വിദ്യാർഥിനിയെ തീ കൊളുത്തി കൊന്ന സംഭവം: സമഗ്രാന്വേഷണം വേണമെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: കോട്ടയം എസ്.എം.ഇ കാമ്പസില്‍ വിദ്യാർഥിനിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ടു ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തു നല്‍കി.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍ ഈ സംഭവത്തില്‍ പലവിധ ദൂരൂഹതകളും ഉള്ളതായി അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തി ഇതിലെ ദൂരൂഹതകള്‍ നീക്കണമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് ആവശ്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലം സ്വദേശിനി ലക്ഷ്മി കൃഷ്ണകുമാറിനെയാണ് സീനിയർ വിദ്യാർഥി ആദർശ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ഗുരുതര പൊള്ളലേറ്റ ലക്ഷ്മിയും ആദർശും പിന്നീട് ആശുപത്രിയിൽവെച്ച് മരിച്ചു.
