പ്രതീക്ഷയോടെ ചെറുകക്ഷികൾ; പിടികൊടുക്കാതെ സി.പി.എം
text_fieldsതിരുവനന്തപുരം: ഘടക കക്ഷികളുമായുള്ള സി.പി.എമ്മിെൻറ രണ്ടാം ദിവസ ഉഭയകക്ഷി ചർച്ച അവസാനിച്ചപ്പോൾ പ്രതീക്ഷ അവസാനിപ്പിക്കാതെ ഏക എം.എൽ.എമാരുള്ള ചെറുകക്ഷികൾ.
അതേസമയം ചൊവ്വാഴ്ചത്തെ ചർച്ചയിലും മന്ത്രിസഭാ പ്രാതിനിധ്യത്തിൽ കക്ഷി നേതാക്കൾക്ക് ഉറപ്പൊന്നും നൽകാൻ സി.പി.എം നേതൃത്വം തയാറായില്ല.
െഎ.എൻ.എൽ, കേരള കോൺഗ്രസ് (ബി), ജനാധിപത്യ കേരള കോൺഗ്രസ്, കോൺഗ്രസ് (എസ്) കക്ഷി നേതൃത്വങ്ങളുമായാണ് കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ചർച്ച നടത്തിയത്. 27 വർഷം എൽ.ഡി.എഫിനൊപ്പം ഉറച്ചുനിന്ന െഎ.എൻ.എൽ തങ്ങൾക്ക് മന്ത്രിസ്ഥാനത്തിനുള്ള അർഹതയെ കുറിച്ച് സി.പി.എം നേതൃത്വത്തെ ധരിപ്പിച്ചു.
എന്നാൽ, ഒരു എം.എൽ.എമാരുള്ള അഞ്ച് കക്ഷികളുണ്ടെന്നും 20 സീറ്റ് മാത്രമാണ് മന്ത്രിസഭയിലുള്ളതെന്നും സി.പി.എം നേതൃത്വം വ്യക്തമാക്കി. 17ലെ എൽ.ഡി.എഫ് യോഗത്തിനുമുമ്പ് ഒരിക്കൽ കൂടി ഇരിക്കാമെന്ന സി.പി.എം വാക്കിലാണ് കൂടിക്കാഴ്ച പിരിഞ്ഞത്. നേതാക്കളായ കാസിം ഇരിക്കൂർ, എ.പി. അബ്ദുൽ വഹാബ്, പി. ഹംസ എന്നിവർ പെങ്കടുത്തു.
ഒന്നാം പിണറായി സർക്കാറിൽ മന്ത്രിസ്ഥാനമില്ലാതിരുന്നിട്ടും കാബിനറ്റ് പദവി ലഭിച്ചത് ഒാർമിപ്പിച്ചാണ് കെ.ബി. ഗണേഷ് കുമാറിെൻറ നേതൃത്വത്തിൽ കേരള കോൺഗ്രസ് പ്രതിനിധികൾ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടത്. ഏക എം.എൽ.എമാരിൽ മുതിർന്ന അംഗമായ തനിക്ക് മന്ത്രിസ്ഥാനത്തിനുള്ള അർഹത ചൂണ്ടിക്കാട്ടിയ ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആൻറണി രാജു, ലത്തീൻ സഭാ നേതൃത്വവുമായുള്ള ബന്ധവും ഒാർമിപ്പിച്ചു.
എന്നാൽ, ഏക എം.എൽ.എമാരുള്ള അഞ്ച് കക്ഷികളിൽ എത്രപേർക്ക് മന്ത്രിസ്ഥാനം നൽകാനാകുമെന്ന സംശയമാണ് സി.പി.എം തിരിച്ച് ഉന്നയിച്ചത്. എല്ലാവരെയും പരിഗണിക്കാൻ കഴിയില്ലെന്ന് പറഞ്ഞ സി.പി.എം നേതാക്കൾ വീണ്ടും ചർച്ച ചെയ്യാമെന്ന് വ്യക്തമാക്കി. എൽ.ഡി.എഫിൽ വർഷങ്ങളായി ഘടകക്ഷിയായ കോൺഗ്രസ് (എസ്)ന് മന്ത്രിസ്ഥാനം ഇത്തവണയും വേണമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. 17ന് മുമ്പ് ചർച്ച നടത്താമെന്ന ഉറപ്പ് മാത്രമാണ് കോൺഗ്രസ് (എസ്)നും ലഭിച്ചത്.