സോഫ്റ്റ് വെയർ പദ്ധതി; വാസവന്റെ വാദം കള്ളം –ചെന്നിത്തല
text_fieldsകാസർകോട്: കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കുള്ള പൊതു സോഫ്റ്റ് വെയര്‍ തയാറാക്കാനുള്ള പദ്ധതിയില്‍നിന്ന് ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കിയത് സിങ്കിള്‍ ബിഡര്‍ ആയതുകൊണ്ടാണ് എന്ന മന്ത്രി വാസവന്റെ വാദം പച്ചക്കള്ളം. നിരവധി തവണ അപേക്ഷ ക്ഷണിച്ചിട്ടും ഒറ്റ കമ്പനി പോലും മുന്നോട്ടു വന്നില്ല. അങ്ങനെ യോഗ്യതയില്‍ ഇളവുവരുത്തിയപ്പോഴാണ് ഏക ബിഡറായി ടാറ്റാ കണ്‍സള്‍ട്ടന്‍സി വന്നത്.
ടെന്‍ഡര്‍ രേഖകള്‍ പ്രകാരം, ഈ പ്രോജക്ട് സംസ്ഥാനത്തെ 1612 പ്രാഥമിക സഹകരണ സംഘങ്ങളും അവയുടെ ശാഖകളും ചേർത്ത് 4415 ഇടങ്ങളില്‍ സംസ്ഥാനതല സോഫ്റ്റ്വെയര് നടപ്പാക്കലിനായിരുന്നു. ദിനേശ് സഹകരണ സംഘത്തെയാണ് സര്‍ക്കാര്‍ പ്രോജക്ട് ചുമതല ഏല്പിക്കുന്നത്.
എന്നാല്‍, ദിനേശ് സഹകരണ സംഘം സമര്‍പ്പിച്ചതിനേക്കാള്‍ നാലിലൊന്നു തുക മാത്രം ക്വോട്ട് ചെയ്ത മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കോഓപറേറ്റിവ് സൊസൈറ്റി(മിറ്റ്കൊ)യെ സര്‍ക്കാര്‍ ഒഴിവാക്കി. വ്യക്തതയില്ലാത്ത ടെൻഡറാണ് ദിനേശ് സഹകരണ സംഘം സമര്‍പ്പിച്ചത്. 4415 ബാങ്ക് ശാഖകള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ ദിനേശ് സമര്‍പ്പിച്ചത് 280 ശാഖകളില്‍ സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിന് 49.9 കോടി രൂപയുടെ ബിഡ്.
അതേസമയം മിറ്റ്കോ നല്‍കിയത് 231.7 കോടി രൂപയുടെ ബിഡ്. ഇത് ഏതാണ്ട് ടാറ്റാ കണ്‍സള്‍ട്ടന്‍സി പറഞ്ഞ ബിഡ് തുകക്ക് ഏതാണ്ട് അടുത്തു നില്ക്കുന്നു. ദിനേശ് ഒരു ശാഖക്ക് ചെലവ് സമർപിച്ചത് 17.8 ലക്ഷം രൂപയാണ്. മിറ്റ് കോ 4415 ശാഖകളില്‍ സ്ഥാപിക്കാന്‍ നല്കിയ ബിഡ് വെച്ചു നോക്കുമ്പോള്‍ ഒരു ശാഖക്ക് 5.24 ലക്ഷം രൂപ മാത്രമേ ആകുന്നുള്ളു. സഹകരണ സംഘ മേഖലയില്‍ പിടിമുറുക്കുന്നതിന് ദിനേശ് സഹകരണ സംഘത്തെ ഉപയോഗിച്ചുള്ള കള്ളക്കളിയാണെന്ന് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

