Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭിയിച്ച സിനിമയിലെ...

അഭിയിച്ച സിനിമയിലെ ദൃശ്യങ്ങൾ പോൺസൈറ്റിൽ, പരാതി നൽകിയിട്ടും ഒരു നടപടിയുമില്ല, തളരില്ലെന്ന് സോന

text_fields
bookmark_border
അഭിയിച്ച സിനിമയിലെ ദൃശ്യങ്ങൾ പോൺസൈറ്റിൽ, പരാതി നൽകിയിട്ടും ഒരു നടപടിയുമില്ല, തളരില്ലെന്ന് സോന
cancel

കൊച്ചി: താൻ അഭിനയിച്ച മലയാള സിനിമയിലെ ദൃശ്യങ്ങൾ ചോര്‍ത്തി പോണ്‍സൈറ്റുകളിലുള്‍പ്പെടെ എത്തിച്ചവരെക്കുറിച്ച് പരാതി നൽകിയിട്ടും ഒരു നടപടിയും എടുത്തില്ലെന്ന് നടിയും വിദ്യാർഥിനിയുമായ സോന എം. എബ്രഹാം. ഇടവേള ബാബുവിനെ പോലുള്ളവരാണ് സിനിമക്ക് ചീത്തപ്പേരുണ്ടാക്കുന്നതെന്നും സ്ത്രീകള്‍ ഒരു കച്ചവട വസ്തുവാണെന്ന രീതിയില്‍ ധാരണ സൃഷ്ടിച്ചത് നിങ്ങളെപ്പോലുള്ളവരാണെന്നും വിഡിയോയിൽ സോന പറയുന്നു.

14ആം വയസിൽ അഭിനയിച്ച ഫോർ സെയിൽ എന്ന ചിത്രത്തിലെ ദൃശ്യങ്ങൾ ചോര്‍ത്തി പ്രചരിപ്പിച്ചവര്‍ക്കെതിരെ ഡി.ജി.പി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും അഞ്ച് വര്‍ഷമായിട്ടും നടപടിയില്ല. സിനിമയുടെ നിർമാതാവ്, സംവിധായകകൻ, എഡിറ്റർക്കും മാത്രം ലഭ്യമായ രംഗം എങ്ങനെ പോൺസൈറ്റിലെത്തി എന്ന് അന്വേഷിക്കാൻ പോലും പൊലീസ് തയാറായില്ല. 14ാം വയസ്സിൽ അഭിനയിച്ച ആ സിനിമ അങ്ങേയറ്റം സ്ത്രീവിരുദ്ധമായിരുന്നു എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. സിനിമയിലെ സ്ത്രീകൂട്ടായ്മയായ ഡബ്ല്യു.സി.സിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 'റെഫ്യൂസ് ദ അബ്യൂസ്' എന്ന കാമ്പെയിന്‍റെ ഭാഗമായാണ് സോനയുടെ വെളിപ്പെടുത്തല്‍.

മുകേഷ്, കാതൽ സന്ധ്യ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായ ഫോർ സെയിൽ എന്ന ചിത്രം സംവിധാനം ചെയ്തത് സതീഷ് അനന്തപുരിയാണ്. ചിത്രത്തിന്റെ നിർമാതാവ് ആന്‍റോ കടവേലി. സ്വന്തം സഹോദരി നശിപ്പിക്കപ്പെടുന്നത് കണ്ട് മനംനൊന്ത് ആത്മഹത്യ ചെയ്ത കഥാപാത്രമായാണ് കാതല്‍ സന്ധ്യ അഭിനയിച്ചത്. നിര്‍ഭാഗ്യവശാല്‍ ആ ചിത്രത്തിലെ അനിയത്തി താനായിരുന്നു. ഈ ദൃശ്യങ്ങൾ സംവിധായകന്റെ കലൂരുളള ഓഫിസിലാണ് ഷൂട്ട് ചെയ്തത്. അന്ന് പത്താംക്ലാസിലായിരുന്നു. പിന്നീട് പ്ലസ് വണിൽ പഠിക്കുന്ന സമയത്താണ് യു ട്യൂബിലും നിരവധി പോൺ സൈറ്റുകളിലും പല വിധ പേരിൽ, പല തലക്കെട്ടിൽ ദൃശ്യങ്ങള്‍ പ്രചരിച്ചത്. ഇതോടെ ബന്ധുക്കളും സുഹൃത്തുക്കളും അധ്യാപകരും അടക്കം സംശയത്തോടെ കാണാന്‍ തുടങ്ങി. സംവിധായകനും നിര്‍മാതാവിനും ചിത്രത്തിന്റെ എഡിറ്റർക്കും മാത്രം ലഭ്യമായിരുന്ന സിനിമയിലെ രം​ഗങ്ങൾ എങ്ങനെയാണ് പോൺ സൈറ്റുകളിൽ എത്തിയതെന്ന് കണ്ടുപിടിക്കാന്‍ പോലും പൊലീസ് ശ്രമിച്ചില്ല.

ഇക്കാലമത്രയും നേരിട്ട സൈബര്‍ അധിക്ഷേപങ്ങളെക്കുറിച്ചും സോന വിശദീകരിക്കുന്നു. ഇത്രയും കാലം ഉണ്ടായ അധിക്ഷേപങ്ങൾ വേദനയോടെയാണ് സഹിച്ചത്. ബന്ധുക്കളും അധ്യാപകരും തനിക്കെന്തോ കുഴപ്പമുണ്ട് എന്ന മട്ടിലാണ് പെരുമാറുന്നത്. ആത്മഹത്യ ചെയ്യില്ലെന്നും തളരില്ലെന്നും അധിക്ഷേപങ്ങള്‍ക്കെതിരെ പോരാടുന്ന എല്ലാ സഹോദരിമാര്‍ക്കും ഒപ്പമുണ്ടെന്ന് പറഞ്ഞാണ് സോന വിഡിയോ അവസാനിപ്പിച്ചത്.

സോനയുടെ വാക്കുകള്‍

എന്‍റെ പേര് സോന. ഞാന്‍ അഞ്ചാം വര്‍ഷ നിയമ വിദ്യാര്‍ഥിനിയാണ്. ഞാനിന്ന് എന്‍റെ ലൈഫിലെ ഏറ്റവും വ്യക്തിപരമായിട്ടുള്ള, എന്റെ മാതാപിതാക്കളുടെ മുമ്പിലോ, സുഹൃത്തുക്കളുടെയടുത്തോ അധികം ചര്‍ച്ച ചെയ്യാത്ത ഒരു കാര്യം എല്ലാവരോടും പറയാനാണ് വന്നിരിക്കുന്നത്. എനിക്ക് 14 വയസുളളപ്പോള്‍, അതായത് പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു സിനിമയില്‍ അഭിനയിച്ചു. അതിന്റെ പേര് ഫോര്‍ സെയില്‍ എന്നായിരുന്നു. അതിന്‍റെ സംവിധായകന്‍റെ പേര് സതീശന്‍ അനന്തപുരി, നിര്‍മ്മാതാവിന്‍റെ പേര് ആന്‍റോ കടവില്‍.

ആ സിനിമയുടെ പ്രമേയം എന്തായിരുന്നു എന്ന് ഇന്ന് ആലോചിക്കുമ്പോള്‍, അങ്ങനെയൊരു സിനിമയില്‍ അഭിനയിച്ചു എന്നത് ഇന്ന് എന്നെ ഭീതിപ്പെടുത്തുന്ന ഒന്നാണ്. കാരണം അത്രയും സ്ത്രീ വിരുദ്ധത നിറഞ്ഞതും സ്ത്രീ വിരുദ്ധ പ്രമേയത്തെ മഹത്വവത്കരിക്കുന്നതുമായ ഒരു സിനിമയാണ് ഫോര്‍ സെയില്‍. സ്വന്തം സഹോദരി നശിപ്പിക്കപ്പെടുന്നത് കണ്ട് മനംനൊന്ത് ആത്മഹത്യ ചെയ്ത ഹീറോയിന്‍ കഥാപാത്രത്തെയാണ് അതില്‍ കാതല്‍ സന്ധ്യ എന്ന നടി അഭിനയിച്ചത്. നിര്‍ഭാഗ്യവശാല്‍ അതിലെ അനിയത്തി ഞാനായിരുന്നു. സ്വന്തം ജീവിതത്തില്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയില്‍ എത്തിപ്പെട്ടതും ഞാനാണ്. പക്ഷേ ഞാന്‍ ആത്മഹത്യ ചെയ്തിട്ടില്ല. ഇപ്പോഴും ജീവനോടെ ഉണ്ട്. അതിന്റെ തെളിവാണ് ഞാനിന്ന് സംസാരിക്കുന്നത്. ചിത്രത്തില്‍ അങ്ങനെയൊരു സംഭവം ഉളളതിനാല്‍, വീഡിയോ ഷൂട്ട് ചെയ്യണമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അന്ന് എനിക്ക് 14 വയസാണ്. ഇങ്ങനെയൊരു 150 പേരോളം ഉള്ള സെറ്റില്‍ വെച്ച് ഷൂട്ട് ചെയ്യാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. കാരണം ഞാന്‍ ചെറിയ കുട്ടിയാണ്.

അങ്ങനെ പിന്നീട് ആ സീന്‍ ഷൂട്ട് ചെയ്തത് ഡയറക്ടറുടെ കലൂരുളള ഓഫീസില്‍ വെച്ചാണ്. എന്റെ മാതാപിതാക്കളും കുറച്ച് അണിയറ പ്രവര്‍ത്തകരുമാണ് ഷൂട്ടിന് ഉണ്ടായിരുന്നത്. സിനിമ ഷൂട്ടിങ് തീര്‍ന്നു. ഞാനെന്റെ പരീക്ഷയും മറ്റ് തിരക്കുകളിലേക്കും മടങ്ങി. പിന്നീട് പ്ലസ് വണില്‍ പഠിക്കുമ്പോള്‍ ആ സിനിമയ്ക്ക് വേണ്ടി എടുത്ത ദൃശ്യങ്ങള്‍ യു ട്യൂബിലും നിരവധി പോണ്‍ സൈറ്റുകളിലും പല പേരുകളില്‍ പലവിധ തലക്കെട്ടോടെ പ്രചരിക്കാന്‍ തുടങ്ങി. അങ്ങനെ അത് ദുരുപയോഗം ചെയ്യപ്പെട്ടതോടെ ലോവര്‍ മിഡില്‍ ക്ലാസ് ഫാമിലിയില്‍പ്പെട്ട എന്റെ കുടുംബത്തിന് ഏറ്റ ആഘാതം മനസിലാകുമല്ലോ. അതോട് കൂടി സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അധ്യാപകര്‍ അടക്കം പലരും സംശയത്തിന്റെ കണ്ണുകളോടെയാണ് നോക്കുന്നത്. അതുകൊണ്ട് തന്നെ സിനിമ എന്ന് വാക്ക് കേള്‍ക്കുമ്പോള്‍ എന്റെ വീട്ടുകാര്‍ക്ക് ഇപ്പോള്‍ പേടിയാണ്. കാരണം ഇത്രയും നാളും സമൂഹത്തില്‍ നിന്ന് പലവിധത്തില്‍ കുത്തുവാക്കുകള്‍ കേട്ടു. നീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ, എന്തിനാണിങ്ങനെ ജീവിക്കുന്നത്.. അല്ലെങ്കില്‍ എനിക്കെന്തോ കുറവുണ്ടെന്ന തരത്തിലാണ് ആളുകള്‍ എന്നെ നോക്കുന്നത്. എനിക്ക് ഒന്നും നഷ്ടപ്പെട്ടു എന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങള്‍ക്കാണ് ദുഖം. നഷ്ടപ്പെട്ടിട്ടില്ലാത്ത എന്തോ നഷ്ടപ്പെട്ടു എന്ന് ബോധ്യപ്പെടുത്താനാണ് കുടുംബക്കാര്‍ പോലും ശ്രമിച്ചത്.

ആ വീഡിയോ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ നിന്നും നീക്കം ചെയ്യാന്‍ വേണ്ടി എനിക്ക് സമീപിക്കാന്‍ പറ്റുന്ന എല്ലാ നിയമ സംവിധാനങ്ങളെയും സമീപിച്ചു. പക്ഷേ ഇന്നുവരെ അതിനോട് പോസിറ്റീവ് പ്രതികരണം കിട്ടിയിട്ടില്ല. വിജയ് പി നായരുടെ വിഷയത്തില്‍ സ്ത്രീകളോട് സമൂഹം എങ്ങനെ പ്രതികരിക്കുന്നു എന്ന് കണ്ട് ഭയപ്പെട്ടിട്ട് ഉറക്കം വരാത്ത വ്യക്തിയാണ് ഞാന്‍. സൈബര്‍ സെല്‍, എഡിജിപി, ഡിജിപിയുടെ അടുത്ത് വരെ പരാതി കൊടുത്തിട്ടുണ്ട്. പക്ഷേ ഇതുവരെ നടപടി എടുത്തിട്ടില്ല. നിര്‍മാതാവിനും സംവിധായകനും എഡിറ്റര്‍ക്കും മാത്രം ലഭ്യമായിരുന്ന വീഡിയോ എങ്ങനെ പബ്ലിക് പ്ലാറ്റ്ഫോമില്‍ ലീക്കായി എന്ന ചോദ്യത്തിന് പോലും ഉത്തരം നല്‍കാന്‍ അവര്‍ക്ക് ആയിട്ടില്ല. ഹൈകോടതിയില്‍ ഇപ്പോഴും ഒരു ഹര്‍ജി നിലനില്‍ക്കുന്നുണ്ട്.

എല്ലാ അധിക്ഷേപങ്ങളും നേരിട്ട് ഞാന്‍ ജീവിക്കുകയാണ്. ഓണ്‍ലൈനിരുന്ന് തെറിവിളിക്കുന്നവര്‍ മാനസിക വൈകല്യമുള്ളവരാണ്. അത് അവരുടെ ജന്മ അവകാശമായി കണക്കാക്കുകയാണ്. അവരാണ് സമൂഹത്തിന്റെ കാവല്‍ ഭടന്‍മാരെന്നാണ് കരുതുന്നത്. സ്ത്രീകളെ നികൃഷ്ട ജന്‍മങ്ങളായാണ് അവര്‍ കാണുന്നത്. അവര്‍ക്ക് നഷ്ടപ്പെടാത്ത എന്തോ നമുക്ക് കൂടുതലായിട്ടുണ്ട് എന്ന നിലയ്ക്കാണ് അവരുടെ പ്രതികരണം.

സിനിമ എന്നത് മഹത്തായ കലയാണ്. ജനങ്ങളുടെ ബഹുമാനം ആര്‍ജിക്കേണ്ട കലയാണ്. അത് ഇല്ലാതാക്കിയത് ആരാണ്? അമ്മയില്‍ നിന്ന് രാജിവെച്ച പാര്‍വതിയോട് വളരെ ബഹുമാനമുണ്ട്. ഇടവേള ബാബുവിനെ പോലുള്ളവരാണ് സിനിമക്ക് ചീത്തപ്പേരുണ്ടാക്കുന്നത്. സ്ത്രീകള്‍ ഒരു കച്ചവട വസ്തുവാണെന്ന രീതിയില്‍ ധാരണ സൃഷ്ടിച്ചത് നിങ്ങളെപ്പോലുള്ളവരാണ്. സിനിമയിലെ പുരുഷമേധാവിത്വമാണ് സിനിമക്ക് ചീത്തപ്പേരുണ്ടാക്കിയത്.

ആറേഴ് വര്‍ഷായി ഓണ്‍ലൈന്‍ അധിക്ഷേപം നേരിടുന്ന ഒരാളാണ് ഞാന്‍. നിങ്ങളെ എനിക്ക് പേടിയില്ലെന്നാണ് പറയാനുള്ളത്. അത് എന്നെ എത്രമാത്രം ദുര്‍ബലയാക്കിയോ അത്രമാത്രം ശക്തയുമാക്കി. വ്യക്തി എന്ന നിലയില്‍ അതൊക്കെ എന്നെ വളര്‍ത്തി. അതിന്റെ ഡിപ്രഷനില്‍ നിന്ന് പൂര്‍ണമായും മോചിതയായിട്ടില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് എനിക്കറിയാം. എല്ലാവരും ഇതിലൂടെ കടന്നുപോകുന്നു. ഇതൊന്നുമല്ലാതെ ഒരു ഫോട്ടോ ഇട്ടാല്‍ പോലും ജഡ്ജ് ചെയ്ത് 10 കമന്‍റിടുന്ന എല്ലാവരോടും പറയാനുള്ളത് നിങ്ങളെ ഞങ്ങള്‍ക്ക് പേടിയില്ല എന്നാണ്. അധിക്ഷേപങ്ങള്‍ക്കെതിരെ പോരാടുന്ന എല്ലാ സഹോദരിമാര്‍ക്കും ഒപ്പമുണ്ട്. ഇതൊരു തരത്തില്‍ സെല്‍ഫ് മോട്ടിവേഷനാണ് ഞാന്‍ ചെയ്യുന്നത്. എനിക്ക് ധൈര്യമില്ലായിരുന്നു ഇത്രയും കാലം പറയാന്‍. പറയാനുള്ളത് റഫ്യൂസ് ദ അബ്യൂസ്.. നന്ദി..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:refuse the abusesona k abrahamvideo in pornsite
Next Story