ക്ഷേമ പെൻഷൻ വിതരണം തുടങ്ങി; കുടിശ്ശിക അടക്കം 3600 രൂപ
text_fieldsതിരുവനന്തപുരം: വർധിപ്പിച്ച ക്ഷേമപെൻഷൻ വിതരണം തുടങ്ങി. 3600 രൂപയാണ് ഈ മാസം ഗുണഭോക്താക്കൾക്ക് നൽകുന്നത്. വർധിപ്പിച്ച പെൻഷൻ 2000 രൂപയും ഒരു ഗഡു കുടിശിക 1600 രൂപയും ഉൾപ്പെടുത്തിയാണിത്. നേരത്തെ ഉണ്ടായിരുന്ന അഞ്ച് മാസത്തെ കുടിശ്ശിക തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഘട്ടംഘട്ടമായാണ് കൊടുത്തുതീർത്തത്.
ക്ഷേമ പെൻഷൻ വിതരണത്തിനായി 1864 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. വർധിപ്പിച്ച പെൻഷൻ വിതരണത്തിന് 1042 കോടി രൂപയും ഒരു ഗഡു കുടിശിക വിതരണത്തിന് 824 കോടി രൂപയുമാണ് അനുവദിച്ചത്. ഇതോടെ ക്ഷേമ പെൻഷൻ കുടിശിക പൂർണമായും കൊടുത്തു തീർക്കുകുകയാണെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചിരുന്നു.
കേന്ദ്ര സർക്കാർ നയ സമീപനങ്ങളുടെ ഭാഗമായി 2023-24 സാമ്പത്തിക വർഷത്തിൽ സംസ്ഥാനം നേരിടേണ്ടിവന്ന കടുത്ത സാമ്പത്തിക ഞെരുക്കത്തിന്‍റെ പശ്ചാത്തലത്തിലാണ് ക്ഷേമ പെൻഷൻ അഞ്ചു ഗഡു കുടിശികയായതെന്നാണ് സർക്കാർ പറയുന്നത്. അവയുടെ വിതരണത്തിനായുള്ള സമയക്രമം 2024 ജൂലൈയിൽ മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. അത് അനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം കുടിശികയുടെ രണ്ടു ഗഡുക്കൾ നൽകി. ഈ സാമ്പത്തിക വർഷത്തിന്‍റെ പകുതിയിൽ തന്നെ ബാക്കിയുള്ളതിൽ രണ്ടു ഗഡുക്കളുടെയും വിതരണം പൂർത്തിയാക്കി. ഇതിന്‍റെ തുടർച്ചയായാണ് അവസാന ഗഡു കുടിശികയും നൽകുന്നത്. 2024 ഏപ്രിൽ മുതൽ അതാത് മാസം തന്നെ പെൻഷൻ ഗുണഭോക്താക്കളുടെ കൈകളിലെത്തി.
സാര്‍വത്രിക ക്ഷേമ പെന്‍ഷന്‍ ഉറപ്പാക്കിയ ഏക സംസ്ഥാനം കേരളമാണ്. പ്രതിമാസം മുടക്കമില്ലാതെ 62 ലക്ഷത്തോളം പേര്‍ക്കാണ് പെൻഷൻ ലഭിക്കുന്നത്. ഗുണഭോക്താക്കളിൽ പകുതിയോളം പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെൻഷൻ എത്തിക്കുന്നു. വർധിപ്പിച്ച പെൻഷൻ വിതരണത്തിന് പ്രതിമാസം 1050 കോടിയോളം രൂപ വേണ്ടി വരും. പ്രതിവര്‍ഷ ചെലവ് 13,000 കോടിയോളം രൂപ വകയിരുത്തണം.
ഈ സര്‍ക്കാര്‍ ഇതുവരെ ക്ഷേമ പെൻഷൻ വിതരണത്തിന് അനുവദിച്ചത് 45,517 കോടി രൂപയാണ്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ കാലയളവില്‍ 35,154 കോടി രൂപ വിതരണം ചെയ്തു. ഇത് 2011-16 കാലത്തെ 18 മാസത്തെ കുടിശ്ശിക ഉള്‍പ്പെടെയാണ്. ഒമ്പതര വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ചെലവിട്ടത് 80, 671 കോടി രൂപ. ക്ഷേമ പെന്‍ഷനിലെ കേന്ദ്ര വിഹിതമുള്ളത് 8.46 ലക്ഷം പേര്‍ക്കുമാത്രം. കേന്ദ്ര സര്‍ക്കാരില്‍നിന്ന് ശരാശരി 300 രൂപവരെയാണ് വ്യക്തികള്‍ക്ക് ലഭിക്കുന്നത്. ഇതിലും 400 കോടിയിൽ അധികം രൂപ കേരളത്തിന് തരാനുണ്ട്. ഈ തുക കൂടി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ നല്‍കുന്നു.
ക്ഷേമപെന്‍ഷന്‍ 600 രൂപയില്‍ നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചത് പിണറായി സര്‍ക്കാരുകളാണ്. 2011ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 100 രൂപ വര്‍ധിപ്പിച്ച് 600 രൂപയാക്കിയ ക്ഷേമപെന്‍ഷൻ ഒന്നാം പിണറായി സർക്കാർ 1600 രൂപയിലേക്ക് ഉയർത്തി. അത് ഈ സർക്കാർ 2000 രൂപയായി വർധിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

