പുതിയ ക്ഷേമപെൻഷനും കുടിശ്ശികയും ഈമാസം തന്നെ കൊടുക്കും -മന്ത്രി ബാലഗോപാൽ
text_fieldsകാസർകോട്: കഴിഞ്ഞമാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക 1,600 രൂപയും പുതിയ പെൻഷനായ 2,000 രൂപയും ഉടൻ എല്ലാവർക്കും നൽകുമെന്ന് മന്ത്രി ബാലഗോപാൽ. കേരളത്തിലെ എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി അനുഭാവികൾ എന്നുള്ള വ്യത്യാസമില്ലാതെ എല്ലാവർക്കും കിട്ടുന്ന വലിയ ആനുകൂല്യമാണിതെന്നും മന്ത്രി പറഞ്ഞു.
‘സാധാരണ പെൻഷൻ കൈയിലുത്തുന്ന സമയത്ത് തന്നെ 3600 രൂപ നൽകും. ഇത് വെറുതെ പറഞ്ഞതല്ല, കൊടുക്കാൻ വേണ്ടി തന്നെയാണ് എന്ന് തെളിയിക്കാനാണ്’-അദ്ദേഹം വ്യക്തമാക്കി.
1600 രൂപയിൽ നിന്ന് 2000 രൂപയാക്കി സാമൂഹികക്ഷേമ പെൻഷനുകൾ ഉയർത്തിയത് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സ്ത്രീകൾക്കായി പ്രത്യേക പെൻഷൻ പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ ജനപ്രിയ പ്രഖ്യാപനങ്ങൾ.
ഇതിനായി 3800 കോടി രൂപയായിരിക്കും സർക്കാർ ചെലവിടുക. നിലവിൽ ഒരു സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതിയുടേയും കീഴിൽ വരാത്ത 35 മുതൽ 60 വയസുവരെ പ്രായമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് 1000 രൂപ പെൻഷൻ നൽകുന്നതാണ് പുതിയ പദ്ധതി. 33 ലക്ഷം സ്ത്രീകൾക്ക് പദ്ധതിയുടെ ഗുണം കിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആശവർക്കർമാരുടെ ഓണറേറിയവും ഉയർത്തിയിട്ടുണ്ട്. ആയിരം രൂപയുടെ വർധനവാണ് ഓണറേറിയത്തിൽ വരുത്തിയിരിക്കുന്നത്. യുവാക്കൾക്കായി പുതിയ സ്കോളർഷിപ്പ് പദ്ധതിയും മുഖ്യമന്ത്രി അവതരിപ്പിച്ചു. പ്രതിമാസം ആയിരം രൂപയാണ് യുവാക്കൾക്ക് ലഭിക്കുക. പ്രതിവർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കളാവുക. ഇതിനൊപ്പം കുടുംബശ്രീയുടെ എ.ഡി.എസ് യൂണിറ്റുകൾക്ക് 1000 രൂപ നൽകുന്ന പദ്ധതിയും അവതരിപ്പിച്ചു. പ്രീ പ്രൈമറി ടീച്ചർമാരുടേയും ഗസ്റ്റ് ലക്ചർമാരുടേയും വേതനം വർധിപ്പിച്ചു. സർക്കാർ ജീവനക്കാരുടെ ഡി.എ, ഡി.ആർ കുടിശ്ശിക രണ്ട് ഗഡു നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

