എക്സൈസ് സംഘത്തെ ആക്രമിച്ച സൈനികൻ പഞ്ചാബിൽ വെടിയേറ്റ് മരിച്ചനിലയിൽ
text_fieldsപത്തനംതിട്ട: സീതത്തോട്ടിൽ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയായ സൈനികൻ പഞ്ചാബിൽ വെടിയേറ്റ് മരിച്ച നിലയിൽ. സിഗ്നൽ റെജിമെന്‍റ് വിഭാഗത്തിലെ സൈനികനും പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയുമായ കെ. സുജിത്ത് (33) ആണ് മരിച്ചത്. പഞ്ചാബിലെ ഭട്ടിൻഡയിൽ ജോലി സ്ഥലത്ത് വെടിയേറ്റ് മരിച്ച നിലയിലായിരുന്നു മൃതദേഹം.
രണ്ട് മാസം മുമ്പ് നാട്ടിലെത്തിയപ്പോഴാണ് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സുജിത്ത് പ്രതിയാകുന്നത്. നാട്ടിലെത്തിയ സുജിത്ത് ബന്ധുവീട്ടിൽ പോയിരുന്നു. ഈ സമയത്താണ് വ്യാജവാറ്റ് കേന്ദ്രം നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ മഫ്ത്തിയിൽ ബന്ധുവിന്‍റെ വീട്ടിൽ പരിശോധനക്കെത്തിയത്.
തുടർന്നാണ് സുജിത്ത് എക്സൈസ് ഉദ്യേഗസ്ഥരെ ആക്രമിച്ച സംഭവം നടന്നത്. പിന്നീട് കേസിൽ ജാമ്യം എടുക്കാതെ സുജിത്ത് പഞ്ചാബിലെ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു.