ലഹരിക്ക് അനുകൂലമായ ഒരുനിലപാടും വേണ്ട; പൊതുസമൂഹം അംഗീകരിക്കില്ല -മാര്‍ ജോസഫ് പാംപ്ലാനി
text_fieldsതലശ്ശേരി: ലഹരിക്ക് അനുകൂലമെന്ന് തോന്നിക്കുന്ന ഒരു നിലപാടും ആരും സ്വീകരിക്കരുതെന്നും ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു നീക്കത്തെയും പൊതുസമൂഹം അംഗീകരിക്കില്ലെന്നും തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട് നിയമസഭയിലും മുന്നണിയിലും ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
അതേസമയം, വിവാദങ്ങള്‍ക്കിടയിലും തുറന്ന ചര്‍ച്ചക്ക് തയാറായ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആര്‍ജവം പ്രശംസനീയമാണെന്ന് പാംപ്ലാനി പറഞ്ഞു. ബജറ്റ് നിർദേശത്തില്‍ വിപുലമായ ചര്‍ച്ചയാകാമെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹവും ധീരവുമാണ്. പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരുടെ നിലപാടുകളെ തള്ളിക്കളയാന്‍ ഈ തീരുമാനത്തിലൂടെ സാധിച്ചു.
എന്നിരുന്നാലും, ബജറ്റിലെ ഈ നികുതി പരിഷ്‌കാരം പിന്‍വലിക്കാതെ ധനബില്ലിന്റെ ഭാഗമായി തന്നെ നിയമസഭയില്‍ അവതരിപ്പിക്കാനാണ് സതീശന്‍ തീരുമാനിച്ചിരിക്കുന്നത്. വിഷയത്തില്‍ പ്രതിപക്ഷ മുന്നണിക്കുള്ളില്‍ സമഗ്രമായ ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ നടക്കും.
വീര്യം കുറഞ്ഞ മദ്യം പോലും അപകടകരമാണെന്ന മുന്‍ എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ്ങിന്റെ പഴയ മുന്നറിയിപ്പും ഈ സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. 2018-ല്‍ അദ്ദേഹം നികുതി സെക്രട്ടറി ആശ തോമസിന് അയച്ച കത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്.
വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ 2017ൽ ബക്കാഡി കമ്പനി ആരംഭിച്ച നീക്കത്തിന് തടസ്സമായത് എക്സൈസ് കമീഷണറായിരുന്ന ഋഷിരാജ് സിങ് ആയിരുന്നു. വീര്യം കുറഞ്ഞ മദ്യത്തിന് എതിരെ സിങ് നിലപാട് എടുത്തിരുന്നു.
വീര്യം കുറഞ്ഞ മദ്യം സ്കൂൾ കുട്ടികൾ ശീതള പാനീയം പോലെ ഉപയോഗിക്കുമെന്ന് കത്തിൽ പരാമർശമുണ്ട്. വീര്യം കൂടിയ മദ്യത്തിലേക്കുള്ള ചവിട്ടുപടിയാകും ഈ നയമെന്നും മുന്നറിയിപ്പ് നൽകി. വീര്യം കുറവാണെങ്കിലും മദ്യം തന്നെയാണത്. ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

