You are here
വെള്ളാപ്പള്ളിയെ അനുനയിപ്പിച്ച് എസ്.എൻ.ഡി.പിയെ കൂടെക്കൂട്ടാൻ അയ്യപ്പ കർമ സമിതിയുടെ നീക്കം
ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വെള്ളാപ്പള്ളി നടേശനെ അനുനയിപ്പിച്ച് കൂടെ നിർത്താൻ അയ്യപ്പ കർമ സമിതിയുടെ നീക്കം. അതിനായി കർമ സമിതി പ്രതിനിധികൾ ഇന്ന് വൈകുന്നേരം ഏഴിന് കളിച്ചുകുളങ്ങരയിലെ വീട്ടിലെത്തി വെള്ളാപ്പള്ളിയെ സന്ദർശിക്കും.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട സമരങ്ങളിൽ എസ്.എൻ.ഡി.പിയെ കൂടെ നിർത്തുന്നതിനാണ് ശ്രമം. അതിനായി വെള്ളാപ്പള്ളിയെ കൂടാതെ മറ്റ് എസ്.എൻ.ഡി.പി നേതാക്കളേയും പ്രതിനിധി സംഘം സന്ദർശിക്കും.
ശബരിമല സമരവുമായി ബന്ധപ്പെട്ടള് നടത്തിയ ഹിന്ദു നേതൃസമ്മേളനത്തിൽ 65 ഹിന്ദു സംഘടനകൾ പെങ്കടുത്തിരുന്നു. എന്നാൽ സമ്മേളനത്തിൽ നിന്ന് എസ്.എൻ.ഡി.പി വിട്ടു നിന്നത് എല്ലാവരുടെയും ശ്രദ്ധയിൽ പെട്ടിരുന്നു. ഇതാണ് നേതൃത്വത്തെ അനുനയിപ്പിക്കാനുള്ള നീക്കത്തിന് പിന്നിൽ. എസ്.എൻ.ഡി.പി യോഗം കൗൺസിൽ നടക്കുന്നതുകൊണ്ടാണ് പ്രതിനിധികൾ ഹിന്ദു നേതൃസമ്മേളനത്തിന് എത്താതിരുന്നത് എന്നാണ് വിശദീകരണം.
എസ്.എൻ.ഡി.പിയുടെ പിന്തുണ ഉറപ്പാക്കാൻ ആവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് ബിജു പറഞ്ഞു.