മകന്‍റെ മർദനമേറ്റ പിതാവിനെ അഗതിമന്ദിരത്തിലാക്കി
text_fieldsതിരുവല്ല: മദ്യപിച്ചെത്തിയ മകന്‍റെ ക്രൂര മർദനത്തിനിരയായ പിതാവിനെ പൊലീസും പൊതുപ്രവർത്തകരും ചേർന്ന് അഗതിമന്ദിരത്തിലാക്കി. കഴിഞ്ഞ ദിവസം മകൻ അനിലിന്‍റെ ക്രൂര മർദ്ദനത്തിനിരയായ കവിയൂർ കണിയാമ്പാറ പനങ്ങാടിയിൽ കൊടഞ്ഞൂർ വീട്ടിൽ എബ്രാഹം ജോസഫ് (അനിയൻ -57)നെയാണ് വ്യാഴാഴ്ച ഉച്ചയോടെ അടൂർ മഹാത്മാ ജനസേവാ കേന്ദ്രത്തിലാക്കിയത്.
കഞ്ചാവ് വിൽപനയും അടിപിടിയും അടക്കം നിരവധി കേസുകളിൽ പ്രതിയാണ് അനിൽ. എബ്രഹാമും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഭാര്യ മകൾക്കൊപ്പമാണ് കഴിയുന്നത്. അനിൽ മദ്യപിച്ചെത്തി പതിവായി എബ്രഹാമിനെ മർദിക്കാറുണ്ടായിരുന്നുവെന്ന് പരിസരവാസികൾ പൊലീസിന് വിവരം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച ഉച്ചയോടെ തിരുവല്ല സി.ഐ സി.എസ്. വിനോദിന്‍റെയും പൊതുപ്രവർത്തകരുടെയും നേതൃത്വത്തിൽ എബ്രഹാമിനെ ജനസേവാ കേന്ദ്രത്തിലേക്ക് മാറ്റിയത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അനിൽ എബ്രഹാമിനെ ക്രൂരമായി മർദ്ദിച്ചത്. എബ്രഹാം ബന്ധുവീട്ടിൽ പോകുന്നത് ചോദ്യം ചെയ്തായിരുന്നു മർദനം. ദൃക്സാക്ഷികൾ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. തുടർന്നാണ് തിരുവല്ല പൊലീസ് സ്വമേധയാ കേസെടുത്തത്.
പൊലീസ് എത്തുന്നതറിഞ്ഞ് ഒളിവിൽ പോയ അനിലിന് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയതായി തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
