുകയായിരുന്നു. ഗോപൻ സ്വാമിയെ കാണാനില്ല എന്ന് കാണിച്ച് അയൽവാസി പരാതി കഴിഞ്ഞദിവസം നൽകിയിരുന്നു. അയൽവാസിയായ വിശ്വംഭരനാണ് നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയത്. ഈ സാഹചര്യത്തിലാണ് സമാധി പൊളിച്ച് തുടർനടപടി വേഗത്തിലാക്കാൻ കലക്ടറുടെ ഉത്തരവ്.
എന്നാൽ, സമാധി പൊളിക്കുന്നതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ക്ഷേത്ര സമന്വയ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഫോറൻസിക് സംഘം ഉൾപ്പെടെ എത്തിയശേഷം മാത്രമായിരിക്കും നടപടികൾ നടക്കുക ഉച്ചക്ക് ശേഷമാണിത് നടക്കുക. സമാധി ചടങ്ങുകൾ ആരും കാണരുതെന്ന് അച്ഛൻ നിർദ്ദേശിച്ചിട്ടുള്ളതിനാൽ ആണ് ഇങ്ങനെ ചെയ്തതെന്നാണ് മക്കളുടെ വാദം. അയൽവാസികൾ പോലും കാണാതെയാണ് സ്വാമിയുടെ മൃതദേഹം മക്കൾ നേരത്തെ തയ്യാറാക്കി വെച്ചിരുന്ന സമാധിപീഠത്തിൽ ഇരുത്തി സ്ലാബിട്ട് മൂടിയത്. സമാധി സ്ഥലം തുറക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നാട്ടുകാർ തമ്പടിച്ചിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.