കൊച്ചി: സോളാർ പീഡനക്കേസിൽ ഹൈബി ഈഡൻ എം.പിയെ സി.ബി.ഐ ചോദ്യം ചെയ്തു. സി.ബി.ഐ ഓഫിസ് ഒഴിവാക്കി കൊച്ചിയിലെ കേന്ദ്ര സർക്കാർ ഓഫിസിൽവെച്ച് തിരുവനന്തപുരം യൂനിറ്റിലെ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്.
കേസിൽ ഹൈബി ഈഡനും ആറ് കോൺഗ്രസ് നേതാക്കളും പ്രതിയാക്കപ്പെട്ടതോടെയാണ് സി.ബി.ഐ ചോദ്യം ചെയ്തത്. കോൺഗ്രസ് നേതാക്കൾക്ക് പുറമെ ബി.ജെ.പി അഖിലേന്ത്യ ഉപാധ്യക്ഷൻ അബ്ദുല്ലക്കുട്ടിയും പ്രതിയാണ്.
2012ൽ നിയമസഭ സമ്മേളനം നടക്കുന്ന സമയം എം.എൽ.എ ഹോസ്റ്റലിൽവെച്ച് പരാതിക്കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. നേരത്തേ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റീ രജിസ്റ്റർ ചെയ്താണ് സി.ബി.ഐ അന്വേഷിക്കുന്നത്. കേസിനാസ്പദമായ സംഭവം നടന്ന എം.എൽ.എ ഹോസ്റ്റലിൽ സി.ബി.ഐ പരിശോധന നടത്തിയിരുന്നു.