ഹിന്ദുത്വ രാഷ്ട്രീയം ചെറുക്കാൻ സോഷ്യലിസ്റ്റ് ചിന്തകൾക്ക് സാധിക്കും -സെമിനാർ
text_fieldsതൃക്കരിപ്പൂരിൽ നടന്ന ദക്ഷിണേന്ത്യൻ സോഷ്യലിസ്റ്റ് സമ്മേളനത്തിൽ ഡോ. രാജാറാം തോൽപ്പാടി സംസാരിക്കുന്നു
തൃക്കരിപ്പൂർ: ഹിന്ദുത്വരാഷ്ട്രീയത്തിനെതിരായ പ്രതിരോധത്തിൽ ഇന്ത്യൻ സോഷ്യലിസ്റ്റ് ചിന്തകൾക്ക് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് കർണാടകയിലെ പ്രശസ്തനായ എഴുത്തുകാരനും സോഷ്യലിസ്റ്റുമായ ഡോ. രാജാറാം തോൽപാടി. ലോഹ്യ വിചാരവേദിയുടെ നേതൃത്വത്തിൽ ശാന്താവരി ഗോപാലഗൗഡ ജന്മശതാബ്ദി സമ്മേളനവും സൗത്തിന്ത്യൻ സോഷ്യലിസ്റ്റ് സംഗമത്തിന്റെയും ഭാഗമായി നടന്ന സെമിനാറിൽ വിഷയമവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ വൈവിധ്യങ്ങളേയും സംസ്കാരധാരകളേയും ഉൾക്കൊണ്ട സോഷ്യലിസ്റ്റ് ദർശനമാണ് ഇന്ത്യൻ സോഷ്യലിസ്റ്റുകൾ മുന്നോട്ടുവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെ ശക്തമായ മുന്നേറ്റം വളർന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്വ. രജനാർക്ക് അധ്യക്ഷത വഹിച്ചു. ഡോ. വർഗീസ് ജോർജ്, വി.എ. ലത്തീഫ് എന്നിവർ സംസാരിച്ചു. ഡോ. എ. വിനയൻ സ്വാഗതവും എ. മുകുന്ദൻ നന്ദിയും പറഞ്ഞു. രണ്ടാമത്തെ സെഷൻ കർണാടകയിലെ കർഷകനേതാവ് രാമകൃഷ്ണ പൈ ഉദ്ഘാടനം ചെയ്തു.
ടി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മൂന്നുതവണ എം.എൽ.എ ആയിരുന്നിട്ടും അതിന്റെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താതെ എളിയ ജീവിതം നയിച്ച വ്യക്തിയായിരുന്നു ശാന്താവരി ഗോപാൽ ഗൗഡയെന്ന് അനുസ്മരിച്ചു.
ആക്ടിവിസ്റ്റ് ആലിബാബ, പി.എം. തോമസ്, ഇ.വി. ഗണേശൻ, പി.വി. തമ്പാൻ, വി.വി. വിജയൻ, കെ. ചന്ദ്രൻ, ഇ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സാംസ്കാരിക സമ്മേളനത്തിൽ എഴുത്തുകാരൻ പി.എൻ. ഗോപീകൃഷ്ണൻ പ്രഭാഷണം നടത്തി. കെ. രാജീവ് കുമാർ, വിജയരാഘവൻ ചേലിയ, സി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സെമിനാറിൽ ആന്ധ്ര, കർണാടക, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിൽനിന്നെത്തിയ പ്രതിനിധികളും കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നുള്ള പ്രവർത്തകരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

