പത്താം ക്ലാസിൽ മകന് മികച്ച വിജയം, പ്ലസ് വൺ പ്രവേശനത്തിനായി പിതാവിന് പരോൾ; നല്ല ഭാവിക്കായി സർവശക്തൻ അനുഗ്രഹിക്കട്ടെയെന്ന് ഹൈകോടതി
text_fieldsകൊച്ചി: പത്താം ക്ലാസിൽ മികച്ച വിജയം നേടിയ മകന്‍റെ പ്ലസ് വൺ പ്രവേശനത്തിന് ജീവപര്യന്തം തടവിൽ കഴിയുന്ന പിതാവിന് ഹൈകോടതി പരോൾ അനുവദിച്ചു. മലപ്പുറം തവനൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പാലക്കാട് സ്വദേശിക്കാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ജൂൺ 12 മുതൽ 18 വരെ ഏഴുദിവസത്തെ പരോൾ അനുവദിച്ചത്. ആറ് എ പ്ലസും രണ്ട് എ യും നേടി പാസായ കുട്ടിയുടെ മാർക്ക് ലിസ്റ്റ് കൂടി പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്.
പിതാവിനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശിയെ ജീവപര്യന്തത്തിന് ശിക്ഷിച്ചത്. പരോൾ അനുവദിക്കണമെന്ന അപേക്ഷ ജയിൽ അധികൃതർ തള്ളിയതിനെ തുടർന്നാണ് ഇയാളുടെ ഭാര്യ ഹൈകോടതിയെ സമീപിച്ചത്. മിടുക്കനായ കുട്ടി തന്‍റെ തുടർപഠനത്തിന് പ്രവേശനം നേടാൻ പിതാവിന്‍റെ സാന്നിധ്യവും അനുഗ്രഹവും ആഗ്രഹിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് വിധിന്യായത്തിൽ പറഞ്ഞു.
മകന് മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്നത് തടവുകാരന്‍റെയും അവകാശമാണ്. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി പ്ലസ്ടു പഠനത്തിന് മകൻ പോകട്ടെയെന്നും നല്ല ഭാവിക്കായി സർവശക്തൻ അനുഗ്രഹിക്കട്ടെയെന്നും കോടതി ആശംസിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.