പ്രതിച്ഛായ വിവാദം: പാർട്ടിയിൽ പുകയുന്ന അമർഷം റിയാസിലൂടെ പുറത്ത്
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിക്കാന്‍ മന്ത്രിമാര്‍ക്ക് ബാധ്യതയുണ്ടെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പരാമർശത്തിൽ പുറത്തായത് പാർട്ടിക്കുള്ളിൽ ഏറെനാളായി പുകയുന്ന അമർഷം. നേതൃത്വത്തിലെ രണ്ടാംനിരക്കെതിരായ ഒളിയമ്പാണ് റിയാസിന്റെ വാക്കുകൾ. റിയാസിനെ പരോക്ഷമായി തള്ളി മന്ത്രി എം.ബി. രാജേഷ് പ്രതികരിച്ചതും അതുകൊണ്ടാണ്.
റിയാസിനെതിരായ രണ്ടാം നിരക്കാരുടെ പൊതുവികാരമാണ് രാജേഷിന്റെ വിശദീകരണം. റിയാസിനെ പിന്തുണച്ച് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തിറങ്ങിയത് സമാനമായ കൂടുതൽ പ്രതികരണം ഉണ്ടാകുന്നത് ഒഴിവാക്കാനാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകൻകൂടിയ മുഹമ്മദ് റിയാസിന്റെ പരാമർശത്തിൽ പാർട്ടിയിൽ പലർക്കും മുറുമുറുപ്പുണ്ട്. തൽക്കാലം പുറത്തേക്ക് വരുന്നില്ലെന്ന് മാത്രം.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ പാർട്ടിയുടെയും ഘടകകക്ഷികളുടെയും മന്ത്രിമാർ പ്രതിരോധിക്കുന്നില്ലെന്നാണ് ചാനൽ അഭിമുഖത്തിൽ റിയാസ് പറഞ്ഞതിന്റെ ചുരുക്കം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആഞ്ഞടിച്ചപ്പോഴെല്ലാം പ്രതിരോധിക്കാൻ മുന്നിലുണ്ടായത് റിയാസ് മാത്രമായിരുന്നു.
സ്വന്തം പ്രതിച്ഛായ ഓര്‍ത്ത് മന്ത്രിമാര്‍ അഭിപ്രായം പറയാന്‍ മടിക്കരുതെന്നും സ്വന്തം വകുപ്പിനെക്കുറിച്ച് മാത്രമല്ല, സർക്കാറിനെതിരായ ആക്രമണങ്ങളിലും മന്ത്രിമാർ അഭിപ്രായം പറയണമെന്നാണ് പാർട്ടി നിർദേശമെന്നും റിയാസ് ചൂണ്ടിക്കാട്ടി. പ്രതിച്ഛായ എന്നത് വലതുപക്ഷ പ്രയോഗമാണെന്നാണ് റിയാസിനുള്ള മറുപടിയായി മന്ത്രി എം.ബി. രാജേഷ് പറഞ്ഞത്. പാര്‍ട്ടിക്ക് ഉപരിയായി ഒരു പ്രതിച്ഛായ വ്യക്തിക്കില്ല.
മന്ത്രിയായാലും അല്ലെങ്കിലും പാര്‍ട്ടിക്കും സര്‍ക്കാറിനും വേണ്ടി സംസാരിക്കുന്നതും നിലകൊള്ളുന്നതും എല്ലാ നേതാക്കളുടെയും കടമയാണെന്നും രാജേഷ് കൂട്ടിച്ചേർത്തു. വ്യക്തിയെയല്ല, പാർട്ടിയെയാണ് പ്രതിരോധിക്കേണ്ടതെന്ന് റിയാസിനെ തിരുത്തുകയാണ് രാജേഷ്. മുഖ്യമന്ത്രിയുടെ മരുമകനായ റിയാസിന് ലഭിക്കുന്ന പ്രാധാന്യത്തെക്കുറിച്ച് സി.പി.എമ്മിലെ മന്ത്രിമാരടക്കം നേതാക്കളില്‍ പലര്‍ക്കും മുറുമുറുപ്പുണ്ട്. റിയാസിന് രാജേഷ് നൽകിയ മറുപടിയിൽ ഇവരിൽ പലരുടെയും പിന്തുണയുണ്ട്.