പൊതുസ്ഥലത്തെ പുകവലി; അഞ്ച് മാസത്തിൽ 19,872 കേസുകൾ, 38.69 ലക്ഷം രൂപ പിഴ ഈടാക്കി
text_fieldsപാലക്കാട്: പൊതുസ്ഥലങ്ങളിൽ പുക വലിച്ചതിന് സംസ്ഥാനത്ത് ഈ വർഷം ആദ്യ അഞ്ച് മാസത്തിൽ രജിസ്റ്റർ ചെയ്തത് 19,872 കേസുകൾ. ഇത്രയും കേസുകളിലായി 38,69,350 രൂപ പിഴ ഈടാക്കി. കോട്പ (സിഗരറ്റ്സ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്ട്സ് ആക്ട്-2003) പ്രകാരമാണ് കേസെടുത്തത്.
2020 മുതൽ 2025 വരെ 4,23,218 കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടതായി പൊലീസിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2020ൽ 40,770 കേസുകളായിരുന്നത് തൊട്ടടുത്ത വർഷം 86,499 ആയി ഉയർന്നു. പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വർധനവാണ് ഇത് വ്യക്തമാക്കുന്നത്. തുടർന്നുള്ള വർഷങ്ങളിലും അര ലക്ഷത്തിലധികം കേസുകളാണ് കോട്പ പ്രകാരം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടത്.
കോട്പ നിയമത്തിലെ സെക്ഷൻ ആറ് (എ) പ്രകാരം ഈ വർഷം മേയ് വരെ 61 കേസുകളാണെടുത്തത്. ഈ വകുപ്പ് പ്രകാരം 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതോ വിൽക്കാനായി നൽകുന്നതോ ശിക്ഷാർഹമായ കുറ്റമാണ്. 2020ൽ 292, 2021ൽ 453, 2022ൽ 1296, 2023ൽ 429, 2024ൽ 414, 2025ൽ 372 എന്നിങ്ങനെയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറ് അടി പരിധിക്കുള്ളിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിനും കൈമാറുന്നതിനും നിരോധനമുണ്ട്. ഇത് ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കും കച്ചവടക്കാർക്കുമെതിരെ സെക്ഷൻ ആറ് (ബി) പ്രകാരം ഈ വർഷം മേയ് വരെ 253 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2020ൽ 903, 2021ൽ 1362, 2022ൽ 2344, 2023ൽ 2552, 2024ൽ 670, 2025ൽ 1172 എന്നിങ്ങനെയാണ് കേസുകളെടുത്തത്.
‘പുകവലി ആരോഗ്യത്തിന് ഹാനികരം’ എന്ന മുന്നറിയിപ്പ്, ചിത്രവിവരണം എന്നിവ പ്രദർശിപ്പിക്കാതെ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിനെതിരെയുള്ള സെക്ഷൻ ഏഴ് പ്രകാരം കഴിഞ്ഞ ആറ് വർഷത്തിൽ 337 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഈ വർഷം ഇതുവരെ കേസുകളുണ്ടായിട്ടില്ല. ഇത്തരം മുന്നറിയിപ്പുകളില്ലാതെ ഉൽപന്നങ്ങൾ നിർമിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. കുറ്റം ആവർത്തിച്ചാൽ തടവ് ശിക്ഷ അഞ്ച് വർഷമായും പിഴത്തുക അഞ്ച് ലക്ഷമായും ഉയരും. ഇത്തരം ഉൽപന്നങ്ങൾ വിൽപന നടത്തുന്നവർക്ക് ഒരു വർഷം വരെ തടവോ 50,000 രൂപ വരെ പിഴയോ രണ്ടും ചേർന്നോ ശിക്ഷ ലഭിക്കാം. കുറ്റം ആവർത്തിച്ചാൽ രണ്ട് വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ ആയി ശിക്ഷ ഉയരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

