ലോകകപ്പ് ജേഴ്സികൾക്ക് തീവില; സ്കൂളുകളിലെ ഫാൻ മീറ്റുകളിൽ വലഞ്ഞ് രക്ഷിതാക്കൾ
text_fieldsകോഴിക്കോട്: ലോകകപ്പ് എത്തിയതോടെ നാടും നഗരവും പ്രിയപ്പെട്ട ടീമുകളുടെ പതാകകളും ബാനറുകളും കൊണ്ട് അലങ്കരിച്ചുകഴിഞ്ഞു. ആരാധകർക്കിടയിൽ തങ്ങളുടെ ഇഷ്ടതാരങ്ങളുടെ ജേഴ്സി അണിഞ്ഞു നടക്കുക എന്നത് ഒരു ട്രെൻഡ് തന്നെയായി മാറിയിരിക്കുന്നു. പ്രിയ താരങ്ങളുടെ ജേഴ്സിക്കായി ഡിമാന്‍റ് കൂടിയതോടെ വിൽപന പൊടിപൊടിക്കുകയാണ്. എന്നാൽ, ഈ സാഹചര്യം മുതലെടുത്ത് കച്ചവടക്കാർ കൊള്ളവിലയാണ് ജേഴ്സിക്ക് ഈടാക്കുന്നത്. സ്കൂളുകളിൽ ലോകകപ്പിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫാൻമീറ്റുകൾ കൂടിയായതോടെ തോന്നിയ വിലയാണ് മിക്കയിടങ്ങളിലും.
അർജന്റീനയുടെ ലയണൽ മെസ്സിയും പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് ഇത്തവണയും വിപണിയിലെ താരം. ഇരുവർക്കും പുറമെ ബ്രസീലിന്റെ നെയ്മർ, ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ, സ്പെയിനിന്റെ യുവതാരം ലമിൻ യമാൽ എന്നിവരുടെ ജേഴ്സികൾക്കും വൻ ഡിമാൻഡാണ്. 100 രൂപ മുതൽ 250 രൂപ വരെയാണ് സാധാരണ വിലയെങ്കിലും, ഡിമാൻഡ് കൂടുന്നതനുസരിച്ച് പലയിടത്തും വ്യാപാരികൾ തോന്നിയ പോലെ വില ഈടാക്കുന്നതായി പരാതികളുണ്ട്. പല പ്രമുഖ കടകളിലും സ്റ്റോക്ക് പൂർണ്ണമായും തീർന്നതോടെ പ്രിയ താരങ്ങളുടെ ജേഴ്സി കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്.
സ്കൂളുകളിലും കോളേജുകളിലും ഓഫീസുകളിലും ലോകകപ്പ് ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. സ്കൂളുകളിൽ ഈ ആഘോഷങ്ങൾ അല്പം കടന്നുപോവുകയാണെന്ന വിമർശനം ഉയരുന്നുണ്ട്. പല സ്കൂളുകളിലും ലോകകപ്പ് പരിപാടികളിൽ പങ്കെടുക്കാൻ പ്രത്യേക ജേഴ്സികൾ നിർബന്ധമാക്കുന്നു. ഇതിൽ പ്രയാസപ്പെടുന്നത് സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന രക്ഷിതാക്കളാണ്. ആഘോഷങ്ങളുടെ പേരിൽ കുട്ടികൾക്കിടയിൽ ജേഴ്സി നിർബന്ധമാക്കുമ്പോൾ, അത് വാങ്ങാൻ കഴിയാത്ത രക്ഷിതാക്കളുടെ മക്കൾക്ക് വലിയ അപമാനവും മാനസിക പ്രയാസവുമാണ് ഉണ്ടാകുന്നത്.
ആഘോഷം കുട്ടികൾക്കിടയിൽ സൗഹൃദം വളർത്താനാണ്, മറിച്ച് അവർക്കിടയിൽ സാമ്പത്തിക അന്തരം ഉണ്ടാക്കാനല്ല എന്ന് സാമൂഹിക പ്രവർത്തകർ ഓർമ്മിപ്പിക്കുന്നു. പരിപാടികളിൽ ജേഴ്സി അണിഞ്ഞവർ ഒരു വശത്തും, അല്ലാത്തവർ മറുവശത്തുമായി നിൽക്കേണ്ടി വരുന്ന സാഹചര്യം കുട്ടികളുടെ മനോവീര്യം തകർക്കും. നിർബന്ധിത ജേഴ്സി വാങ്ങൽ അടിച്ചേൽപ്പിക്കുമ്പോൾ, അത് ഒരുവിധം പട്ടിണി മാറ്റാൻ പാടുപെടുന്ന രക്ഷിതാക്കളുടെ ബജറ്റ് താളം തെറ്റിക്കുന്നു. വിലക്കയറ്റവും പണപ്പെരുപ്പവും കൊണ്ട് നട്ടംതിരിയുന്ന സാധാരണക്കാരന് ഈ അനാവശ്യ ചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്.
ആഘോഷങ്ങൾ ലളിതവും എല്ലാവർക്കും പങ്കുചേരാൻ കഴിയുന്നതുമാകണമെന്ന ആവശ്യവും ഇതിനോടകം ഉയർന്നു കഴിഞ്ഞു. ഏതായാലും, ആവേശക്കടലിൽ മുങ്ങിയിരിക്കുമ്പോഴും, വിപണിയിലെ അമിതവിലയും സ്കൂളുകളിലെ നിബന്ധനകളും സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒരു ബാധ്യതയായി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

