സ്‌നേഹ ഹസ്തം ആരോഗ്യപദ്ധതിക്ക് ആദിവാസി മേഖലകളില്‍ തുടക്കം
text_fieldsതിരുവനന്തപുരം: ആദിവാസി ജനതക്ക് ആരോഗ്യ സേവനങ്ങള്‍ നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യവുമായി സ്‌നേഹ ഹസ്തം പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. വഴുതക്കാട് വനം വകുപ്പ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിച്ചു. ആദിവാസി മേഖലകളിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതുള്‍പ്പെടെയുളള കാര്യങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
ആരോഗ്യ, പട്ടികജാതി പട്ടിക വര്‍ഗ വകുപ്പുകളുമായി ചേര്‍ന്നുകൊണ്ട് വനംവകുപ്പ് ഐ.എം.എ.യുടെ സഹകരണത്തോടെ കേരളത്തിലെ 100 ആദിവാസി കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌നേഹ ഹസ്തം ഒന്നാം ഘട്ടത്തില്‍ മുപ്പത് സ്ഥലത്താണ് ആരംഭിക്കുന്നത്. അതിന്റെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ പോരായ്മകള്‍ പരിഹരിച്ച ശേഷ മായിരിക്കും ബാക്കി കാമ്പുകള്‍ നടത്തുക.
ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള വിവിധകാര്യങ്ങളില്‍ ബോധ വത്കരണവും ഇതോടൊപ്പം ഉണ്ടാകും. കേരളം എല്ലാ കാര്യത്തിലും മാതൃക സൃഷ്ടിച്ചിട്ടുണ്ട്. ഈ മേഖലയിലും പുതിയ മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ട് ആദിവാസി മേഖലയിലെ ജനജീവിതം അനായാസമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയണം എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളതെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ മന്ത്രി കെ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എല്ലാ വകുപ്പുകളും ഏകോപിപ്പിച്ച് നടത്തിയ പ്രവര്‍ത്തനത്താല്‍ ഒട്ടേറെ ആദിവാസി ഊരുകളിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആദിവാസി ജനതക്കായി ആരോഗ്യ കാമ്പുകള്‍ നടത്തി അവസാനിപ്പിക്കുകയല്ല, മറിച്ച് ഈ ജനതയെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. മെഡിക്കല്‍ കാമ്പുകള്‍ക്ക് തുടര്‍ച്ചയുണ്ടാകുമെന്നും 30 കാമ്പുകള്‍ നടത്തി പോരായ്മകള്‍ അവലോകനം ചെയ്ത് പരിഹരിച്ച ശേഷം ബാക്കി ക്യാമ്പുകള്‍ ഘട്ടം ഘട്ടമായി നടത്തുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

