ഈ പൊൻകുരുന്ന് സോണിയക്ക് ‘മാതൃദിന സമ്മാനം’
text_fieldsകൊച്ചി: ഏറെനാൾ അങ്ങകലെ മാലദ്വീപിൽ കുടുങ്ങിക്കിടന്ന്, ഒടുവിൽ കേരളത്തിെൻറ മണ്ണിൽ അമ്മ കാലുകുത്താൻ കാത്തിരിക്കുകയായിരുന്നു ആ ആൺകുരുന്ന് ഭൂമിയിലേക്ക് പിറന്നുവീഴാൻ. മാതൃദിനത്തിൽ അമ്മക്ക് അമൂല്യസമ്മാനം നൽകികൊണ്ട് ഇടപ്പള്ളി കിൻഡർ ആശുപത്രിയിൽ അവെൻറ കരച്ചിലുയർന്നപ്പോൾ വേദനകൾക്കിടയിലും സോണിയ ജേക്കബ് പുഞ്ചിരിച്ചു. മാലദ്വീപിൽനിന്ന് നാവികസേനയുടെ കപ്പലിൽ ഞായറാഴ്ച രാവിലെ കൊച്ചി തുറമുഖത്തെത്തിയ തിരുവല്ല ഇരവിപേരൂർ സ്വദേശിനി സോണിയ ജേക്കബാണ് സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നൽകിയത്. ഏറെ വിഷമതകൾക്കൊടുവിൽ ജന്മനാട്ടിെലത്തിയതിെൻറ സന്തോഷവും മുമ്പ് ആറുതവണ അബോർഷനായി, ഒടുവിലൊരു കുഞ്ഞുപിറന്നതിെൻറ സന്തോഷവുമെല്ലാം അവരിലുണ്ടായിരുന്നു. വൈകീട്ട് 5.40നായിരുന്നു പ്രസവശസ്ത്രക്രിയ. ഭർത്താവ് ഷിജോ ആശുപത്രിയിൽ കൂട്ടിനുണ്ടായിരുന്നു.
മാലദ്വീപിൽ നഴ്സാണ് സോണിയ. കോവിഡ് വ്യാപനത്തെ തുടർന്ന് നാവികസേന നടത്തിയ ഓപറേഷൻ സമുദ്രസേതുവാണ് സോണിയക്കും രക്ഷയായത്. രക്ഷാപ്രവർത്തനത്തിലെ ആദ്യകപ്പലായ ഐ.എൻ.എസ് ജലാശ്വ കപ്പലിൽ വന്നിറങ്ങിയ 698 പേരിൽ സോണിയ ഉൾെപ്പടെ 19 ഗർഭിണികളുണ്ടായിരുന്നു. കൊച്ചി തുറമുഖത്ത് എമിഗ്രേഷൻ നടപടികൾ പൂർത്തിയായി പുറത്തിറങ്ങുന്നതിനിടെ സോണിയക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടു.
കുഞ്ഞിന് അനക്കം കുറവാണെന്ന തോന്നലാണ് ആദ്യമുണ്ടായത്. തുടർന്ന് തൊട്ടടുത്തുള്ള മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കളമശ്ശേരിയിൽ കിൻഡർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 36ാം ആഴ്ചയായിരുന്നു പ്രസവമെന്നതിനാൽ കുഞ്ഞുങ്ങളുടെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇവരുടെ മാതാപിതാക്കളും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മംഗലാപുരത്ത് നഴ്സായിരുന്ന സോണിയയുടെ ഭർത്താവ് ഷിജോ രാജിവെച്ച്, ഐ.ഇ.എൽ.ടി.എസ് പരിശീലനത്തിലാണ്. സോണിയ നാട്ടിൽ തിരിച്ചെത്തിയതിലും കുഞ്ഞുപിറന്നതിലും ഒരുപാട് സന്തോഷമുണ്ടെന്ന് ഷിജോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
