സ്മാർട്ട് മീറ്റർ; ടെൻഡർ തുറന്നു; നടപടി വേഗത്തിലാക്കി കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സ്മാർട്ട് മീറ്റർ നടപ്പാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി കെ.എസ്.ഇ.ബി. സ്മാർട്ട് മീറ്റർ നടപ്പാക്കുന്നതിനായി ക്ഷണിച്ച ടെൻഡർ കഴിഞ്ഞ ദിവസം തുറന്നു.
രണ്ട് പാക്കേജുകളായാണ് ടെൻഡർ ക്ഷണിച്ചത്. സ്മാർട്ട് മീറ്റർ, ആശയവിനിമയ ശൃംഖല, അനുബന്ധ സോഫ്റ്റ്വെയർ എന്നിവ അടങ്ങുന്നതാണ് ഒന്നാമത്തെ പാക്കേജ്. എം.ഡി.എം.എസ് സോഫ്റ്റ്വെയർ, സംയോജനം എന്നിവ അടങ്ങുന്നതാണ് രണ്ടാമത്തെ പാക്കേജ്.
ഒന്നാം പാക്കേജ് ടെൻഡറിൽ 160.9 കോടി രൂപയും ജി.എസ്.ടിയും ഉൾപ്പടെ കുറഞ്ഞ ബിഡ് നൽകിയത് ഇസ്ക്രെമെകൊ എന്ന കമ്പനിയാണ്. പാക്കേജ് രണ്ടിൽ 4.45 കോടിയും ജി.എസ്.ടിയും ഉൾപ്പടെ കുറഞ്ഞ ബിഡ് നൽകിയത് ഈസിയാസോഫ്റ്റ് ടെക്നോളജീസ് എന്ന കമ്പനിയും.
സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ ആദ്യം ലക്ഷ്യമിട്ട ടോട്ടെക്സ് രീതിക്ക് പകരം കാപെക്സ് രീതിയാണ് നടപ്പാക്കുക. 2023ൽ ഇതുസംബന്ധിച്ച് തീരുമാനമെടുത്തെങ്കിലും കഴിഞ്ഞ മേയിലാണ് ഭരണാനുമതി നൽകിയത്.
കരാർ കമ്പനി ചെലവ് മുഴുവൻ വഹിക്കുകയും പിന്നീട് തിരിച്ച് ഈടാക്കുകയും ചെയ്യുന്ന കേന്ദ്രം നിർദേശിച്ച ടോട്ടെക്സ് രീതിക്കെതിരെ വലിയ എതിർപ്പുയർന്നിരുന്നു. തുടർന്നാണ് ബില്ലിങ്ങും അനുബന്ധ സേവനങ്ങളും കെ.എസ്.ഇ.ബി നിയന്ത്രണത്തിൽ നിലനിർത്തുന്ന കാപെക്സ് രീതി നടപ്പാക്കുന്നത്. സിസ്റ്റം മീറ്ററുകൾ, സർക്കാർ ഉപഭോക്താക്കളുടെ മീറ്ററുകൾ, എച്ച്.ടി ഉപഭോക്താക്കളുടെ മീറ്ററുകൾ എന്നിങ്ങനെ മൂന്ന് ലക്ഷത്തോളം മീറ്ററുകൾ ആദ്യഘട്ടത്തിൽ സജ്ജമാവും.
മീറ്ററുകൾ സ്ഥാപിക്കുന്നതിന് 18 മാസത്തെയും ഓപറേഷൻ മെയിന്റനൻസ് എന്നിവക്ക് 72 മാസത്തെയും കരാർ നൽകാൻ കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് കഴിഞ്ഞ വർഷം അനുമതി നൽകിയിരുന്നു. കേരളം സ്വന്തം നിലക്ക് സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതോടെ ഇതിനുള്ള തുക ബോർഡ് വഹിക്കേണ്ടിവരും. സ്മാർട്ട് മീറ്റർ ഒന്നാംഘട്ടം നടപ്പാക്കാൻ 277 കോടിയാണ് വേണ്ടത്. സംസ്ഥാന സർക്കാർ നിലപാടിന്റെ അടിസ്ഥാനത്തിൽകൂടി നടപ്പാക്കുന്ന പദ്ധതിയായതിനാൽ സർക്കാർ സഹായം പ്രതീക്ഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

