പറവൂരിന് പറയാനൊരാൾ
text_fieldsപറവൂർ മണ്ഡലത്തിലെ ഏഴിക്കരയിൽ പ്രചാരണത്തിനിടെ സാംബശിവനെ വാഹനത്തിൽനിന്നിറങ്ങി
കെട്ടിപ്പിടിച്ച് സന്തോഷം
പ്രകടിപ്പിക്കുന്ന സ്ഥാനാർഥി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആശുപത്രി
ഐ.സി.യുവിൽനിന്നെത്തിയാണ് ഇദ്ദേഹം വോട്ട് രേഖപ്പെടുത്തിയത് zരതീഷ് ഭാസ്കർ
കൊച്ചി: സൂര്യ വെളിച്ചം പരന്നുതുടങ്ങിയതേയുള്ളൂ. പറവൂർ പെരുമ്പടന്ന ജങ്ഷനിൽനിന്ന് അൽപം മുന്നോട്ടുപോയി ഗേറ്റ് വേ ഒാഫ് ചെറായി എന്നറിയപ്പെടുന്ന മേഖലയിൽ കാത്തുനിൽക്കുന്ന യു.ഡി.എഫ് പ്രവർത്തകർക്കിടയിലേക്ക് സ്വതസിദ്ധമായ നിറചിരിയോടെ കേരളത്തിെൻറ പ്രതിപക്ഷ നേതാവും പറവൂരിന്റെ സ്വന്തം എം.എൽ.എയുമായ യു.ഡി.എഫ് സ്ഥാനാർഥി വി.ഡി. സതീശനെത്തി. ഏഴിക്കര മണ്ഡലത്തിലൂടെയായിരുന്നു തിങ്കളാഴ്ച ഇദ്ദേഹത്തിന്റെ പര്യടനം. മണ്ഡലം കമ്മിറ്റി ചെയർമാൻ കെ.എസ്. ബിനോയിയുടെയും കൺവീനർ എം.എ. നസീറിന്റെയും ഏഴിക്കര പഞ്ചായത്ത് പ്രസിഡൻറ് സീന സജീവിെൻറയും നേതൃത്വത്തിൽ ഹാർദമായ സ്വീകരണത്തോടെ തുടക്കം. ഇവിടെ നിന്ന് തുറന്ന വാഹനത്തിലൂടെ കായലിനാൽ ചുറ്റിയ പ്രകൃതിരമണീയമായ കല്ലുചിറയിലൂടെ മുന്നേറി. വീടുകൾ ഉണർന്നു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഏറെക്കാലം എൽ.ഡി.എഫ് മാത്രം ഭരിച്ചുകൊണ്ടിരുന്ന ഏഴിക്കര പഞ്ചായത്തിെന യു.ഡി.എഫ് കൈപ്പിടിയിലൊതുക്കിയതിനെ കുറിച്ച് സംസാരിക്കുന്നതിനിടെ റോഡരികിലും വീട്ടുമുറ്റത്തുമായി കാത്തുനിന്ന അമ്മമാരെയും കുരുന്നുകളെയും ഹൃദ്യമായി അഭിവാദ്യം ചെയ്ത് സ്ഥാനാർഥി മുന്നോട്ട്. കുട്ടികൾക്ക് ഹൈഫൈയും തംപ്സ് അപ് ചിഹ്നവും നൽകി അഭിവാദ്യം, മുതിർന്നവർക്കുനേരെ കൈകൂപ്പിയും കൈവീശിയും സ്നേഹ പ്രകടനം. ആലുങ്കൽ അമ്പലവും മണ്ണുചിറയും ഇല്ലത്തുകോളനിയുമായിരുന്നു അടുത്ത സ്വീകരണ കേന്ദ്രങ്ങൾ.
സ്നേഹം പകർന്ന് നാട്ടുകാർ....
ഏഴിക്കര പഞ്ചായത്ത് ഓഫിസിനു മുന്നിലെ സ്വീകരണവേദിയിൽ ആവേശം അണപൊട്ടി. പര്യടനത്തിൽ ആളുകൂടി വരികയായിരുന്നു. അനൗൺസ്െമൻറ് വാഹനത്തിന്റെ ശബ്ദം കേട്ടതോടെ പലരും റോഡിലേക്ക് ഓടിയെത്തി. അറിയുന്നവരുടെയെല്ലാം പേരെടുത്ത് വിളിക്കുന്നുണ്ട് സ്ഥാനാർഥി. ഇവിടങ്ങളിലുള്ളവരെയെല്ലാം തനിക്ക് നല്ലോണം അറിയാമെന്ന് സാക്ഷ്യപ്പെടുത്തൽ. ഇടക്കിടെ ബൊക്കെയും ഷാളുമെല്ലാമായി വഴിയരികിൽ കാത്തു നിൽക്കുന്ന കുരുന്നുകളുടെയും പ്രായമായവരുടെയും സ്നേഹാലിംഗനങ്ങൾ ഏറ്റുവാങ്ങി. പാതയോരങ്ങളിൽ 'വീഡീ..' എന്ന ഉച്ചത്തിലുള്ള വിളികൾ മാത്രം. നിരവധി കുടുംബങ്ങൾ താമസിക്കുന്ന കടക്കരയിലേക്ക് നീങ്ങിയപ്പോൾ ഇങ്ങോട്ടേക്കുള്ള ആമ്പത്തോട് പാലത്തിന്റെ നിർമാണത്തെ കുറിച്ചും പ്രവർത്തകരോട് സംസാരിച്ചു. വഴിയരികിൽ കാത്തുനിന്ന ഒന്നാംക്ലാസുകാരനായ ദർശക് വിളിച്ചുപറഞ്ഞു'പാലം വേഗം ശരിയാക്കണേ'. തീർച്ചയായും വേഗം ശരിയാവുംട്ടോ എന്ന് മറുപടി. അഞ്ചുമിനിറ്റിൽ മേഖല ചുറ്റി തിരിച്ചുവന്നപ്പോഴേക്ക് ആ കുരുന്ന് വെള്ളകടലാസിൽ വിജയാശംസകൾ നേർന്നുകൊണ്ടുള്ള ആശംസാകാർഡ് തയ്യാറാക്കി കൈമാറി. ഇതിനിടെ മുഖ്യമന്ത്രിയായിട്ടേ തിരിച്ചുവരാവൂ എന്ന ഒരു നാട്ടുകാരന്റെ വാക്കുകൾക്ക് നിറചിരിയാലെ പ്രതികരണം.
'ഇവിടത്തുകാരാണ് കരുത്തും ഊർജവും'
ഓരോതവണയും കൂടുതൽ കൂടുതൽ ഭൂരിപക്ഷം നൽകിക്കൊണ്ട് ഇന്നാട്ടുകാർ തന്നെ ഞെട്ടിക്കുകയാണെന്നും പൊതുജീവിതത്തിലെ മുന്നോട്ടുപോക്കിനുള്ള കരുത്തും ഊർജവും പകരുന്നത് നാട്ടുകാരാണെന്നും പര്യടനത്തിനിടെ സതീശൻ ‘മാധ്യമ’ത്തോട് പറഞ്ഞു. 100ലേറെ സീറ്റുകളിൽ ജയിക്കുമെന്നും കൂട്ടിച്ചേർത്തു. പറവൂരിനെയും കൊച്ചിയെയും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ഇന്നാടിന്റെ വലിയ സ്വപ്നമായ ചാത്തനാട് പാലത്തിലൂടെ റോഡ് ഷോ മുന്നേറി ഇക്കരെ വൈപ്പിൻ മണ്ഡലത്തിന്റെ ഭാഗമായ കടമക്കുടി തൊട്ട് തിരിച്ചുമടക്കം. പാലം യാഥാർഥ്യമാക്കിയിട്ടും ഉദ്ഘാടനം ചെയ്യാനാവാത്തതിന്റെ വിഷമതയും സ്ഥാനാർഥി പങ്കുവെച്ചു. തിരിച്ചുമടങ്ങുമ്പോൾ കാഴ്ചപരിമിതിയുള്ള സാംബശിവൻ എന്നയാൾക്കരികിൽ നിർത്തി സ്നേഹാന്വേഷണം. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശസ്ത്രക്രിയ കഴിഞ്ഞയുടൻ ആംബുലൻസിലെത്തി വോട്ടു ചെയ്ത കാര്യവും അദ്ദേഹം ഓർമിച്ചു. ചാത്തനാട് ബൈപ്പാസിലെ കടയിൽ നിന്ന് ഒരു കട്ടൻചായ കുടിച്ചായിരുന്നു തുടർപര്യടനം. കോട്ടുവള്ളി മണ്ഡലത്തിലെ കൈതാരം, കൈതാരം അങ്കണവാടി എന്നിവിടങ്ങളിലും ഇതിനകം സ്വീകരണമുണ്ടായി. 11മണിയോടെ കാരികുളങ്ങരയിലെ ആവേശോജ്വല സ്വീകരണത്തിനു ശേഷം തിങ്കളാഴ്ചത്തെ പര്യടനത്തിന് താൽക്കാലിക ഇടവേള. ഉച്ചക്ക് പറവൂർ ടൗണിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരുമായി ചൂടൻ രാഷ്ട്രീയ വിവാദങ്ങളിലും വികസന വിഷയങ്ങളിലും വാർത്താസമ്മേളനവും നടത്തി. ടാക്സി സ്റ്റാൻഡിൽ പ്രൗഢഗംഭീരമായ സ്വീകരണത്തോടെയാണ് അന്നത്തെ തെരഞ്ഞെടുപ്പ് യാത്രക്ക് സമാപനമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

