സോളാർ പീഡനക്കേസില്‍ അടൂർ പ്രകാശിനെയും എ.പി. അനിൽകുമാറിനെയും ചോദ്യം ചെയ്തു
text_fieldsതിരുവനന്തപുരം: സോളാർ പീഡനക്കേസില്‍ അടൂർ പ്രകാശ് എം.പി, എ.പി. അനിൽകുമാർ എം.എൽ.എ എന്നിവരെ സി.ബി.ഐ ചോദ്യം ചെയ്തു. മലപ്പുറത്തും ഡൽഹിയിലുമായിരുന്നു ചോദ്യം ചെയ്യൽ.
സോളാർ കേസിലെ പ്രതി നൽകിയ ലൈംഗിക പീഡന പരാതിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ചോദ്യം ചെയ്ത സി.ബി.ഐ കേരള ഹൗസിൽ പരിശോധന നടത്തി ജീവനക്കാരുടെ മൊഴിയെടുത്തിരുന്നു. മന്ത്രി എ.പി. അനിൽകുമാറിന്റെ ഔദ്യോഗിക വസതിയിൽ 2012ൽ പീഡിപ്പിച്ചെന്നാണ് പരാതി.
സോളാർ പീഡനക്കേസിൽ ആറു കേസാണ് സി.ബി.ഐ രജിസ്റ്റർ ചെയ്തത്. ഇതിൽ ഹൈബി ഈഡൻ എം.പിക്കെതിരായ കേസിൽ തെളിവില്ലെന്ന് കാണിച്ച് സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് നൽകി. നാലു വർഷം കേരള പൊലീസ് അന്വേഷിച്ചിട്ടും തെളിവ് കണ്ടെത്താനായില്ല. ആ സാഹചര്യത്തിലാണ് സി.ബി.ഐ വെവ്വേറെ കേസ് രജിസ്റ്റർ ചെയ്ത് ആരോപണവിധേയരായവരുടെ മൊഴി രേഖപ്പെടുത്തുകയും തെളിവ് ശേഖരിക്കുകയും ചെയ്യുന്നത്.

