
സി.പി.എം സെമിനാറിൽ പങ്കെടുക്കാൻ തരൂരിന് അനുമതി നിഷേധിച്ച് സോണിയ
text_fieldsതിരുവനന്തപുരം: സി.പി.എം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച സെമിനാറിൽ പങ്കെടുക്കുന്നതിൽനിന്ന് നേതാക്കളെ വിലക്കിയ കെ.പി.സി. സി തീരുമാനത്തിന് ഹൈകമാൻഡിന്റെ അംഗീകാരം. സിൽവർ ലൈനിനെതിരെ സമരം നടത്തുന്ന പശ്ചാത്തലത്തിലാണ് സി.പി.എം വേദിയിൽ പങ്കെടുത്ത് പ്രവർത്തകരുടെ ആവേശം തകർക്കരുതെന്ന് കെ.പി.സി.സി നിർദേശിച്ചത്. ഇത് അംഗീകരിക്കാൻ തയാറാകാതിരുന്ന ശശി തരൂർ എം.പി, പാർട്ടി അധ്യക്ഷയുമായി സംസാരിച്ച് തീരുമാനിക്കുമെന്ന നിലപാടിലായിരുന്നു. തരൂരിന് ഹൈകമാൻഡ് അനുമതി നിഷേധിച്ചതോടെ അത് കെ.പി.സി.സി നിലപാടിനുള്ള അംഗീകാരം കൂടിയായി.
വികസനകാര്യത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തോട് വിയോജിപ്പുള്ള തരൂർ, മുഖ്യമന്ത്രിയെ പലപ്പോഴും പരസ്യമായി പുകഴ്ത്തിയിട്ടുണ്ട്. പാർട്ടിയിൽ തഴയപ്പെടുന്നെന്ന പരിഭവമുള്ളയാളാണ് കെ.വി. തോമസ്. അതിനാൽ ഇരുവരെയും സി.പി.എം പരിപാടിയിലേക്ക് ക്ഷണിച്ചത് സദുദ്ദേശ്യത്തോടെയാണെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നില്ല. സിൽവർ ലൈൻ വിഷയത്തിൽ സർക്കാറിനെതിരെ സമരം നടത്തി ജനപിന്തുണ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതിനിടെ നേതാക്കൾ എതിർപക്ഷത്തിന്റെ വേദി പങ്കിടുന്നതിലെ അപകടം കെ.പി.സി.സി നേതൃത്വം മുന്നിൽകണ്ടിരുന്നു. തരൂരിന്റെയും നിലപാടുകൾ മാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് കെ.പി.സി.സി നിലപാടിനെ സോണിയപിന്തുണച്ചത്.
അതിനിടെ, സെമിനാറിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചത് വിവാദമായതിൽ ശശി തരൂരിന് അതൃപ്തി. സി.പി.എം സംസ്ഥാന സമ്മേളനത്തിലെ പരിപാടിക്കും ക്ഷണം ലഭിച്ചെന്നും എന്നാൽ പാർട്ടി അധ്യക്ഷയോട് ആലോചിച്ച് തീരുമാനമെടുത്തെന്നും തരൂർ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ കുറിച്ചു. ഇത്തവണയും ഈ രീതി അവലംബിക്കാമായിരുന്നു.
പരിഹാസവുമായി കോടിയേരി
കണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കണമെങ്കിൽ ആർ.എസ്.എസ് കേന്ദ്രത്തിൽനിന്ന് അനുമതി വേണമെന്ന പരിഹാസവുമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർ.എസ്.എസിന്റെ സമ്മതമില്ലാത്തതിനാലാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കോൺഗ്രസ് നേതാക്കൾ സെമിനാറിൽ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.
സെമിനാറിൽ കോൺഗ്രസ് നേതാക്കൾക്ക് സൗകര്യമുണ്ടെങ്കിൽ വന്നാൽ മതിയെന്നും ഇതിനായി ഹൈകമാൻഡിനെ സന്ദർശിക്കാനൊന്നും സി.പി.എമ്മില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിലേക്ക് ക്ഷണിച്ച കോൺഗ്രസ് നേതാക്കളായ ശശി തരൂരിനും കെ.വി. തോമസിനും കെ.പി.സി.സി വിലക്കിയ വിഷയത്തിൽ കണ്ണൂരിൽ പ്രതികരിക്കുകയായിരുന്നു കോടിയേരി.