മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ട പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
text_fieldsമലപ്പുറം: സംസ്ഥാന സർക്കാറിനും മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.കെ. ശൈലജ എന്നിവർക്കുമെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മലപ്പുറം പൊലീസ് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ അനീഷ് കുമാറിനെയാണ് ടെലികമ്യൂണിക്കേഷൻ എസ്.പി സസ്പെൻഡ് ചെയ്തത്. സ്പെഷൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് മേലുദ്യോഗസ്ഥർക്ക് സമർപ്പിച്ചതിനെ തുടർന്നാണ് നടപടി.
വാട്സ്ആപ് ഗ്രൂപ്പുകൾ വഴി പ്രചരിച്ച ശബ്ദ സന്ദേശം ഒൗദ്യോഗിക ഗ്രൂപ്പുകളിൽ എത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. പൊലീസ് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ സംഘടന കെ.പി.എ മുൻ ജില്ല കമ്മിറ്റി അംഗമാണ് അനീഷ് കുമാർ.
