വീട് 1200 ചതുരശ്ര അടിയിലേറെയുണ്ടോ? സാമൂഹിക സുരക്ഷാപെൻഷൻ കിട്ടില്ല
text_fieldsകാസർകോട്: 1200 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുള്ളവർക്ക് സാമൂഹിക സുരക്ഷാപെൻഷനില്ല. പെൻഷൻ മാനദണ്ഡം പരിഷ്കരിക്കുമെന്ന 2018-19 വർഷത്തെ ബജറ്റ് പ്രസംഗം അടിസ്ഥാനമാക്കി ധനവകുപ്പാണ് പുതിയ ഉത്തരവിറക്കിയത്. 1000 സി.സി എൻജിൻ ശേഷിയുള്ള ടാക്സി ഇതരവാഹനമുള്ളവരെയും പെൻഷനിൽനിന്ന് ഒഴിവാക്കി.
പുതിയ അപേക്ഷകർക്ക് ക്ഷേമനിധി അല്ലെങ്കിൽ സാമൂഹിക സുരക്ഷാപെൻഷൻ ഏതെങ്കിലും ഒന്നേ ലഭിക്കുകയുള്ളൂ. 1000 രൂപയാണ് സാമൂഹിക സുരക്ഷാപെൻഷൻ. 42 ലക്ഷം പേർ സാമൂഹിക സുരക്ഷാപെൻഷൻ വാങ്ങുന്നുണ്ട്. ഇവരിൽ മരിച്ചവർ, വിധവകളായി സുരക്ഷാപെൻഷന് അർഹത നേടിയശേഷം പുനർവിവാഹിതരായവർ, കാണാതായവർ എന്നിവരുടെ പേരിൽ പെൻഷൻ കൈപ്പറ്റുന്നുണ്ട് എന്നാണ് ധനവകുപ്പ് പറയുന്നത്. ഇതുവരെ ഇത്തരം ക്രമക്കേടുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇനിമുതൽ ആധാറിെൻറ അടിസ്ഥാനത്തിൽ അനർഹരെ ഒഴിവാക്കുകയും പുതിയ അപേക്ഷ സ്വീകരിക്കുകയും ചെയ്യും. നടപടി പൂർത്തിയാകുേമ്പാൾ 10 ലക്ഷം പേർ ഒഴിവാകുമെന്നാണ് കണക്കുകൂട്ടുന്നത്.
ഒന്നിലധികം പെൻഷനുകൾ കൈപ്പറ്റുന്നത് പരിശോധിക്കാൻ ബ്ലോക്ക് തലത്തിൽ മഹിളാ പ്രധാൻ, എസ്.എ.എസ് ഏജൻറുമാരെ നിയോഗിക്കും. ഇതിനായി 10,333 ടാബുകൾ ഏജൻറുമാർക്ക് അനുവദിക്കും. ഇത് വാങ്ങുന്നതിന് െഎ.ടി മിഷനെ ചുമതലപ്പെടുത്തിയതായും ധനവകുപ്പ് കഴിഞ്ഞയാഴ്ച ഇറക്കിയ ഉത്തരവിൽ പറഞ്ഞു.
ആധാർ ആയിരിക്കും ഇരട്ട പെൻഷൻ സാധൂകരണത്തിന് ഉപയോഗിക്കുക. വികലാംഗ പെൻഷൻ വാങ്ങുന്നവർക്ക് മാനദണ്ഡമനുസരിച്ച് മറ്റൊരു പെൻഷൻ 600 രൂപ നിരക്കിൽ അനുവദിക്കും. ഇ.പി.എഫ് പെൻഷൻ ലഭിക്കുന്നവർക്കും ക്ഷേമനിധി ബോർഡ് പെൻഷൻ ലഭിക്കുന്നവർക്കും മറ്റൊരു പെൻഷൻ 600 രൂപ നിരക്കിൽ ലഭിക്കും. ആധാർ ഉണ്ടെങ്കിൽ മാത്രമേ സാമൂഹിക സുരക്ഷാപെൻഷൻ അപേക്ഷ ഡാറ്റാ എൻട്രി ചെയ്യാൻ കഴിയുകയുള്ളൂ. അപേക്ഷ പരിശോധിക്കാതെ അനർഹമായി പെൻഷൻ അനുവദിച്ചത് കണ്ടെത്തിയാൽ ബന്ധപ്പെട്ട പ്രാദേശിക ഭരണകൂട സെക്രട്ടറിക്കെതിരെയാകും നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
