Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ആ ഉമ്മയോട്, നീതി...

‘ആ ഉമ്മയോട്, നീതി അകന്നുപോയെന്ന് എങ്ങനെ പറയും? തളർന്ന മനസ്സും ശരീരവും ആ വാർത്തയെ എങ്ങനെ താങ്ങും?...’

text_fields
bookmark_border
Parappanangadi Zakariya
cancel

കോഴിക്കോട്: ബംഗളൂരു സ്ഫോടനക്കേസിൽ പ്രതി ചേർക്കപ്പെട്ട് 17 വർഷമായി വിചാരണ തടവുകാരനായി ജയിലിൽ കഴിയുന്ന പരപ്പനങ്ങാടിയിലെ സകരിയ്യയുടെ ഉമ്മ ബിയ്യുമ്മയെ സന്ദർശിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് നേതാക്കൾ. അസുഖബാധിതയായി കിടക്കുന്ന ബിയ്യുമ്മയുടെ മുഖത്തേക്ക് എങ്ങനെ നോക്കുമെന്നും എന്ത് പറഞ്ഞു സമാധാനിപ്പിക്കുമെന്നുമുള്ള ആശങ്കയോടെയാണ് വീടിന്റെ പടി കയറിയതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് ഫേസ്ബുക്കിൽ കുറിച്ചു.

‘സകരിയ്യയുടെ ജാമ്യം വീണ്ടും നിഷേധിക്കപ്പെട്ടുവെന്ന ക്രൂരമായ വാർത്തയുമായാണ് ഇത്തവണ ഉമ്മയുടെ അരികിലേക്ക് ഞങ്ങൾ ചെല്ലുന്നത്. 'മകൻ ഇന്ന് വരും, നാളെ വരും' എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന ആ ഉമ്മയോട്, നീതി അകന്നുപോയെന്ന് എങ്ങനെ പറയും? ആ തളർന്ന മനസ്സും ശരീരവും ആ വാർത്തയെ എങ്ങനെ താങ്ങും? കഴിഞ്ഞ റമദാനിൽ ഈ പടിയിറങ്ങുമ്പോൾ ഉമ്മാക്ക് ഞാൻ വാക്ക് നൽകിയിരുന്നു; "ഉമ്മാ, മോനെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കും" എന്ന്. ആ വാക്ക് പാലിക്കാൻ കഴിയാത്തതിന്റെ വേദനയിൽ, ഇന്ന് ആ കണ്ണുകളിലേക്ക് നോക്കാൻ ഞങ്ങൾക്ക് കരുത്തുണ്ടായിരുന്നില്ല . കേസ് അവസാന ഘട്ടത്തിൽ നിൽക്കെ സംഭവിച്ച അപ്രതീക്ഷിതമായ കോടതി മാറ്റം, നീതിക്കായുള്ള കാത്തിരിപ്പിനെ വീണ്ടും നീട്ടിയിരിക്കുന്നു.

പ്രായത്തിന്റെ അവശതയിൽ ഓർമ്മകൾ മങ്ങിത്തുടങ്ങിയിട്ടുണ്ട് ബിയ്യുമ്മയ്ക്ക്. എങ്കിലും ഇടയ്ക്കിടെ തെളിയുന്ന ഓർമ്മകളിൽ ഉമ്മ ഇപ്പോഴും മകനെ തിരയുന്നുണ്ട്. ആ വിളികൾ കേൾക്കുമ്പോൾ ഉള്ളം പിടയുകയാണ്. സമയം ഒട്ടും ബാക്കിയില്ലെന്ന് തോന്നിപ്പോകുന്നു. ഇനിയും നീതി വൈകിയാൽ, തിരിച്ചുവരുന്ന മകനെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലേക്ക് ആ ഉമ്മ എത്തിച്ചേരുമോ?

ഒരു കുറ്റവും ചെയ്യാതെ പതിനേഴ് വർഷമായി വിചാരണ തടവുകാരനായി കഴിയുന്ന സകരിയ്യക്കായി ബാംഗ്ലൂരിൽ നിന്നും അഡ്വ. അബ്ദുറഹ്മാൻ വലിയൊരു നിയമപോരാട്ടം നയിക്കുന്നുണ്ട്. ആ പോരാട്ടത്തോടൊപ്പം തന്നെ, ഉമ്മയുടെ മടിത്തട്ടിൽ മകനെ എത്തിക്കാനും, മകനില്ലാത്ത ഈ കാലത്ത് ആ ഉമ്മയെ ചേർത്തുപിടിക്കാനും സോളിഡാരിറ്റി പ്രതിജ്ഞാബദ്ധമാണ്. നീതി ലഭിക്കും വരെ ഈ യുവത്വം സകരിയ്യക്കൊപ്പമുണ്ടാകും, ഈ ഉമ്മയ്ക്കൊപ്പമുണ്ടാകും.

ഈ നീതി നിഷേധത്തിന് ആരാണ് ഉത്തരം പറയുക? ഇത്രയും ക്രൂരമായ ഒരു അനീതി കൺമുന്നിൽ നടന്നുകൊണ്ടിരിക്കെ അനികാരികളും 'മുഖ്യധാരാ' രാഷ്ട്രീയ പാർട്ടികൾ മൗനം തുടരുകയാണ്.

അധികാരികളും ജനപ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും മത-രാഷ്ട്രീയ സംഘടനാ നേതാക്കളും ഈ മൗനത്തിന് നാളെ ചരിത്രത്തോട് മറുപടി പറയേണ്ടി വരും.

ഇതൊരു കേവല നിയമപോരാട്ടമല്ല; മകനെ കുറ്റമുക്തനാക്കി ഉമ്മയുടെ അടുക്കൽ എത്തിക്കാനുള്ള, ആ ഉമ്മയുടെ അവസാന കാലത്തെ സമാധാനത്തിനായുള്ള പോരാട്ടമാണ്. അഡ്വ. അബ്ദുറഹ്മാൻ, സംസ്ഥാന സെക്രട്ടറിമാരായ ഡോ. സഫീർ, സാബിക് വെട്ടം, ജില്ലാ പ്രസിഡന്റ് അസ്‌ലം എന്നിവരും സന്ദർശനത്തിൽ ഉണ്ടായിരുന്നു..

സകരിയ്യയെ തിരികെ കൊണ്ടുവരാൻ, ആ ഉമ്മയുടെ കണ്ണീരൊപ്പാൻ നമുക്ക് ഇനിയും പോരാടണം. വൈകിയാൽ പിന്നെ തിരിച്ചുപിടിക്കാനാവാത്തത്ര ദൂരത്തേക്ക് ആ ഉമ്മയും മകനും തമ്മിലുള്ള ബന്ധം അകന്നുപോയേക്കാം. ആ വേദനക്ക് നമ്മൾ സാക്ഷികളാകരുത്’ -തൗഫീഖ് കുറിപ്പിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solidarity youth movementzakariya parappanangadiKerala Newshuman rights
News Summary - solidarity leaders visit parappanangadi zakariya mother
Next Story