സോളാറിെൻറ വഴിയിൽ സേവ്യറിെൻറ സൈക്കിൾ യാത്രകൾ
text_fieldsസേവ്യർ ഇലക്ട്രിക് സൈക്കിളിൽ
കൊച്ചി: പെട്രോൾ പമ്പുകൾക്ക് മുന്നിൽ വില 90 രൂപയും കടന്ന ബോർഡുകൾ കാണുേമ്പാൾ തെൻറ സോളാർ സൈക്കിളിൽ വെയിൽപോലും കൊള്ളാതെയിരുന്ന് സി.എ. സേവ്യർ ചിരിക്കും. ഒന്നല്ല, എട്ട് ഇലക്ട്രിക് സൈക്കിളുകളാണ് കളമശ്ശേരി മണലിമുക്ക് ചക്കുങ്കൽ വീട്ടിൽവെച്ച് ഈ 60കാരൻ പണിതത്. അതിന് പ്രേരകമായത് കോവിഡിനെത്തുടർന്ന് സ്വന്തം ബാഗ് കച്ചവടം ഇല്ലാതായതും.
''ഇലക്ട്രിക് സൈക്കിൾ നിർമിക്കാൻ ഓൺലൈനിൽ 30,000 രൂപ നൽകി യന്ത്രഭാഗങ്ങൾക്ക് മാസങ്ങൾക്കുമുമ്പ് ഓർഡർ നൽകിയെങ്കിലും പറ്റിക്കപ്പെട്ടു. ഇതുവരെ ഒന്നും വന്നില്ല. അതോടെ ഇൻറർനെറ്റിൽ പരതി ഇലക്ട്രിക് സൈക്കിൾ നിർമാണം പഠിച്ചു. പിന്നെ, മണലിമുക്കിൽ സൈക്കിൾ വർക്ഷോപ്പ് നടത്തുന്ന കാസിമിെൻറ സഹായത്തോടെ നിർമിച്ചുതുടങ്ങി'' -സേവ്യർ പറയുന്നു.
33 ആമ്പിയറിെൻറ 24 വോൾട്ട് ലിഥിയം ബാറ്ററിയും മുന്നിലും പിന്നിലും സോളാർ പാനലും ഘടിപ്പിച്ചാണ് സേവ്യർ 'ലേറ്റസ്റ്റ് വേർഷൻ' സൈക്കിൾ ഇറക്കിയത്. വെയിലും മഴയും കൊള്ളാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റ് റൂഫ്, കാറ്റുകൊള്ളാൻ ഫാൻ, എൽ.ഇ.ഡി ലൈറ്റുകൾ എന്നിവയൊക്കെ ഘടിപ്പിച്ചു. ഡിസ്ക് ബ്രേക്കുമുണ്ട്. ബൈക്കിെൻറ റിമ്മും ആക്സിലറേറ്ററും എൻജിനുമൊക്കെ മനോഹരമായി സൈക്കിളിൽ ചേർത്തു. സോളാർ പാനൽ ഇല്ലാത്ത സൈക്കിളിന് ഒറ്റ ചാർജിങ്ങിൽ 45-50 കി.മീ. ൈമലേജ് ലഭിക്കും.
''ബാറ്ററി, സോളാർ പാനൽ, ചാർജർ, മറ്റ് ഘടകങ്ങൾ എന്നിവയെല്ലാം ചേർന്ന് പുതിയ സൈക്കിളിന് 50,000 രൂപ വിലവരും. ബാറ്ററി മാത്രമുള്ളവക്ക് വില അതിൽനിന്ന് കുറയും. പെട്രോൾ വില കുതിച്ചുയരുന്നത് മാത്രമല്ല, സൈക്കിൾ നിർമാണത്തിന് പിന്നിൽ, അന്തരീക്ഷ മലിനീകരണം കുറയുമെന്ന ബോധ്യവുമാണ്'' -സേവ്യറിെൻറ വാക്കുകൾ.
പി.എ. ബക്കറിെൻറ 'കബനീനദി ചുവന്നപ്പോൾ' സിനിമയിൽ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്നു സേവ്യർ. പിന്നീട് എറണാകുളത്തെ ഗബ്രിയേൽ ബാബു, കൃഷ്ണൻ നായർ എന്നിവരുടെ സ്റ്റുഡിയോകളിൽ ജോലിചെയ്തു. മികച്ച ചിത്രകലാകാരൻ കൂടിയാണ്.
സ്റ്റുഡിയോകൾ ഡിജിറ്റൽ വഴിയിലേക്ക് തിരിഞ്ഞപ്പോൾ ബ്രോഡ്വേയിൽ മുറിയെടുത്ത് ബാഗ്, വസ്ത്ര വിൽപനക്കാരനായി മാറുകയായിരുന്നു. 20 കൊല്ലത്തെ വ്യാപാര ജീവിതത്തിന് കോവിഡിെൻറ വരവോടെ പ്രതിസന്ധി നേരിട്ടു. ഇപ്പോൾ താൻ നിർമിച്ച സോളാർ സൈക്കിളിൽ ബാഗ് വിൽക്കുന്നു. ഭാര്യ ജോയമ്മയും മകൾ ജാക്സിയുമൊത്താണ് താമസം.