പാമ്പുകടിയിൽ കേരളം: ജാഗ്രത വേണമെന്ന് അധികൃതർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടി കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. ഇന്ന് മാത്രം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ 15 പാമ്പുകടി കേസുകളാണ് റിപ്പോർട്ട് ചെയ്തുവെന്ന് 108 ആംബുലൻസ് സർവിസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ന് രണ്ടുപേരാണ് പാമ്പ് കടിയേറ്റ് മരണപ്പെട്ടത്. കണ്ണൂരിലും ഇടുക്കിയിലും പാമ്പ് കടിയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇടുക്കി കാഞ്ഞാറിൽ എഴുപത്തിയഞ്ചുകാരിയായ വിശാലാക്ഷിയാണ് മരിച്ചത്. കണ്ണൂർ തളിപ്പറമ്പ് പട്ടുവം സ്വദേശിനി നഫീസ (70) പാമ്പു കടിയേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടു. ശംഖുവരയനാണ് കടിച്ചതെന്ന് പരിയാരം മെഡിക്കൽ കോളജ് അധികൃതർ സ്ഥിരീകരിച്ചു.
കോട്ടയത്തും കോഴിക്കോടും മൂന്ന് കേസുകൾ വീതം റിപ്പോർട്ട് ചെയ്തു. മലപ്പുറം കൈനോട് സ്വദേശിയുടെ പതിനാറുകാരിയായ മകൾക്കും തിരുവനന്തപുരം മൂങ്ങോട് സ്വദേശി ഹന്ന ഫാത്തിമക്കും (14) പാമ്പുകടിയേറ്റു. കോഴിക്കോട് താമരശ്ശേരിയിൽ ചെമ്പ്ര സ്വദേശി ശിൽപ്പ (20), ഉള്ള്യേരിയിൽ പുതിയോട്ടിൽ സുധീഷ് (42) എന്നിവർക്കും ഇന്ന് പാമ്പുകടിയേറ്റു. ഇവർ മെഡിക്കൽ കോളജ് ആശുപത്രികളിൽ ചികിത്സയിലാണ്. പത്തനംതിട്ട തിരുവല്ല കുറ്റപ്പുഴയിലെ എ.ടി.എം കൗണ്ടറിനുള്ളിലും പാമ്പിനെ കണ്ടെത്തിയത്. പണം പിൻവലിക്കാൻ എത്തിയ ആൾ പാമ്പിനെ കണ്ട് സമീപത്തുള്ളവരെ വിവരമറിയിക്കുകയായിരുന്നു. പാലക്കാട് കൂട്ടുപാതയിൽ വീടിന്റെ കിടപ്പുമുറിയിൽ അലമാരക്കടിയിൽനിന്ന് മൂർഖൻ പാമ്പിനെ സർപ്പ വളന്റിയർ പിടികൂടി.
കൊല്ലത്ത് യുവാവിന് പാമ്പുകടിയേറ്റു. ചുരുട്ട വിഭാഗത്തിലുള്ള പാമ്പാണ് രാമൻകുളങ്ങര സ്വദേശി സുദേവനെ കടിച്ചത്. കൊച്ചി ചെറായിയിൽ എത്തിയ വിനോദസഞ്ചാരിയായ യുവതിക്കും പാമ്പുകടിയേറ്റു. കോയമ്പത്തൂർ സ്വദേശി ശർമിള നിലവിൽ ചികിത്സയിലാണ്.
തൃശൂരിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ ആശുപത്രി ചെലവ് സർക്കാർ വഹിക്കുമെന്ന് അറിയിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അനോഷ് ചികിത്സയിൽ കഴിയുന്നത്. അനോഷ് അപകടനില തരണം ചെയ്തതായും വെന്റിലേറ്ററിൽനിന്ന് മാറ്റിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് ചൂട് വർധിക്കുന്നതാണ് പാമ്പുകടി കേസുകൾ വർധിക്കാൻ കാരണമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ പറഞ്ഞു. വെളിച്ചമില്ലാത്ത സ്ഥലങ്ങളിലൂടെ രാത്രി നടക്കരുതെന്നും വീട്ടിനുള്ളിൽ തുണി, വിറക്, എന്നിവ കൂട്ടിയിടരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

