സോളാർ അന്വേഷണം: പൊലീസ് ആസ്ഥാനം സ്റ്റേഷനാകും
text_fieldsതിരുവനന്തപുരം: സോളാർ കേസിലെ തുടരന്വേഷണത്തിനായി പൊലീസ് ആസ്ഥാനംതന്നെ പൊലീസ് സ്േറ്റഷനായി വിജ്ഞാപനം ചെയ്യും. പുതിയ കേസുകള്‍ രജിസ്റ്റർ ചെയ്യുന്നതും ആസ്ഥാനത്താകുമെന്നാണറിയുന്നത്. ഇത് അത്യപൂർവ നടപടിയായിരിക്കും. സോളാർ കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാെൻറ മേൽനോട്ടത്തിൽ ആരോപണങ്ങൾ അന്വേഷിക്കാനുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തെ ഐ.ജി ദിനേന്ദ്രകശ്യപിെൻറ നേതൃത്വത്തിലാണ് അന്വേഷണം. അതിനാലാണ് ഐ.ജി ഇരിക്കുന്ന സ്ഥലംതന്നെ പൊലീസ് സ്റ്റേഷനാക്കി വിജ്ഞാപനമിറക്കി അന്വേഷിക്കുന്നത്.
ആദ്യഘട്ടത്തിൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങളുടെ പൊതുവായ അന്വേഷണമാകും ഉണ്ടാകുക. അടുത്തയാഴ്ച ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ സാന്നിധ്യത്തിൽ പ്രത്യേകാന്വേഷണ സംഘം യോഗം ചേരും. തുടർന്നാകും തുടർനടപടി. അന്വേഷണത്തിൽ പുതിയ കേസുകളുണ്ടെങ്കില്‍ അത് രജിസ്റ്റർ ചെയ്യുന്നതും പൊലീസ് ആസ്ഥാനത്തുതന്നെയാകും. ലോക്കൽ പൊലീസിൽനിന്നും ക്രൈംബ്രാഞ്ചിൽനിന്നുമാണ് സാധാരണനിലയിൽ കേസുകൾ പ്രത്യേക സംഘത്തിന് കൈമാറുന്നത്. ഇതിൽനിന്ന് വ്യത്യസ്തമായാണ് സോളാർ േകസിലെ തുടർനടപടികൾ. ഇതാദ്യമായാണ് പൊലീസ് ആസ്ഥാനം സ്റ്റേഷനാക്കി വിജ്ഞാപനം ഇറക്കുന്നത്. സോളാർ കേസുകള്‍ക്ക് മാത്രമായിരിക്കും വിജ്ഞാപനം ബാധകമാവുക. വിജിലൻസ് കേസുകളും ആസ്ഥാനത്ത് രജിസ്റ്റർ ചെയ്യാമെന്ന് വിജ്ഞാപനത്തിലുണ്ടാകും.
അതേസമയം, പൊലീസ് ആസ്ഥാനംതന്നെ സ്റ്റേഷനാക്കി മാറ്റുന്നത് കേസന്വേഷണത്തിൽ ഇടപെടൽ നടത്താനാണെന്ന ആരോപണവും ഉയർന്നുകഴിഞ്ഞു. പ്രത്യേക സംഘത്തിനുമേൽ ഡി.ജി.പിയുടെ മേൽനോട്ടമുണ്ടാക്കാനും അദ്ദേഹത്തിെൻറ അതൃപ്തി മാറ്റാനുമാണ് പൊലീസ് ആസ്ഥാനം സ്റ്റേഷനാക്കുന്നതെന്നാണ് ആരോപണം. അന്വേഷണ സംഘത്തിനു മുന്നിൽ നിരവധി വെല്ലുവിളികളുണ്ട്. സരിതയുടെ കത്തിെൻറ വിശ്വാസ്യത പരിശോധിക്കുന്നതാകും ഇതിൽ പ്രധാനം. നിലവിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സരിതയുടെ വിശ്വാസ്യതയും പരിശോധിക്കപ്പെടും. പരാതികളിലും അഴിമതി ഇടപാടുകളിലും മതിയായ തെളിവുകൾ ശേഖരിക്കുന്നതാകും സംഘത്തിെൻറ മറ്റൊരു വെല്ലുവിളി. തട്ടിപ്പ് കേസുകളിൽ ചിലത് ഇതിനോടകം പൂർത്തിയായി. മറ്റു ചിലത് അന്തിമഘട്ടത്തിലാണ്. ആ സാഹചര്യത്തിൽ വീണ്ടും ഇൗ കേസുകളിൽ അന്വേഷണം നടത്തണമെങ്കിൽ പുതിയ തെളിവുകളോ വെളിപ്പെടുത്തലുകളോ കണ്ടെത്തി കോടതിയുടെ അനുമതി വാങ്ങിയ ശേഷമേ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
