കിടപ്പുരോഗിയായ പിതാവിനെ വാടകവീട്ടിൽ ഉപേക്ഷിച്ച മകൻ അറസ്റ്റിൽ
text_fieldsതൃപ്പൂണിത്തുറ: കിടപ്പുരോഗിയായ പിതാവിനെ വാടകവീട്ടിൽ ഉപേക്ഷിച്ച് കടന്ന മകൻ അറസ്റ്റിൽ. വെണ്ണല തിരുവാതിരയിൽ സുനിലിന്റെ ഉടമസ്ഥതയിലുള്ള എരൂർ വടക്കേ വൈമീതിയിലെ വാടകവീട്ടിൽ താമസിച്ചിരുന്ന വൈറ്റില പൊന്നുരുന്നി ജെ.ജെ റോഡിൽ കൂട്ടക്കല്ലിൽ വീട്ടിൽ അജിത്തിനെയാണ് (38)ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ കുറ്റകരമായ നരഹത്യ ശ്രമത്തിനും സീനിയർ സിറ്റിസൺ വെൽഫെയർ ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥയായ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷൻ എസ്.ഐ വി.ആർ. രേഷ്മ പറഞ്ഞു.
കഴിഞ്ഞ 10ന് വൈകീട്ട് ഒരുവശം തളർന്ന് കിടപ്പിലായ പിതാവ് ഷൺമുഖനെ വാടകവീട്ടിൽ ഉപേക്ഷിച്ച് അജിത്തും കുടുംബവും വീട്ടുസാധനങ്ങളുമായി കടന്നുകളയുകയായിരുന്നു. ഒരുപകൽ മുഴുവൻ പരസഹായമില്ലാതെ കിടന്ന ഷൺമുഖന് പിന്നീട് നാട്ടുകാർ ഭക്ഷണവും മറ്റും സഹായങ്ങളും നൽകുകയായിരുന്നു. 11ന് രാവിലെ പാലിയേറ്റിവ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഷൺമുഖനെ താലൂക്ക് ആശുപത്രിയിലെത്തിക്കുകയും പിന്നീട് പെൺമക്കളും ഷൺമുഖന്റെ സഹോദരനുമെത്തി കോതമംഗലത്തെ സഹോദരന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
സംഭവദിവസം കർണാടകയിലായിരുന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറായ മകൻ അജിത്ത് ചൊവ്വാഴ്ച എറണാകുളത്തെത്തി. ബുധനാഴ്ച ഹിൽപാലസ് പൊലീസ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പിതാവിനെ ആര് നോക്കുമെന്ന് തീരുമാനമാകുമെന്നറിയാനാണ് ഉപേക്ഷിച്ച് കടന്നതെന്നാണ് അജിത്ത് പറഞ്ഞത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.എച്ച്.ഒ ആനന്ദ് ബാബു, എസ്.ഐമാരായ വി.ആർ. രേഷ്മ, ടോൾസൻ ജോസഫ്, എസ്.സി.പി.ഒ ദിപിൻദാസ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

