തിരുവനന്തപുരം: സോളർ കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ അന്വേഷണം പുനരാരംഭിക്കുന്നു. റിപ്പോർട്ടിലുള്ള സരിത എസ്. നായരുടെ കത്ത് ഒഴിവാക്കി ബാക്കി ആരോപണം പരിശോധിക്കാൻ അന്വേഷണ സംഘത്തിന് സർക്കാർ നിർദേശംനൽകി. എന്നാൽ, തെൻറ പരാതിയിൽ അന്വേഷണം വേണമെന്ന ആവശ്യത്തിൽ സരിത ഉറച്ചുനിൽക്കുകയാണെന്നാണ് വിവരം.
അന്വേഷണസംഘത്തലവനായിരുന്ന മുൻ എ.ഡി.ജി.പി രാജേഷ് ദിവാൻ വിരമിച്ചതിനാൽ പുതിയ സംഘത്തലവനായി ദക്ഷിണ മേഖല എ.ഡി.ജി.പി അനിൽകാന്തിനെ നിയോഗിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. സോളാർ തട്ടിപ്പും അനുബന്ധ സാമ്പത്തിക ഇടപാടും അന്വേഷിക്കാനാണ് നിർദേശം.
സരിതയുടെ കത്ത് കമീഷൻ റിപ്പോർട്ടിൽനിന്ന് ഹൈകോടതി നീക്കിയിരുന്നു. ഇതോടെ അന്വേഷണം വഴിമുട്ടുകയും തുടർനടപടിക്ക് സർക്കാർ ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷെൻറ നിയമോപദേശം തേടുകയും ചെയ്തു. ഹൈകോടതി വിധിക്കെതിരെ അപ്പീൽ പോകേണ്ടെന്നായിരുന്നു നിയമോപദേശം. ഇത് കണക്കിലെടുത്താണ് പുതിയ അന്വേഷണത്തലവനെ നിയോഗിച്ചത്. എന്നാൽ, അന്വേഷണം ഏറ്റെടുക്കുന്നതിൽ പുതിയസംഘത്തിനും താൽപര്യമില്ലെന്നാണ് വിവരം.