കേരളം മുങ്ങിപ്പോകുമെന്ന് ചിലർ പ്രചരിപ്പിച്ചു, എന്നാൽ നമ്മൾ തളർന്നില്ല- മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: തുടർ ഭരണം ലഭിച്ച സവിശേഷ സാഹചര്യത്തിൽ കേരള വികസനത്തെ നിർബാധം മുന്നോട്ടുകൊണ്ടുപോകാൻ ഈ സർക്കാരിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാലയളവിൽ സർക്കാരിന് മുന്നിൽ മറ്റനേകം പ്രതിബന്ധങ്ങൾ ഉയർന്നു വന്നിരുന്നു. ലോകമാകെ നേരിട്ട കോവിഡ് മഹാമാരിയുംനമ്മൾ മാത്രമായി കടന്നുപോയ പ്രളയങ്ങളും പ്രകൃതി ദുരന്തങ്ങളുമായിരുന്നു ഇവയിൽ ചിലത്. സ്വാഭാവികമായി ഉണ്ടായ ഇത്തരം പ്രതിബന്ധങ്ങൾക്കു പുറമെ ബോധപൂർവ്വം സൃഷ്ടിക്കപ്പെട്ട തടസ്സങ്ങളും ഉണ്ടായി.
ഒരുവശത്ത് കേരളത്തിലെ പ്രതിപക്ഷം സർക്കാരിനോട് നിഷേധാത്മകമായ സമീപനം സ്വീകരിച്ചു പോന്നു. സർക്കാരിന്റെ പദ്ധതികൾ എന്താണെങ്കിലും അതിനെയെല്ലാം എതിർക്കുക എന്ന മാനസികാവസ്ഥയിലേക്ക് പ്രതിപക്ഷം എത്തപ്പെട്ടു. ജനപക്ഷ വികസന പ്രവർത്തനങ്ങളെ എതിർക്കാൻ അവിശുദ്ധ സഖ്യങ്ങൾ ഉണ്ടായി. കേരളത്തെ ഒറ്റപ്പെടുത്താനും പ്രതിരോധത്തിലാക്കാനും നടത്തിയ രാഷ്ട്രീയ പകപോക്കൽ മറ്റൊരു വശത്ത്. ഉപരോധ സമാനമായ സാമ്പത്തിക വിവേചനമാണ് കേന്ദ്ര സർക്കാരിൽ നിന്നും ഉണ്ടായത്. ഫെഡറൽ മൂല്യങ്ങളെ അട്ടിമറിച്ച് സംസ്ഥാനത്തിന്റെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളുണ്ടായി.
ഇൗ ഘട്ടങ്ങളിലെല്ലാം കേരളം തീർന്നു എന്ന് കരുതിയ ഒരു വിഭാഗം ആളുകൾ ഉണ്ടായിരുന്നു. വികസനം വഴിമുടങ്ങുമെന്നും സാമ്പത്തിക പ്രതിസന്ധിയിൽ കേരളം മുങ്ങിപ്പോകുമെന്നും ക്ഷേമ പദ്ധതികൾ ആകെ ഇല്ലാതാകുമെന്നും പ്രവചിച്ചവരും ആവേശപൂർവ്വം പ്രചരിപ്പിച്ചവരും ഉണ്ടായിരുന്നു. എന്നാൽ കേരളം തളർന്നില്ല. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്തു മുന്നേറുകയാണ് ചെയ്തത്.
വികസന കാര്യത്തിൽ മാത്രമല്ല, രാജ്യത്തെ മതനിരപേക്ഷതയുടെയും ജനാധിപത്യ ഫെഡറൽ മൂല്യങ്ങളുടെയും സംരക്ഷണത്തിനായി കേരളത്തിലെ സർക്കാർ മുന്നിൽ നിന്നിട്ടുണ്ട്. ഭരണഘടനാ മൂല്യങ്ങൾ വെല്ലുവിളിക്കപ്പെട്ട സന്ദർഭങ്ങളിൽ വ്യക്തവും ശക്തവുമായ നിലപാട് ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ഇതിനെല്ലാം കരുത്തായത് കേരളത്തിലെ ജനങ്ങൾ നൽകിയ കലവറയില്ലാത്ത പിന്തുണയാണ്. ജനപക്ഷ വികസന പ്രവർത്തനങ്ങളുമായി ഇനിയും മുന്നോട്ടുപോകാൻ ഊർജ്ജമാകുന്നതും ഇതേ പിന്തുണ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

