Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോളാർ കേസ്: പിണറായിയും...

സോളാർ കേസ്: പിണറായിയും സി.പി.എമ്മും ഉമ്മൻചാണ്ടിയുടെ കുടുംബത്തോട് മാപ്പ് പറയണം -വി.ഡി സതീശൻ

text_fields
bookmark_border
vd satheesan
cancel

കോട്ടയം: സോളര്‍ കേസ് പ്രതി നല്‍കിയ പരാതി വ്യാജമാണെന്ന സി.ബി.ഐയുടെ കണ്ടെത്തല്‍ കോടതി അംഗീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും ഉമ്മൻചാണ്ടിയുടെ കുടുംബത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നാല് പൊലീസ് സംഘങ്ങള്‍ പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞിട്ടും മതിവരാഞ്ഞ് ഉമ്മന്‍ ചാണ്ടിയെ വഷളാക്കണമെന്ന് കരുതിയാണ് പിണറായി വിജയന്‍ തട്ടിപ്പ് കേസിലെ പ്രതിയായ സ്ത്രീയെ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങി സി.ബി.ഐക്ക് വിട്ടത്. ജീവിച്ചിരിക്കുമ്പോഴും മരിച്ച ശേഷവും സി.പി.എം ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയെന്നും സതീശൻ ചൂണ്ടിക്കാട്ടി.

ഏഴ് വര്‍ഷം അധികാരത്തില്‍ ഇരുന്നിട്ടും കേസില്‍ എന്തെങ്കിലും ഒരു തുമ്പ് കണ്ടെത്താനായോ? മനപൂര്‍വമായി ഒരു മനുഷ്യനെ വേട്ടയാടാനും അപകീര്‍ത്തിപ്പെടുത്താനും അപഹസിക്കാനും വേണ്ടി സി.പി.എം നടത്തിയ പ്രചരണവും തെരഞ്ഞെടുപ്പിന് മുന്‍പ് പരാതി എഴുതി വാങ്ങി സി.ബി.ഐ അന്വേഷണത്തിന് വിട്ട പിണറായി വിജയന്‍റെ നാടകവും കെട്ടിപ്പൊക്കിയ വ്യാജ ആരോപണങ്ങളായിരുന്നെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. തെറ്റായ ആരോപണം ഉന്നയിച്ചതിലൂടെ പെണ്‍മക്കള്‍ അടക്കമുള്ള ഉമ്മന്‍ ചാണ്ടിയുടെ കുടുംബം എത്രമാത്രം വേദന അനുഭവിച്ചിട്ടുണ്ട്? പരാതി വ്യാജമായിരുന്നുവെന്ന സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തോടും കേരളത്തിലെ ജനങ്ങളോടും മാപ്പ് പറയണമെന്നും വി.ഡി സതീശൻ പറഞ്ഞു.

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് പോളിങ് ദിനത്തിലേക്ക് കടക്കുന്നത്. രാഷ്ട്രീയ പരിഗണനകള്‍ക്കും ജാതി മത ചിന്തകള്‍ക്കും അതീതമായി യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് അനുകൂലമായ വലിയൊരു പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പൂര്‍ണമായ വിശ്വാസമുണ്ട്. എല്ലാവിഭാഗം ജനങ്ങള്‍ക്കിടയില്‍ നിന്നും വന്‍പിന്തുണയാണ് ലഭിക്കുന്നത്. യു.ഡി.എഫ് ഒരു ടീമായി ആത്മാർഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വപ്‌നതുല്യമായ ഒരു വിജയലക്ഷ്യം ഞങ്ങള്‍ക്കുണ്ട്. അതിന് വേണ്ടിയാണ് കഷ്ടപ്പെട്ട് പ്രവര്‍ത്തിച്ചത്. ഭൂരിപക്ഷം എത്രയാണെന്ന് പറയാന്‍ ഇപ്പോള്‍ ധൈര്യമില്ല. ഞാന്‍ പറഞ്ഞാലും ഭൂരിപക്ഷം അതൊക്കെ വിട്ടുപോകും. എല്ലാം ജനങ്ങളുടെ കൈയിലാണ്. ഉമ്മന്‍ ചാണ്ടിക്കൊപ്പം സര്‍ക്കാര്‍ വിരുദ്ധ വികാരം കൂടി വന്നപ്പോഴാണ് ഞങ്ങള്‍ സ്വപ്‌നതുല്യമായ വിജയലക്ഷ്യം ഉറപ്പിച്ചതെന്നും സതീശൻ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടിന്റെ 22-ാം ദിനത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ജില്ലാ നേതാക്കളെ ഉപയോഗിച്ച് ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വേട്ടയാടിക്കൊണ്ടുള്ള പ്രചരണമാണ് സി.പി.എം നടത്തിയത്. ജനങ്ങളില്‍ നിന്നും അതിനെതിരെ പ്രതികരണമുണ്ടായപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരായ പ്രചരണം ആവര്‍ത്തിക്കില്ലെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞു. ഇതിന് പിന്നാലെ സി.പി.എം നേതാക്കളുടെ അറിവോടെ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ സൈബര്‍ ആക്രമണം നടത്തി. ഇടുക്കിയില്‍ നിന്നും എം.എം മണിയെ രംഗത്തിറക്കി ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ ആക്ഷേപം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ ജനങ്ങളുടെ മനസിലുണ്ടെന്നത് ഒരു യാഥാർഥ്യമാണ്. അത് ആര്‍ക്കും മായ്ച് കളയാനാകില്ല. അതിനൊപ്പം തന്നെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ രാഷ്ട്രീയ പ്രചരണത്തിന് വേണ്ടിയാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ വിനിയോഗിച്ചത്.

മണിപ്പൂരിലും രാജ്യത്താകെയും ബി.ജെ.പി നടത്തുന്ന വര്‍ഗീയ ഫാഷിസ്റ്റ് നിലപാടുകള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളൊക്കെ ജനങ്ങളുമായി ചര്‍ച്ച ചെയ്തു. സംസ്ഥാന സര്‍ക്കാറിനെതിരെ മാസപ്പടി ഉള്‍പ്പെടെയുള്ള ആറ് സുപ്രധാന അഴിമതി ആരോപണങ്ങളും ഓണക്കാലത്തെ രൂക്ഷമായ വിലക്കയറ്റവും നികുതി ഭീകരതയും കാര്‍ഷിക മേഖലയോടുള്ള അവഗണനയുമൊക്കെ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കി. ഏഴ് മാസമായി മൗനത്തിലായ മുഖ്യമന്ത്രി പുതുപ്പള്ളിയിലെങ്കിലും മാധ്യമങ്ങളോട് സംസാരിക്കണമെന്നും പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് ഘട്ടമായി പ്രചരണത്തിനെത്തിയെങ്കിലും മാധ്യമങ്ങളെ കാണാനോ പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനോ തയാറാകാതെ മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചിരിക്കുകയാണ്.

ഉത്തരം പറയാന്‍ സാധിക്കത്ത തരത്തിലുള്ള പ്രതിരോധനത്തിലായതിനാല്‍ മുഖ്യമന്ത്രി ചോദ്യങ്ങളില്‍ നിന്നും ഇപ്പോഴും ഒളിച്ചോടുകയാണ്. യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ പറഞ്ഞത്. കിടങ്ങൂരില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ ബന്ധമുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ബി.ജെ.പി സഹായത്തോടെ കോട്ടയം നഗരസഭയിലെയും എസ്.ഡി.പി.ഐ സഹായത്തോടെ ഈരാറ്റുപേട്ടയിലെയും യു.ഡി.എഫ് ഭരണം സി.പി.എം താഴെയിറക്കിതൊക്കെ മറന്നുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. കേരളത്തിലെ സി.പി.എമ്മും ബി.ജെപിയുടെ കേന്ദ്ര നേതൃത്വവും തമ്മില്‍ ബന്ധമുണ്ട്. കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിലൂടെ അത് വ്യക്തമായതുമാണ്. എന്നിട്ടും അതേക്കുറിച്ചൊന്നും മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. കേരളത്തില്‍ വിലക്കയറ്റമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തില്‍ വിലക്കയറ്റമില്ലെന്ന് വിശ്വസിക്കുന്ന ഏകയാള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്.

തെരഞ്ഞെടുപ്പില്‍ പലതരത്തിലും സി.പി.എം അധികാര ദുര്‍വിനിയോഗത്തിന് ശ്രമിച്ചു. സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് ചില സമുദായ നേതാക്കളെ സമ്മര്‍ദ്ദത്തിലാക്കാന്‍ പ്രചരണത്തിന്റെ അവസാന ആഴ്ച സി.പി.എം ശ്രമിച്ചു. ചാണ്ടി ഉമ്മന് ലഭിക്കുന്ന മഹാഭൂരിപക്ഷം കുറക്കാനുള്ള ശ്രമങ്ങളാണ് സി.പി.എം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇത്തരം കാര്യങ്ങളൊക്കെ ചെയ്യുന്നത്. അതിനെയൊക്കെ മറികടക്കുന്ന പ്രചരണം യു.ഡി.എഫ് നടത്തിയിട്ടുള്ളത് കൊണ്ടാണ് സര്‍ക്കാര്‍ ചെയ്ത എല്ലാ കാര്യങ്ങളും പുറത്ത് പറയാത്തത്. ജനങ്ങള്‍ക്കും അതേക്കുറിച്ച് കൃത്യമായ ധാരണയുണ്ട്.

പോളിങ് ദിനത്തില്‍ ഓരോ ബൂത്തുകളിലെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട മരിച്ച് പോയവരുടെയും ഒരു കാരണവശാലും വോട്ട് ചെയ്യാന്‍ എത്താത്തവരുടെയും പേര് വിവരങ്ങള്‍ അടങ്ങിയ പട്ടിക പ്രിസൈഡിങ് ഓഫീസറെ ഏല്‍പ്പിക്കും. അതുകൊണ്ട് കള്ളവോട്ട് ചെയ്യാനായി പുതുപ്പള്ളിയിലേക്ക് ആരും വരേണ്ട. വന്നാല്‍ തൃക്കാക്കരയില്‍ വന്നയാളുടെ അനുഭവമുണ്ടാകും. മരിച്ചു പോയ ആരും വോട്ട് ചെയ്യാനായി എഴുന്നേറ്റ് വരേണ്ട. സി.പി.എമ്മിനെ സഹായിക്കാമെന്ന് ഏതെങ്കിലും പ്രസൈഡിങ് ഓഫീസര്‍ വിചാരിച്ചാല്‍ അയാളുടെ കാര്യവും ബുദ്ധിമൂട്ടിലാകും. 152 ബൂത്തുകളിലും കൃത്യമായ പ്രവര്‍ത്തനമാണ് യു.ഡി.എഫ് നടത്തിയത്. കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും പ്രതിനിധാനം ചെയ്തു കൊണ്ടാകും ഈ മാസം അഞ്ചിന് പുതുപ്പള്ളിയിലെ ജനങ്ങള്‍ പോളിങ് ബൂത്തിലേക്ക് പോകുന്നത്. ഈ സര്‍ക്കാരിനെതിരായ അതിരോഷം പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ പ്രതിഫലിപ്പിക്കുമെന്ന വിശ്വാസം യു.ഡി.എഫിനുണ്ട്.

യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ വര്‍ഗീയ ഫാഷിസ്റ്റ് വിരുദ്ധ പ്ലാറ്റ്‌ഫോം ഉണ്ടാക്കാന്‍ പ്രവര്‍ത്തിക്കുകയാണ്. ബി.ജെ.പിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതം പോലെ കോണ്‍ഗ്രസ് വിരുദ്ധതയാണ് കേരളത്തിലെ സി.പി.എം നേതാക്കളുടെയും പിണറായി വിജയന്റെയും മുഖമുദ്ര. സര്‍ക്കാരിനെതിരായ എല്ലാ കേസുകളും ബി.ജെ.പിയുമായി ചേര്‍ന്ന് ഒത്തുതീര്‍പ്പില്‍ എത്തിച്ചിരിക്കുകയാണ്. അടുത്തിടെ ഉയര്‍ന്ന മാസപ്പടി ആരോപണത്തില്‍ പോലും കേസെടുത്തില്ല. കള്ളപ്പണം വെളുപ്പിച്ചെന്നാണ് ആരോപണം. എന്നിട്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരു കേസും എടുത്തില്ല. മമതാ ബാനര്‍ജിക്കെതിരെയും സ്റ്റാലിനെതിരെയോ ഭൂപേഷ് ബാഗലിനെതിരെയോ അശോക് ഗഹലോട്ടിനെതിരെയോ ആയിരുന്നു ആരോപണമെങ്കില്‍ എപ്പോഴെ കേസെടുത്തേനെ. പക്ഷെ ഇവിടെ ഒരു കേസുമില്ല.

53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധാനം ചെയ്ത ഉമ്മന്‍ ചാണ്ടി ഒരു വികാരമാണ്. ലോകത്തെ എല്ലായിടത്തുമുള്ള മലയാളികളുടെ മനസില്‍ അദ്ദേഹം ഒരു വിങ്ങലായി നില്‍ക്കുകയാണെന്നത് ഒരു യാഥാർഥ്യമാണ്. എതിരാളികള്‍ വിചാരിച്ചാല്‍ അത് മായ്ച്ച് കളയാന്‍ കഴിയില്ല. ഉമ്മന്‍ ചാണ്ടിയോട് ജനങ്ങള്‍ക്കുള്ള സ്‌നേഹവും അടുപ്പവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അതോടൊപ്പം സര്‍ക്കാരിനെതിരായ ജനവികാരവും പ്രതിഫലിക്കും. കുടുംബയോഗങ്ങളില്‍ സര്‍ക്കാരിനെതിരെ ഞങ്ങള്‍ പറയാന്‍ വിട്ടുപോകുന്ന കാര്യങ്ങള്‍ സാധാരണക്കാരായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വിളിച്ച് പറയും. അത്രയും സര്‍ക്കാര്‍ വിരുദ്ധ വികാരം ജനങ്ങള്‍ക്കിടയിലുണ്ട്.

2020, 23 വര്‍ഷങ്ങളില്‍ യു.ഡി.എഫ് പുറത്തിറക്കിയ ധവള പത്രങ്ങളില്‍ കേന്ദ്രത്തിനും സര്‍ക്കാരിനും എതിരെ കൃത്യമായി പറഞ്ഞിട്ടുണ്ട്. അന്ന് നല്‍കിയ മുന്നറിയിപ്പുകളാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നത്. നെല്ല് സംഭരണത്തിന് എത്ര പണം കേന്ദ്രത്തില്‍ നിന്നും കിട്ടാനുണ്ടെന്നത് കണ്ടെത്താന്‍ സപ്ലൈകോ ഓഡിറ്റ് പോലും നടത്തിയിട്ടില്ല. ഇന്നലെയാണ് 50 ഓഡിറ്റര്‍മാരെ സപ്ലൈകോ നിയമനിച്ചത്. ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയാലെ കേന്ദ്രത്തില്‍ നിന്നും പണം ലഭിക്കൂ. നെല്ല് സംഭരണത്തിനുള്ള പണം ഉമ്മന്‍ ചാണ്ടി കൃത്യമായി നല്‍കിക്കൊണ്ടിരുന്നതാണ്. റബര്‍ വില സ്ഥിരതാ ഫണ്ടിനായി കഴിഞ്ഞ വര്‍ഷം നീക്കി വച്ച 500 കോടിയില്‍ 33 കോടി മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. ഈ വര്‍ഷം 600 കോടിയില്‍ നിന്നും 13.75 കോടിയുമാണ് ചെലവാക്കിയത്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് 1000 കോടി രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. റബറിന് 250 രൂപ വില നിശ്ചയിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനവും എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയില്ല. അതൊക്കെ ഇപ്പോള്‍ മറച്ചു വക്കുകയാണ്. റബര്‍ വിലത്തകര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനുള്ളതു പോലെ സംസ്ഥാന സര്‍ക്കാരിനും ഉത്തരവാദിത്തമുണ്ട്.

ആകാശം ഇടിഞ്ഞു വീണാലും കെ റെയില്‍ നടപ്പാക്കൂം കേട്ടോ... എന്നാണ് കെ റെയില്‍ കടന്നു പോകാത്ത തൃക്കാക്കരയില്‍ മുഖ്യമന്ത്രി പറഞ്ഞത്. പക്ഷെ കെ റെയില്‍ കടന്നു പോകുന്ന പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി അതേക്കുറിച്ച് ഒന്നു മിണ്ടിയില്ല. എന്തേ ആകാശം ഇടിഞ്ഞു വീണോ? ധാര്‍ഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും പ്രഖ്യാപനങ്ങളായിരുന്നു ഇതൊക്കെ. കേന്ദ്രത്തിന്റെ അനുമതിയുമായി വന്നാലും കെ റെയില്‍ കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് യു.ഡി.എഫിനുള്ളത്. പ്രതിപക്ഷ നേതാവിന്റെ ഡിസന്റോടെയാണ് മനുഷ്യാവകാശ കമീഷന്‍ നിയമനം സംബന്ധിച്ച ഫയല്‍ ഗവര്‍ണര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. വിശദാശങ്ങള്‍ ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തലയും ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇതൊക്കെ പരിശോധിച്ച് ജസ്റ്റിസ്. മണികുമാറിനെ മനുഷ്യാവകാശ കമീഷനാക്കരുതെന്നതാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നത്.

അടിച്ചുവാരി കിട്ടുന്ന 8000 രൂപ പ്രതിഫലം കൊണ്ടാണ് സതിയമ്മ കുടുംബം പുലര്‍ത്തിയിരുന്നത്. അവരുടെ മകന്‍ മരിച്ചപ്പോഴും പിന്നീടും ഉമ്മന്‍ ചാണ്ടി സാര്‍ ഞങ്ങളെ സഹായിച്ചെന്ന് പറഞ്ഞതിന്റെ പേരിലാണ് അവരെ ജോലിയില്‍ നിന്ന് പുറത്താക്കിയതും കള്ളക്കേസെടുത്തതും. എന്തൊരു മനുഷ്യത്വഹീനമായ നടപടിയാണ്? ഈ പാവപ്പെട്ട സ്ത്രീയാണോ സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും ശത്രു? അവിടെയാണ് ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും തമ്മിലുള്ള വ്യത്യാസം. ഉമ്മന്‍ ചാണ്ടിയായിരുന്നെങ്കില്‍ അവരെ ചേര്‍ത്ത് പിടിച്ചേനെ. എന്തൊരു മനസാണ് സി.പി.എമ്മിന്? ഇതാണോ കമ്യൂണിസ്റ്റ് പാര്‍ട്ടി? ഈ തെരഞ്ഞെടുപ്പില്‍ യഥാർഥ കമ്യൂണിസ്റ്റുകാര്‍ ചാണ്ടി ഉമ്മന് വോട്ട് ചെയ്യും. ഈ പോക്ക് പോയാല്‍ ബംഗാളിലെ സ്ഥിതി കേരളത്തിലും ഉണ്ടാകുമെന്ന് നല്ല കമ്യൂണിസ്റ്റുകാര്‍ കരുതുന്നുണ്ട്. ആ അവസ്ഥയിലേക്ക് എത്താതിരിക്കാന്‍ നല്ല കമ്മ്യൂണിസ്റ്റുകാര്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യും. തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയെയും പിണറായി വിജയനെയും താരതമ്യം ചെയ്യാനുള്ള അവസരം സി.പി.എം തന്നെ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് -വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen Chandysolar casePinarayi VijayanVD Satheesan
News Summary - Solar case: Pinarayi and CPM should apologize to Oommen Chandy's family - VD Satheesan
Next Story