കൊച്ചി: മദ്യത്തിെൻറ ഗന്ധമുണ്ടായതുകൊണ്ട് മാത്രം ഒരാൾ മദ്യപിച്ചിട്ടുണ്ടെന്ന് പറയാനാവില്ലെന്ന് ഹൈകോടതി. സ്വകാര്യ സ്ഥലത്ത് മറ്റുള്ളവർക്ക് ശല്യമുണ്ടാക്കാതെ മദ്യപിക്കുന്നത് കുറ്റകരമല്ലെന്നും ജസ്റ്റിസ് സോഫി തോമസിെൻറ ഉത്തരവിൽ പറയുന്നു. മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയെന്നാരോപിച്ച് വില്ലേജ് അസിസ്റ്റൻറിനെതിരെ കാസർകോട് ബദിയഡുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസും കോടതി റദ്ദാക്കി.
2013 ഫെബ്രുവരി 26ന് മണൽവാരൽ കേസിലെ ഒരു പ്രതിയെ തിരിച്ചറിയാൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ തനിക്കെതിരെ മദ്യപിച്ചു പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് കേെസടുക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശിയായ വില്ലേജ് അസിസ്റ്റൻറ് സലീം കുമാറാണ് കോടതിയെ സമീപിച്ചത്.
വൈകുേന്നരം ഏഴിന് പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും പ്രതിയെ തിരിച്ചറിയാനായില്ല. എന്നാൽ, ഇതിനു പിന്നാലെയാണ് തനിക്കെതിരെ കള്ളക്കേസെടുത്തത്.
ഹരജിക്കാരൻ സ്വയം നിയന്ത്രിക്കാനാകാത്ത വിധം മദ്യലഹരിയിലായിരുന്നെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. അതേസമയം, മെഡിക്കൽ പരിശോധനക്ക് ഇയാളെ കൊണ്ടുപോയതായി രേഖകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.