സ്മാർട്ട് റവന്യൂ ഓഫിസ്; 54 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി
text_fieldsതിരുവനന്തപുരം: കലക്ടറേറ്റുകൾ, റവന്യൂ ഡിവിഷനൽ ഓഫിസുകൾ, സബ്കലക്ടർ ഓഫിസുകൾ, താലൂക്ക് ഓഫിസുകൾ, വില്ലേജ് ഓഫിസുകൾ, മറ്റ് സ്പെഷൽ ഓഫിസുകൾ എന്നിവിടങ്ങളിൽ ഘട്ടംഘട്ടമായി ആധുനിക സൗകര്യങ്ങളുള്ള ‘സ്മാർട്ട് റവന്യൂ ഓഫിസുകൾ’ നിർമിക്കാൻ 54 കോടിയുടെ പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകി. വില്ലേജ് ഓഫിസ്തലം മുതൽ ലാൻഡ് റവന്യൂ കമീഷണറേറ്റ് വരെയുള്ള റവന്യൂ ഓഫിസുകളിൽ അടിസ്ഥാന സൗകര്യങ്ങളും വിവര, ആശയവിനിമയ സാങ്കേതികവിദ്യയും ലഭ്യമാക്കുന്നതിലൂടെ പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും മെച്ചപ്പെട്ട സേവനങ്ങൾ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സ്മാർട്ട് റവന്യൂ ഓഫിസ് പദ്ധതിയിൽ അഞ്ച് ഘടകങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സ്മാർട്ട് വില്ലേജ് ഓഫിസുകളുടെ നിർമാണവും സ്പിൽഓവർ ജോലിയും, മറ്റ് റവന്യൂ ഓഫിസുകളുടെ നവീകരണവും സ്പിൽഓവർ ജോലിയും, വകുപ്പിനുള്ളിൽ നടന്നുവരുന്ന അനുബന്ധ പ്രവർത്തനങ്ങൾ, റവന്യൂഭവൻ, പട്ടയ മിഷൻ എന്നീ ഘടകങ്ങളാണ് പദ്ധതിയിലുള്ളത്.
ലാൻഡ് റവന്യൂ കമീഷണർ സമർപ്പിച്ച ശിപാർശ പരിഗണിച്ചാണ് തീരുമാനം. പ്രൈസ് സോഫ്റ്റ്വെയറിൽ തയാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് മാത്രമേ പ്രവൃത്തി ഏറ്റെടുക്കാവൂവെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ആദ്യ മൂന്ന് ഘടകങ്ങൾക്കായി 41 കോടിയും റവന്യൂഭവന് 10 കോടിയും പട്ടയ മിഷന് മൂന്നുകോടിയുമാണ് നീക്കിവെച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

