ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം
text_fieldsമഹാത്മാഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവുമായി സംവദിച്ചതിന്റെ ശതാബ്ദി ആഘോഷ സമ്മേളനം തുഷാർ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നു
വർക്കല: മനുഷ്യർക്കിടയിലെ ചെറിയ അഭിപ്രായ വ്യത്യാസങ്ങളെയും അകൽച്ചകളെയും വിഭജനങ്ങളെയും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നതാണ് ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി. മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവുമായി സംവദിച്ചതിന്റെ ശതാബ്ദി ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാപ്പുവിന്റെയും ഗുരുവിന്റെയും സന്ദേശങ്ങൾക്ക് കാലിക പ്രസക്തിയുണ്ട്. ഇത് നാം ഉൾക്കൊള്ളണം. ആളുകളെ യോജിപ്പിക്കുന്നതിൽ ഗുരുവും ബാപ്പുവും പ്രാവർത്തികമാക്കിയ ദർശനങ്ങളെ നമ്മളും ജീവിതത്തിൽ പകർത്തണം. ബാപ്പുവിനെ കർമയോഗിയെന്നും ഗുരുവിനെ ധർമയോഗിയെന്നുമാണ് നാം വിശേഷിപ്പിക്കുന്നത്. ഇവ പരസ്പര പൂരകമാണ്. ബാപ്പു കർമയോഗി മാത്രമായിരുന്നില്ല ധർമയോഗിയുമായിരുന്നു. ഗുരു ധർമയോഗി മാത്രമായിരുന്നില്ല കർമയോഗിയുമായിരുന്നു.
ബാഹ്യമായ ആചാരാനുഷ്ഠാനങ്ങളും അടയാളങ്ങളും ചിഹ്നങ്ങളും അണിഞ്ഞ് നടക്കുന്നതാണ് മത ജീവിതമെന്നാണ് പലരുടെയും ധാരണ. യഥാർഥത്തിൽ മതത്തിന്റെ അന്തസ്സത്ത എന്നത് ആധ്യാത്മികതയാണ്. ആധ്യാത്മികത എന്നത് സേവനത്തിൽ കൂടിയാണ് പ്രകടമാകേണ്ടതും സഫലമാകേണ്ടതും. ഇതിനാണ് ബാപ്പുവും ഗുരുവും ശ്രമിച്ചത്. അവർ ഇരുവരും ആധ്യാത്മികതയെ സേവനത്തിൽ കൂടി പ്രയോഗവത്കരിച്ച് സാക്ഷാത്കരിക്കുകയായിരുന്നു.
നവഖൊലിയിലേക്കുള്ള ബാപ്പുവിന്റെ യാത്രയെ തടസ്സപ്പെടുത്താൻ അദ്ദേഹത്തിന്റെ പ്രതിയോഗികൾ വഴിയിൽ മനുഷ്യവിസർജ്യം ഉൾപ്പെടെ വിതറി. എന്നാൽ ബാപ്പുവാകെട്ടെ ഒരു ചൂൽ ഉണ്ടാക്കി മാലിന്യം നീക്കി വഴി ശുചീകരിച്ചാണ് ലക്ഷ്യത്തിലേക്ക് നടന്നുപോയത്. ആധ്യാത്മിക ശുദ്ധീകരണം നടത്താനുണ്ടെന്നാണ് ഇത് നൽകുന്ന പാഠം. മനുഷ്യന് സമസ്ത മേഖലയിലും പല തരത്തിലുള്ള അഴുക്കുകൾ നിറഞ്ഞുനിൽക്കുന്നുണ്ട് എന്നത് നാം തിരിച്ചറിയണം. അതിനെയെല്ലാം ശുചീകരിക്കുന്നതിനുള്ള പരിശ്രമം നടത്തുമ്പോഴാണ് നമ്മുടെ ആധ്യാത്മികതയും സാർഥകമാകുന്നതെന്നും തുഷാർ ഗാന്ധി പറഞ്ഞു. കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ മുഖ്യപ്രഭാഷണം നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.