സമൂഹ മാധ്യമങ്ങളിലെ ആത്മീയ കച്ചവടം: 'നൂറേ ഹബീബ്' തങ്ങൾക്കെതിരെ വ്യാപക വിമർശനം
text_fieldsനൂറേ ഹബീബ് എന്ന പേരിൽ വിവിധയിടങ്ങളിൽ ആത്മീയ സദസ്സ് സംഘടിപ്പിക്കുന്ന ഹാമിദ് ആറ്റക്കോയ തങ്ങൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനം. ആത്മീയ ചൂഷണത്തിന്‍റെ പുതിയ മാർഗങ്ങളുമായി പലരും അവതരിക്കുകയാണെന്നാണ് പ്രധാന വിമർശനം. ഇത്തരം ചൂഷണങ്ങളെയും ചൂഷകരെയും വിശ്വാസികൾ തിരിച്ചറിയണമെന്ന് ചിലർ ആവശ്യപ്പെടുന്നു. ആത്മീയതയുടെയും ദിക്ർ-ദുആ മജ് ലിസുകളുടെയും പേരിൽ പാവങ്ങളെ ചൂഷണം ചെയ്യാൻ വേദിയൊരുക്കുന്ന സംഘടനകളുടെ കാര്യം മഹാ കഷ്ടമാണെന്ന് പരിതപിക്കുന്നവരും ഏറെയാണ്.
ഹാമിദ് ആറ്റക്കോയ തങ്ങളുടെ വിവിധ പ്രഭാഷണ ശകലങ്ങൾ ചേർത്താണ് പലരുടെയും വിമർശനം. എന്‍റെ പേരിൽ യുട്യൂബ് ചാനലുണ്ടാക്കിയാൽ നിങ്ങൾ രക്ഷപ്പെടുമെന്നും ലക്ഷക്കണക്കിന് ആളുകൾ ഫോളോ ചെയ്യുമെന്നും വിജയിക്കുമെന്നും ഹാമിദ് ആറ്റക്കോയ തങ്ങൾ പറയുന്ന വീഡിയോ വിമർശന കുറിപ്പോടെ നിരവധി പേരാണ് ഷെയർ ചെയ്തത്. തന്നെക്കുറിച്ചുള്ള ഗാനം അദ്ദേഹം തന്നെ സദസ്സിനെ കേൾപ്പിക്കുകയും യുട്യൂബിൽ എല്ലാവരും ഷെയർ ചെയ്യണമെന്നും ലൈക്ക് അടിക്കണമെന്നും ആവശ്യപ്പെടുന്ന വീഡിയോ, കറാമത്ത് (ദിവ്യപ്രവൃത്തി) കാണിക്കുന്ന താനറിയുന്ന ഒരു തങ്ങൾ മദ്യപിക്കാറുണ്ടെന്നുള്ള പ്രഭാഷണ ശകലം എന്നിവയും ഇത്തരത്തിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം, ഹാമിദ് ആറ്റക്കോയ തങ്ങൾക്ക് സമസ്ത നേതാക്കളിൽ സ്വീകാര്യതയും എതിർപ്പും ഉണ്ടെന്ന വിമർശനവും ഇതിനിടയിൽ ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന പരിപാടിയിൽ പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ പരസ്യം ചെയ്തെങ്കിലും വിട്ടുനിന്നതായാണ് വിവരം. എന്നാൽ, പരിപാടിയുടെ പരസ്യം സമസ്തയുടെ തന്നെ പത്രത്തിൽ പ്രസദ്ധീകരിച്ചതിനെ ചിലർ സമൂഹ മാധ്യമങ്ങളിൽ ചോദ്യം ചെയ്യുന്നു.
'നൂറെ ഹബീബ് തങ്ങളുടെ തട്ടിപ്പുകൾ പുറത്ത് വരുന്നു' എന്ന തലക്കെട്ടിൽ നിരവധി വീഡിയോകളാണ് യുട്യൂബിലും മറ്റു സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നത്. കോവിഡ് കാലത്ത് യുട്യൂബ് ചാനലുകളും ഫേസ്ബുക്ക് പേജുകളും ഉണ്ടാക്കി ഗൂഗിൾ പേ നമ്പറും നൽകി പണം അയപ്പിച്ച് വിശ്വാസികളെ തട്ടിപ്പിനിരയാക്കുന്നവർക്കെതിരെ നിരവധി പേരാണ് രംഗത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

