പാമ്പുകടിയേറ്റ് കുട്ടി മരിച്ച വീട്ടിൽ നാലാമതും പാമ്പ്; നാലും ശംഖുവരയൻ
text_fieldsതൃശൂർ: തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരന്റെ വീട്ടിൽനിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി. കിടപ്പുമുറിയിൽനിന്നാണ് പാമ്പിനെ കണ്ടെത്തിയത്. ഇന്നലെയും ഇവിടെ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു. വീട്ടിൽനിന്ന് ഇതുവരെ നാല് പാമ്പുകളെയാണ് കണ്ടെത്തിയത്. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തും. കുട്ടിയെ കടിച്ച ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് നാലു തവണയും വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയത്.
അതേസമയം, അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന അനോഷിനെ വെന്‍റിലേറ്ററിൽനിന്ന് മാറ്റിയിട്ടുണ്ട്. ട്യൂബുകൾ മാറ്റിയതായി ഡോക്ടർമാർ അറിയിച്ചു. അനോഷ് അച്ഛനും അമ്മയുമായി സംസാരിച്ചു. അമ്മൂമ്മയും ചേച്ചിയുമായും കുട്ടി വിഡിയോ കോളിലും സംസാരിച്ചു. കുട്ടിയെ എഴുന്നേൽപ്പിച്ച് നിർത്തിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അനോഷിന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. കുട്ടി മരുന്നുകളോട് ആദ്യം മുതലേ അനുകൂലമായി പ്രതികരിച്ചതും ചികിത്സയിൽ ഗുണമായി.
ദിവസങ്ങൾക്ക് മുമ്പ് കോടാലിയിലെ വീടിന് ചുറ്റും വനംവകുപ്പ് ഉദ്യോഗസ്ഥർ തീയിട്ടിരുന്നു. ആൽജോയുടെ വീട്ടിൽ രണ്ടാമതും പാമ്പിനെ കണ്ടെത്തിയ സാഹചര്യത്തിലാണ് വനംവകുപ്പ് തീയിട്ടത്. വീട്ടിൽ കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് തീയിട്ടത്. എട്ട് വയസുകാരൻ ആൽജോ കഴിഞ്ഞ ദിവസമാണ് മരിച്ചത്. കുട്ടിയുടെ മരണകാരണം ശംഖ് വരയന്റെ കടിയേറ്റതാണെന്ന് തൃശൂർ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ഫോറൻസിക് സർജന്റെ റിപ്പോർട്ട്. ഭക്ഷ്യവിഷബാധയാണ് കുട്ടിക്ക് എന്നായിരുന്നു പൊലീസ് റിപ്പോർട്ട്.
ദിവസങ്ങൾക്ക് മുമ്പാണ് അബോധാവസ്ഥയിൽ സഹോദരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നാട്ടുകാർ വീട്ടിൽ നടത്തിയ തെരച്ചിലിലാണ് ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ കിടപ്പുമുറിയിൽനിന്ന് കണ്ടെത്തിയത്. അമ്മക്കൊപ്പം ആദ്യം കിടപ്പുമുറിയിൽ നിലത്തും പിന്നെ കട്ടിലിലും കുട്ടികൾ കിടന്നിരുന്നു. അന്നേദിവസം പുലർച്ച രണ്ടുമണിയോടെ വയറുവേദനയും തളർച്ചയും അനുഭവപ്പെട്ടു. രാത്രി കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നമാകാമെന്നാണ് മാതാപിതാക്കൾ കരുതിയത്. വായിൽ നിന്ന് നുരയും പതയും വരാൻ തുടങ്ങിയതോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പാമ്പുകടിയാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് അവിടുത്തെ ഡോക്ടറാണ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തി മിനിറ്റുകൾക്കകം ആൽജോക്ക് ജീവൻ നഷ്ടമാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

