എറണാകുളം–കായംകുളം മെമുവിൽ പുക; ട്രെയിനുകൾ വൈകി
text_fieldsബ്രേക്ക് തകരാറിനെ തുടർന്ന് എറണാകുളം-കായംകുളം മെമു പിടിച്ചിട്ടപ്പോൾ
ആലപ്പുഴ: ബ്രേക്ക് തകരാറിനെ തുടർന്ന് എറണാകുളം–കായംകുളം മെമുവിൽ പുക ഉയർന്നത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച രാവിലെ 11.15 ഓടെയാണ് സംഭവം. ട്രെയിൻ മാവേലിക്കര കഴിഞ്ഞ് കായംകുളത്ത് എത്താറായപ്പോൾ ഈരേഴ ഭാഗത്ത് വെച്ചാണ് പുക ശ്രദ്ധയിൽപെട്ടത്.
ട്രാക്കിൽ ജോലി ചെയ്തിരുന്ന ട്രാക് മെയിന്റനർമാർ ട്രെയിനിന്റെ പിൻഭാഗത്തുനിന്ന് വലിയതോതിൽ പുക ഉയരുന്നത് കണ്ടു. ഇവർ ഉടനെ തൊട്ടടുത്ത ലെവൽക്രോസുകളിൽ വിവരം അറിയിക്കുകയായിരുന്നു. ഇവിടെനിന്ന് റെയിൽവേ അധികൃതരെ ബന്ധപ്പെടുകയും അവർ നിർദേശം നൽകിയത് അനുസരിച്ച് കൊയ്‌പ്പള്ളി കാരായ്‌മ ഭാഗത്ത് ട്രെയിൻ നിർത്തുകയും ചെയ്‌തു.
അപ്പോഴേക്കും ഒന്നര കിലോമീറ്ററോളം പിന്നിട്ടിരുന്നു. തുടർന്ന് നടക്കാവ് റെയിൽവേ ഗേറ്റിനടുത്ത് ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കി. റെയിൽവേയുടെ സാങ്കേതിക വിദഗ്‌ധർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ബ്രേക്കിലെ തകരാർ കണ്ടെത്തുകയുമായിരുന്നു. ട്രെയിൻ മൊത്തത്തിലും പാളങ്ങളിലും പരിശോധന നടത്തി.
മെമു പിടിച്ചിട്ടതിനാൽ മറ്റ് ട്രെയിനുകൾ വൈകി. എറണാകുളം–കൊല്ലം മെമു ഒരു മണിക്കൂറും തിരുവനന്തപുരത്തേക്കുള്ള ജനശതാബ്‌ദി എക്‌സ്‌പ്രസ് 40 മിനിറ്റും വൈകി. ഒറ്റ പാളത്തിലൂടെ മാത്രമാണ് ട്രെയിൻ ഗതാഗതം ക്രമീകരിച്ചിരുന്നത്. പിന്നീട് മെമു കായംകുളം റെയിൽവേ സ്റ്റേഷനിലേക്ക് മാറ്റി.
കോട്ടയം വഴി കായംകുളത്തേക്കുള്ള മെമു രാവിലെ 8.45 നാണ് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെട്ടത്.
കനത്തമഴയിൽ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണതിനെ തുടർന്ന് വടക്കൻ കേരളത്തിലും ട്രെയിൻ ഗതാഗതം താറുമാറായിരിക്കുകയാണ്. കോഴിക്കോട്ട് നാലാമത്തെ പ്ലാറ്റ്‌ഫോമിലൂടെ മാത്രമേ ട്രെയിനിന് കടന്നുപോകാൻ സാധിക്കുകയുള്ളൂ.
വിവിധ ട്രെയിനുകളുടെ സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. കോഴിക്കോട് നിന്ന് ഉച്ചക്ക് 1.45ന് പുറപ്പെടേണ്ട തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് കല്ലായിയിൽനിന്നാണ് പുറപ്പെടുക. ബംഗളൂരു യശ്വന്ത്പൂർ എക്സ്പ്രസ് കോഴിക്കോടിന് പകരം വെസ്റ്റ്ഹില്ലിൽ നിന്നാണ് പുറപ്പെടുകയെന്നും റെയിൽവേ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

