മദ്യലഹരിയില്‍ അമ്മയെ ക്രൂരമായി മർദിച്ച സൈനികന്‍ റിമാന്‍ഡില്‍; വധശ്രമത്തിന് കേസ്
text_fieldsആലപ്പുഴ: മദ്യലഹരിയില്‍ മാതാവിനെ ക്രൂരമായി ആക്രമിച്ചതിന് അറസ്റ്റിലായ സൈനികന്‍ റിമാന്‍ഡില്‍. ബെംഗളൂരുവില്‍ ട്രേഡ്‌സ്മാനായി ജോലിചെയ്യുന്ന മുട്ടം ആലക്കോട്ടില്‍ സുബോധിനെയാണ് (37) ഹരിപ്പാട് ജുഡീഷ്യന്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. വധശ്രമത്തിനാണ് പ്രതിക്കെതിരെ കേസെടുത്തതെന്ന് കരീലക്കുളങ്ങര എസ്.ഐ. എ. ഷഫീക്ക് പറഞ്ഞു.
കേസിെൻറ എഫ്.ഐ.ആര്‍. റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ സൈന്യത്തിനു കൈമാറുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഇൻറലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച്ച കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിലെത്തി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു.
70കാരിയായ ശാരദയെയാണ് മകൻ സുബോധ് അതിക്രൂരമായി മർദിച്ചത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അവധിക്ക് നാട്ടിലെത്തിയതായിരുന്നു സുബോധ്. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് വീട്ടിലെത്തിയ അയാൾ അമ്മയുടെ വളയും മാലയും ഊരിയെടുക്കാൻ ശ്രമിച്ചിരുന്നു. ഇത് തടഞ്ഞതാണ് മർദനത്തിന് കാരണം. അമ്മയെ സുബോധ് മർദിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇയാളുടെ സഹോദരനാണ് ദൃശ്യങ്ങൾ പകർത്തിയത്.