സൈനികന്റെ മുതുകിൽ പി.എഫ്.ഐ എന്നെഴുതിയെന്ന്; മൊഴിയിൽ വൈരുധ്യമുണ്ടെന്ന് പൊലീസ്
text_fieldsസൈനികന്റെ പുറത്ത് പി.എഫ്.ഐ എന്നെഴുതിയതായി പ്രചരിക്കുന്ന ചിത്രം
കടയ്ക്കൽ: അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങാനിരുന്ന സൈനികനെ ആക്രമിച്ച് മുതുകിൽ പി.എഫ്.ഐ എന്നെഴുതിയതായി ആരോപണം. രാജസ്ഥാനിൽ സൈനികനായ ചാണപ്പാറ സ്വദേശി ഷൈനാണ് (35) പരാതിക്കാരൻ. ഞായറാഴ്ച അർധരാത്രിയോടെ കൂട്ടുകാരന്റെ വീട്ടിലേക്ക് പോയ ഷൈനിനെ ഒരുസംഘം വഴിയിൽ തടഞ്ഞുനിർത്തി മർദിക്കുകയും ഷർട്ട് വലിച്ചുകീറി പുറത്ത് പച്ച പെയിന്റ് കൊണ്ട് പി.എഫ്.ഐ എന്നെഴുതുകയുമായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. മുക്കടയിൽനിന്ന് ചാണപ്പാറയിലേക്കുള്ള വഴിയിലെ റബർ തോട്ടത്തിന് സമീപമായിരുന്നു സംഭവം.
പരിക്കേറ്റ ഷൈനിനെ ആദ്യം കടയ്ക്കൽ താലൂക്കാശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാജസ്ഥാനിലെ ജോലിസ്ഥലത്തേക്ക് പോകാനിരിക്കുകയായിരുന്നു ഷൈൻ.
സംഭവത്തെതുടർന്ന് ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തിങ്കളാഴ്ച രാവിലെ 10ന് തുടങ്ങിയ പരിശോധന ഉച്ചവരെ നീണ്ടു. എന്നാൽ, ഷൈനിന് മർദനമേറ്റതായി പറയുന്ന സ്ഥലത്തുനിന്ന് യാതൊരു തെളിവും ലഭിച്ചില്ലെന്നും ഷൈനിന്റെ മൊഴിയിൽ വൈരുധ്യങ്ങളുണ്ടെന്നുമാണ് പൊലീസ് അധികൃതർ പറയുന്നത്. ഷൈനിനെ ഒന്നിലധികം പ്രാവശ്യം പൊലീസ് ചോദ്യം ചെയ്തു. സൈനികനായതിനാൽ ചോദ്യം ചെയ്യലിന് പരിമിതിയുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാരും ആരോപിക്കുന്നു.
ഇതിനിടെ സൈനികന് അനുകൂലമായി ബി.ജെ.പി പ്രവർത്തകർ കടയ്ക്കൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ദേശീയ മാധ്യമങ്ങളിൽ വലിയ വാർത്തയായതോടെ മിലിറ്ററി ഇന്റലിജൻസും അന്വേഷണത്തിനെത്തി.

