ഓര്‍മകളുടെ തീക്കാറ്റിലുരുകി അവര്‍ വീണ്ടും കാമ്പസില്‍
text_fieldsകോട്ടയം: ഇവിടെ ഒരു തീക്കാറ്റ് അണയുന്നതേ ഉള്ളൂ. അതില്‍ പെട്ടുപോയവള്‍ ഇപ്പോഴും ചിരിയോടെ മുന്നിലുണ്ട് പലര്‍ക്കും. ഇനി ആ ക്ളാസ് മുറിയില്‍ കയറാന്‍ ആകുമോ? അറിയില്ല. കണ്‍മുന്നില്‍ ആളിയ, മറക്കാന്‍ ആഗ്രഹിക്കുന്ന ഓര്‍മകള്‍ക്ക് മൂകസാക്ഷിയായി പൂട്ടിയിട്ടിരിക്കുന്ന നാലാം വര്‍ഷ ഫിസിയോതെറപ്പി ഡിഗ്രി ക്ളാസും പരിസരവും നിഗൂഢതകളുടെ സാക്ഷ്യപത്രം പോലെ നിലകൊണ്ടു.
2013 ഒക്ടോബര്‍ 21ന് തുടങ്ങിയ ബി.പി.ടി ക്ളാസിലെ 39 വിദ്യാര്‍ഥികളില്‍ ഒരാള്‍ തങ്ങള്‍ക്കൊപ്പം ഇനിയില്ളെന്നത് അത്ര എളുപ്പം മാഞ്ഞുപോകുന്ന ഒന്നല്ല. ഫെബ്രുവരി ഒന്നിന് നടന്ന ദാരുണസംഭവത്തിനുശേഷം ഗാന്ധിനഗറിലെ സ്കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ (എസ്.എം.ഇ) കാമ്പസില്‍ തിങ്കളാഴ്ച മുതല്‍ പഠനം വീണ്ടും ആരംഭിച്ചെങ്കിലും എങ്ങും നിശ്ശബ്ദത തളംകെട്ടിയ അന്തരീക്ഷമായിരുന്നു. കൂടാതെ കുട്ടികളും കുറവായിരുന്നു. ഉച്ചക്ക് കാമ്പസില്‍ അനുശോചന യോഗവും ചേര്‍ന്നു. ലക്ഷ്മിയുടെ ബാച്ചിലെ ക്ളാസുകള്‍ ചൊവ്വാഴ്ച വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം കൗണ്‍സലിങ് ഉള്‍പ്പെടെ നല്‍കിയ ശേഷം തുടങ്ങുമെന്നാണ് എസ്.എം.ഇ ഡയറക്ടര്‍ റെജി റാം അറിയിച്ചത്. നവജീവനുമായി ചേര്‍ന്ന് നടക്കുന്ന ക്യാമ്പിന്‍െറ പ്രോജക്ട് ജോലിയില്‍ മുഴുകി കൂട്ടുകാരികള്‍ക്കൊപ്പം നിന്നവള്‍ മിനിറ്റുകള്‍ക്കകം ആരും കാണാത്ത ലോകത്തോക്ക് പോയി എന്നത് ഇപ്പോഴും ആര്‍ക്കും വിശ്വസിക്കാനാകുന്നില്ല.
ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലം കൃഷ്ണകുമാറിന്‍െറ (അഡീഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസര്‍, ആലപ്പുഴ) മകള്‍ കെ. ലക്ഷ്മിയെ (21) പെട്രോള്‍ ഒഴിച്ചു കത്തിച്ചശേഷം കൊല്ലം നീണ്ടകര പുത്തന്‍തുറ കൈലാസമംഗലത്ത് സുനീതന്‍െറ മകനും കോളജിലെ മുന്‍ വിദ്യാര്‍ഥിയുമായ ആദര്‍ശ് (25) എന്നിവര്‍ മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ ആദര്‍ശ് അന്ന് വൈകീട്ട് ഏഴിനും 65 ശതമാനം പൊള്ളലേറ്റ ലക്ഷ്മി രാത്രി ഏഴരക്കും മരിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ എം.എല്‍.ടി മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ മുണ്ടക്കയം വണ്ടംപതാല്‍ പഴാശ്ശേരി ഷാഹുല്‍ ഹമീദ് മകന്‍ അജ്മല്‍ (21), മുണ്ടക്കയം പറത്താനം കുളത്തിങ്കല്‍ ഷിബു മകന്‍ അശ്വിന്‍ (21) എന്നിവര്‍ക്കും പൊള്ളലേറ്റിരുന്നു.
ഇപ്പോഴും കാമ്പസിന്‍െറ ഇടനാഴികളില്‍...ലൈബ്രറിയില്‍...ക്ളാസിന്‍െറ ജനലഴികളിലൂടെ നോക്കുമ്പോള്‍ അവള്‍ ചിരിച്ചുകൊണ്ട് വര്‍ത്തമാനം പറയുന്നതാണ് ഓര്‍മ വരുന്നതെന്ന് ലക്ഷ്മിയെ പരിചയമുള്ള മറ്റുബാച്ചിലെ വിദ്യാര്‍ഥികളും അധ്യാപകരും പറയുന്നു. സെപ്റ്റംബറോടുകൂടി നാലാം വര്‍ഷ ക്ളാസുകള്‍ ഏതാണ്ട് പൂര്‍ണമാകും. മോഹങ്ങളെ പാതിവഴിയില്‍ ചാമ്പലാക്കി കടന്നുപോയ അഗ്നിയുടെ നാളങ്ങള്‍ ലക്ഷ്മി അവശേഷിപ്പിച്ചിട്ടുപോയ ഓര്‍മകളില്‍ കെടാതെ നില്‍ക്കുകയാണ് ഈ കാമ്പസിനു ചുറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
