കടിച്ച പാമ്പിനെയും കൊണ്ട് യുവാവ് ആശുപത്രിയിൽ; കൊണ്ടുവന്നത് കുപ്പിയിലടച്ച്
text_fieldsതിരൂർ: കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി ആശുപത്രിയിലേക്ക് കൊണ്ടുവന്ന് യുവാവ്. മലപ്പുറം ആനപ്പടി സ്വദേശിയായ നാസിമാണ് തന്നെ കടിച്ച നീർക്കോലിയുമായി ആശുപത്രിയിൽ എത്തിയത്.
ചൊവ്വാഴ്ച വൈകീട്ടോടേയാണ് സംഭവം. വീട്ടിലേക്ക് വരുന്ന വഴിയിലാണ് നാസിമിന് പാമ്പിന്റെ കടിയേറ്റത്. ഉടൻ തന്നെ പാമ്പിനെ പിടികൂടുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കളോടൊപ്പം പാമ്പുമായി തിരൂർ ജില്ലാ ആശുപത്രിയിൽ എത്തി.
പാമ്പിനെ പരിശോധിച്ചപ്പോഴാണ് വിഷമില്ലാത്ത നീർക്കോലിയാണ് കടിച്ചത് എന്ന കാര്യം വ്യക്തമായത്. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ വെച്ച ശേഷം വിട്ടയച്ചു.
അതിനിടെ, സംസ്ഥാനത്ത് ഇന്നലെ പാമ്പുകടിയേറ്റ 39 പേരെ കനിവ് 108 ആംബുലൻസുകളുടെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 15 കേസുകളിലാണ് പാമ്പ് കടിയേറ്റതായി സ്ഥിരീകരിച്ചത്. കോഴിക്കോട് 4 കേസുകൾ, പത്തനംതിട്ട, പാലക്കാട് 2 കേസുകൾ വീതം, കണ്ണൂർ, കോട്ടയം, മലപ്പുറം, തൃശ്ശൂർ, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഓരോ കേസുകൾ വീതവുമാണ് സ്ഥിരീകരിച്ചത്.
പാമ്പ് കടിയേറ്റതായി സംശയിക്കുന്ന 24 കേസുകളിലും ആംബുലൻസ് സേവനം ലഭ്യമാക്കി. തിരുവനന്തപുരത്ത് ഏഴുപേരെയും കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ അഞ്ച് പേരെ വീതവുമാണ് ആശുപത്രിയിൽ എത്തിച്ചത്. കൊല്ലം, പാലക്കാട് ജില്ലകളിൽ 2 കേസുകൾ വീതവും എറണാകുളം, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ ഓരോ കേസുകൾ വീതം സംശയാസ്പദസാഹചര്യത്തിൽ ആശുപത്രിയിൽ എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

