വിമാന ജീവനക്കാരെ ഉപയോഗിച്ച് സ്വർണക്കടത്ത്: വാഗ്ദാനം ചെയ്തത് 60,000 രൂപ
text_fieldsപ്രതീകാത്മക ചിത്രം
കരിപ്പൂർ: വിമാനക്കമ്പനി ജീവനക്കാരെ ഉപയോഗിച്ച് സ്വർണം കടത്താനുള്ള ശ്രമത്തിൽ പിടിയിലായ കാരിയർക്ക് വാഗ്ദാനം ചെയ്തത് 60,000 രൂപ. സെപ്റ്റംബർ 12നാണ് കരിപ്പൂരിൽ വിമാനക്കമ്പനി ജീവനക്കാരുടെ സഹായത്തോടെ കടത്താൻ ശ്രമിച്ച 2.25 കോടി വിലവരുന്ന 4.9 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്. വിമാനക്കമ്പനി ജീവനക്കാരായ കെ.വി. സാജിദ് റഹ്മാൻ, കെ.പി. മുഹമ്മദ് സാമിൽ ഖൈസ് എന്നിവരാണ് അന്ന് അറസ്റ്റിലായത്.
സ്വർണം ദുബൈയിൽ നിന്നെത്തിച്ച വയനാട് സ്വദേശി അഷ്കർ അലി കൊപ്രക്കോടൻ (35) ശനിയാഴ്ച കസ്റ്റംസിൽ കീഴടങ്ങിയിരുന്നു. കാരിയർ എന്ന നിലയിൽ 60,000 രൂപയാണ് വാഗ്ദാനം ചെയ്തതെന്നാണ് ഇയാളുടെ മൊഴി. ദുബൈയിൽനിന്ന് ഷബീബ്, ജലീൽ എന്നിവരാണ് തുക നൽകാമെന്നറിയിച്ചത്.
വിമാനത്താവളത്തിന് പുറത്തെത്തിയാൽ ആളുകൾ ബന്ധപ്പെട്ട് പണം കൈമാറുമെന്നുമായിരുന്നു വാഗ്ദാനം. ഇതനുസരിച്ച് സ്വർണമടങ്ങിയ ബാഗ് എടുക്കാതെ പുറത്തെത്തി ടാക്സിയിൽ വയനാട്ടിലേക്ക് പോയി. എന്നാൽ, രാത്രി സ്വർണം കസ്റ്റംസ് പിടിച്ചതായും ഉടൻ മാറിതാമസിക്കാനും അഷ്കറിനോട് കള്ളക്കടത്ത് സംഘം നിർദേശിച്ചു. തുടർന്ന് ഇയാൾ ബംഗളൂരു വഴി ഡൽഹിയിലെത്തി. അവിടെ നിന്ന് കാഠ്മണ്ഡു വിമാനത്താവളം വഴി ദുബൈയിലേക്ക് പോകാനായിരുന്നു പദ്ധതി. ഇതിനായി നേപ്പാളിലെ ടിക്കറ്റ് ഏജൻസിയെ സമീപിച്ചപ്പോഴാണ് വിദേശത്തേക്ക് പോകാൻ ഇന്ത്യൻ എംബസിയുടെ നിരാക്ഷേപപത്രം (എൻ.ഒ.സി) സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന വിവരം അറിയുന്നത്.ഇതോടെ തീരുമാനം ഉപേക്ഷിച്ച് ഡൽഹി വഴി നാട്ടിലെത്തി. പലതവണ കള്ളക്കടത്തുകാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ കസ്റ്റംസിൽ കീഴടങ്ങുകയായിരുന്നു.
പിടിയിലാകാനുള്ളത് മൂന്നുപേർ
കരിപ്പൂർ: വിമാനക്കമ്പനി ജീവനക്കാരെ ഉപയോഗിച്ച് സ്വർണം കടത്തിയ സംഭവത്തിൽ പിടിയിലായത് അഞ്ചുപേർ. മുഖ്യസൂത്രധാരൻ ഉൾപ്പെടെ മൂന്നുപേരാണ് ഇനി പിടിയിലാകാനുള്ളത്. വിമാനക്കമ്പനി ജീവനക്കാരായ രണ്ടുപേരും സ്വർണം കൊണ്ടുവന്ന വയനാട് സ്വദേശി അഷ്കർ അലിയും പുളിക്കൽ കൊട്ടപ്പുറം സ്വദേശി അറാംതൊടി സമീർ, കൊണ്ടോട്ടി മുസ്ലിയാരങ്ങാടി സ്വദേശി പി.വി. മുഹമ്മദ് ഷാമിൽ എന്നിവരുമാണ് അറസ്റ്റിലായത്.
കോഴിക്കോട് കരുവൻതിരുത്തി സ്വദേശി റിയാസ്, കൊടുവള്ളി സ്വദേശികളായ ഷബീബ് ഹുസൈൻ, ജലീൽ നേർകൊട്ടുപോയിൽ എന്നിവരാണ് പിടിയിലാകാനുള്ളത്. റിയാസിനെ പിടികൂടാൻ കസ്റ്റംസ് ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥരെ തട്ടിത്തെറിപ്പിച്ച് കാറുമായി കടന്നുകളയുകയായിരുന്നു. പിന്നീട് റിയാസിന്റെ കാർ ഫറോക്കിലെ ബന്ധുവിന്റെ വാടകവീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു. ഇതിനിടെയാണ് സമീർ പിടിയിലായത്. റിയാസിന്റെ ഡ്രൈവറായി സ്വർണക്കടത്തിന് കൂട്ടുനിന്ന ഷാമിലിനെയും സ്വർണക്കടത്തിന് ഉപയോഗിച്ച കാറും കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. വിദേശത്തുനിന്ന് വരുന്ന ബാഗേജ് കസ്റ്റംസ് പരിശോധനക്കുമുമ്പ് ടാഗ് മാറ്റിയാണ് സ്വർണം പുറത്തെത്തിക്കുന്നത്. ബാഗേജിലെ രാജ്യാന്തര ടാഗ് മാറ്റി പകരം ആഭ്യന്തര ബാഗേജിലെ ടാഗ് സ്ഥാപിച്ചാണ് തട്ടിപ്പ്.