സോളാർ, വിഴിഞ്ഞം റിപ്പോർട്ടുകളിൽ മെല്ലെപ്പോക്ക്
text_fieldsകോഴിക്കോട്: വിഴിഞ്ഞം പദ്ധതിയിലെ വൻ അഴിമതിയെക്കുറിച്ച സി.എ.ജി റിപ്പോർട്ടിലും സംസ്ഥാനത്തെ നാണം കെടുത്തിയ സോളാർ വിവാദത്തിലെ ജുഡീഷ്യൽ റിപ്പോർട്ടിലും സർക്കാർ ഭാഗത്തുനിന്ന് അസാധാരണമായ മെല്ലെപ്പോക്ക്. സോളാർ കമീഷൻ ജസ്റ്റിസ് ശിവരാജൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ട് മന്ത്രിസഭയിൽ വെക്കാതെ നിയമോപദേശത്തിനു വിടുകയാണ് ചെയ്തത്. വിഴിഞ്ഞം റിപ്പോർട്ടിന്മേൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു നാലുമാസമായിട്ടും അന്വേഷണം തുടങ്ങിയിട്ടില്ല.
സാധാരണ ഗതിയിൽ ജുഡീഷ്യൽ റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെ അതിലെ നിഗമനങ്ങൾ കമീഷൻ മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്താറുണ്ട്. എന്നാൽ, ജസ്റ്റിസ് ശിവരാജൻ എല്ലാം മുഖ്യമന്ത്രി പറയും എന്നറിയിച്ചു ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ റിപ്പോർട്ട് വെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. നിയമോപദേശം ലഭിച്ച ശേഷം റിപ്പോർട്ട് വെക്കാനാണ് തീരുമാനം. മുൻകാലങ്ങളിൽ മന്ത്രിസഭ തീരുമാനപ്രകാരം നിയമോപദേശത്തിനു വിടുകയാണ് ചെയ്തിരുന്നത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർക്കെതിരെ പ്രതികൂല പരാമർശങ്ങൾ സോളാർ റിപ്പോർട്ടിൽ ഉള്ളതായാണ് അനൗദ്യോഗിക വിവരം. വിഴിഞ്ഞം സീപോർട്ട് പദ്ധതി സംസ്ഥാന താൽപര്യത്തിന് എതിരാണെന്നാണ് സി.എ.ജി റിപ്പോർട്ടിൽ പറയുന്നത്. ലാഭം മുഴുവൻ അദാനി ഗ്രൂപ്പിന് കിട്ടുന്ന വിധമാണ് പി.പി.പി കരാർ ഒപ്പുവെച്ചിട്ടുള്ളത്. എല്ലാ പി.പി.പി പദ്ധതികൾക്കും പരമാവധി കാലാവധി 30 വർഷം ആയിരിക്കെ, വിഴിഞ്ഞത്തിൽ 10 കൊല്ലം കൂടി അധികം നൽകി. ഈയിനത്തിൽ മാത്രം 29217 കോടി രൂപ അദാനി പോർട്സ് ലിമിറ്റഡിന് അധികമായി ലഭിക്കും. മാത്രമല്ല, 40 വർഷം കഴിഞ്ഞാൽ 20 കൊല്ലം കൂടി നീട്ടിക്കൊടുക്കാനുള്ള വ്യവസ്ഥയുമുണ്ട്.
പദ്ധതിയുടെ 67 ശതമാനം ഫണ്ടിങ് നടത്തുന്നത് കേന്ദ്ര സംസ്ഥാന സർക്കാറുകളായിട്ടും ലാഭം മുഴുവൻ അദാനിക്കാണ്. യു.ഡി.എഫ് സർക്കാറിെൻറ കാലത്തു ഒപ്പുവെച്ച കരാറിൽ അഴിമതിയുണ്ടെന്ന് എൽ.ഡി.എഫ് ആരോപിച്ചിരുന്നു. എന്നാൽ, സി.എ.ജി റിപ്പോർട്ടിന്മേൽ വിജിലൻസ് അന്വേഷണം നടത്താതെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്തത്. ലാവലിൻ കേസിൽ സി.എ.ജി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ആദ്യം വിജിലൻസ് അന്വേഷണവും പിന്നീട് സി.ബി.ഐ അന്വേഷണവും നടത്തിയത്. ലാവലിനിൽ സി.എ.ജി ചൂണ്ടിക്കാട്ടിയ നഷ്ടത്തിെൻറ എത്രയോ മടങ്ങാണ് വിഴിഞ്ഞത്തിൽ സംസ്ഥാനത്തിനു ഉണ്ടാവുക.
എന്നിട്ടും പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം പോലും നാലു മാസമായിട്ടും തുടങ്ങിയിട്ടില്ല. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ മുൻ ഷിപ്പിങ് സെക്രട്ടറി കെ. മോഹൻദാസ്, മുൻ ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവിസ് ഉദ്യോഗസ്ഥൻ പി.ജെ. മാത്യു എന്നിവരടങ്ങിയതാണ് കമീഷൻ. കൊച്ചിയിൽ സോളാർ കമീഷൻ പ്രവർത്തിച്ച ഓഫിസ് വിഴിഞ്ഞം കമീഷന് വിട്ടുകൊടുക്കാനാണ് തീരുമാനം. കമീഷൻ സെക്രട്ടറി ബുധനാഴ്ച ചാർജ് എടുത്തെന്നും ഓഫിസ് കിട്ടുന്നതോടെ പ്രവർത്തനം തുടങ്ങുമെന്നും ജസ്റ്റിസ് രാമചന്ദ്രൻ നായർ പറഞ്ഞു.
വിജിലൻസ് അന്വേഷണം നടത്തിയാൽ പദ്ധതിപ്രവർത്തനം മുടങ്ങുമോ എന്ന ആശങ്കയിലാണ് സർക്കാർ. വിഴിഞ്ഞം മാത്രമല്ല, കൊച്ചിയിൽ അദാനിയുടെ സിറ്റി ഗ്യാസ് പദ്ധതിയെവരെ ബാധിക്കും. കേരളത്തിൽ മുതൽ മുടക്കാൻ ആരും ധൈര്യപ്പെടാത്ത അവസ്ഥ വരും. ഇങ്ങനെ പോകുന്നു, സർക്കാറിെൻറ സന്ദേഹം. യു.ഡി.എഫും എൽ.ഡി.എഫും ഒരു പോലെ നിശ്ശബ്ദമാണ്. അദാനി ഗ്രൂപ് ആയതിനാൽ ബി.ജെ.പി ക്കും അനക്കമില്ല. ചുരുക്കത്തിൽ എല്ലാ പാർട്ടികളും ചേർന്ന് സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതി മൂടിവെക്കാനുള്ള ഗവേഷണത്തിലാണ് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
