മകൻ യു.ഡി.എഫിനായി പ്രവർത്തിച്ചു; മാതാവിനെ ബാങ്ക് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
text_fieldsതൊടുപുഴ: 16 വയസുള്ള മകൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിച്ചതിന് പിന്നാലെ മാതാവിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായി പരാതി. സി.പി.എം ഭരിക്കുന്ന കാരിക്കോട് സഹകരണ ബാങ്കിലെ താൽക്കാലിക സ്വീപ്പറായ നിസ ഷിയാസിനെയാണ് (42) പിരിച്ചുവിട്ടത്.
സി.പി.എം പ്രവർത്തകനും ചുമട്ടുതൊഴിലാളിയുമായിരുന്ന ഭർത്താവ് ഷിയാസിന്റെ മരണത്തെ തുടർന്നാണ് നിസക്ക് ബാങ്കിൽ ജോലി ലഭിച്ചത്. ആറ് വർഷമായി ജോലിയിൽ തുടരുകയാണ്. ശമ്പളവും പുതുവർഷ ബോണസായി 1000 രൂപയും കൂടി നൽകിയ ശേഷമാണ് പിരിച്ചുവിട്ടതെന്നാണ് നിസയുടെ ആരോപണം. തൊടുപുഴ നഗരസഭയിലെ 21-ാം വാർഡായ കീരികോടിലെ കോൺഗ്രസ് സ്ഥാനാർഥിയായ വിഷ്ണു കോട്ടപ്പുറത്തിനായാണ് മകൻ പ്രചാരണം നടത്തിയത്. സൗഹൃദത്തിന്‍റെ പേരിലായതിനാൽ വിലക്കിയില്ലെന്നും നിസ പറഞ്ഞു.
എൽ.ഡി.എഫ് സ്വാധീന മേഖലയായ വാർഡിൽ 319 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിഷ്ണു വിജയിച്ചു. ഇതിന് പിന്നാലെ നിസയെ ജോലിയിൽ തുടരാൻ അനുവദിച്ചാൽ പാർട്ടി വിടുമെന്ന തരത്തിൽ സമൂഹമാധ്യമത്തിലുടെ ചിലർ രംഗത്തെത്തുകയായിരുന്നു. ബാങ്കിൽ ജോലി നൽകിയ നേതാക്കളെ വിഷയവുമായി ബന്ധപ്പെട്ട് കണ്ടെങ്കിലും അവരും അനുകൂല നടപടി സ്വീകരിച്ചില്ലെന്നും ഇവർ പറഞ്ഞു.
അതേസമയം കൃത്യസമയത്ത് ജോലിക്കെത്താതിരുന്നതിനെ തുടർന്നാണ് നിസയെ പിരിച്ചുവിട്ടതെന്ന് കാരിക്കോട് സഹകരണ ബാങ്ക് അധികൃതർ പറഞ്ഞു. അവർക്ക് ഒരു വരുമാന മാർഗം കണ്ടെത്തി നൽകുമെന്ന് യു.ഡി.എഫ് നേതൃത്വം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

