മാതാവ് മരിച്ച കേസിൽ മകന് പത്ത് വർഷം കഠിനതടവും ലക്ഷം രൂപ പിഴയും
text_fieldsമഞ്ചേരി: മാനസികാസ്വാസ്ഥ്യമുള്ള മാതാവ് മരിച്ച കേസിൽ മകന് പത്ത് വർഷം കഠിനതടവും ലക്ഷം രൂപ പിഴയും. എടക്കര പോത്തുകല്‍ ഉദിരകുളം പെരിങ്ങനത്ത് പ്രജിത്ത് കുമാറിനാണ് (24) ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ടി.പി. സുരേഷ് ബാബു ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം തടവ് അനുഭവിക്കണം.
എടക്കര പോത്തുകല്‍ ഉദിരകുളം പെരിങ്ങനത്ത് രാധാമണിയാണ് (47) മരിച്ചത്. 2017 ഏപ്രിൽ ഒമ്പതിന് ഉച്ചക്ക് രണ്ടിനാണ് കേസിനാസ്പദമായ സംഭവം. മാതാവിനെ തള്ളിയിട്ടതോടെ ചുമരിൽ തലയിടിച്ച് പരിക്കേറ്റതാണ് മരണത്തിനിടയാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കൊലപാതകം, ലൈംഗികാതിക്രമം, തെളിവ് നശിപ്പിക്കൽ എന്നിവ ചുമത്തി കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.
മനഃപൂർവമല്ലാത്ത നരഹത്യക്കാണ് (ഇന്ത്യൻ ശിക്ഷ നിയമം -304) ശിക്ഷ വിധിച്ചത്. പ്രതിയുടെ പ്രായവും കുടുംബപശ്ചാത്തലവും പരിഗണിച്ചാണ് ശിക്ഷയിൽ ഇളവ് നൽകിയത്. കേസിൽ 37 സാക്ഷികളെ വിസ്തരിച്ചു. 28 രേഖകളും ആറുതൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സി. വാസു ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

