രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് പറഞ്ഞത് ജനറിക് മരുന്നുകൾക്കെതിരാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല: കെകെ ശൈലജ
text_fieldsതിരുവനന്തപുരം: സ്പൈനൽ മസ്‌കുലാർ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികൾക്കുള്ള മരുന്ന് മാറ്റവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ ഉന്നയിച്ച ആശങ്കകൾ പൂർണമായും ന്യായമാണെന്നും, അവ ദൂരീകരിക്കേണ്ടത് സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ഉത്തരവാദിത്തമാണെന്നും സിപിഎം നേതാവും മുൻ ആരോഗ്യ മന്ത്രിയുമായ കെ.കെ. ശൈലജ വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം ആവശ്യപ്പെട്ടത്.
തങ്ങൾ ഉന്നയിച്ച ആശങ്കകൾ ജനറിക് മരുന്നുകൾക്കെതിരായ എതിർപ്പായി തെറ്റിദ്ധരിക്കേണ്ടതില്ല. സാധാരണ ഉപയോഗിച്ചുകൊണ്ടിരുന്ന മരുന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ മാറ്റി നൽകിയതും, അതിൽ ‘സാമ്പിൾ/ക്ലിനിക്കൽ ട്രയലിനുള്ളത്’ എന്ന ലേബലുണ്ടായിരുന്നതുമാണ് രക്ഷിതാക്കളിൽ വലിയ ആശങ്കക്ക് കാരണമായത്. മുൻ മന്ത്രിമാർ കൂടിയായ തങ്ങളെയും പല രക്ഷിതാക്കളും ഫോണിൽ വിളിച്ച് ഈ ആശങ്ക അറിയിച്ചിരുന്നു. നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്ന് കുട്ടികളിൽ മികച്ച ഫലം ഉണ്ടാക്കിയിട്ടുണ്ടെന്നും നല്ല മാറ്റങ്ങൾ കാണുന്നുണ്ടെന്നും രക്ഷിതാക്കൾ പറയുന്നു. പെട്ടെന്ന് മരുന്ന് മാറ്റിയാൽ കുട്ടികൾ വീണ്ടും പഴയ അവസ്ഥയിലേക്ക് തിരിച്ചുപോകുമോ എന്ന ഭയത്തിലാണ് അവരെന്നും കെ.കെ. ശൈലജ ചൂണ്ടിക്കാട്ടി.
പുതിയ മരുന്നിന്റെ വിശ്വാസ്യത രക്ഷിതാക്കളെ ബോധ്യപ്പെടുത്താനും, ക്ലിനിക്കൽ ട്രയലിനുള്ള സാമ്പിൾ വിതരണം ചെയ്യാൻ ഇടയായ സാഹചര്യം എന്താണെന്ന് വിശദീകരിക്കാനും സർക്കാരും ആരോഗ്യ വകുപ്പും ബാധ്യസ്ഥരാണ്.
വിദേശ കമ്പനിയായ 'റോഷി’നേക്കാൾ കുറഞ്ഞ വിലക്ക് ഗുണനിലവാരമുള്ള മരുന്ന് ഇന്ത്യൻ കമ്പനിയായ ‘നാറ്റ്കോ’ നിർമിച്ച് നൽകുന്നത് അങ്ങേയറ്റം സ്വാഗതാർഹമാണ്. എന്നാൽ, പുതിയ മരുന്നിന്റെ ജൈവ തുല്യത ബോധ്യപ്പെടുത്താൻ കമ്പനിക്കും സർക്കാരിനും കഴിയണം. സാധാരണ നടപടിക്രമങ്ങൾ പാലിച്ച് കെ.എം.എസ്.സി.എൽ മുഖേനയാണോ പുതിയ മരുന്ന് ലഭ്യമാക്കിയതെന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ടെന്നും കെ.കെ. ശൈലജ തന്റെ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
പോസ്റ്റിന്റെ പൂർണരൂപം
സ്പൈനൽ മസ്‌കുലാർ അട്രോഫി(SMA)യ്ക്കുള്ള
മരുന്നു സംബന്ധിച്ച് രക്ഷിതാക്കൾക്കുള്ള ആശങ്ക കൾ പരിഹരിക്കണമെന്ന് പറഞ്ഞത് ജനറിക് മരുന്നുകൾക്കെതിരായ അഭിപ്രായമെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല
സാധാരണ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്ന് മാറി
മറ്റൊരു മരുന്ന് മുന്നറിയിപ്പില്ലാതെ വിതരണം ചെയ്തതും അതിൽ സാമ്പിൾ/ക്ലിനിക്കൽ ട്രയലിനുള്ളത് എന്ന ലേബലുള്ള ബോട്ടിൽ ഉണ്ടായിരുന്നതും രക്ഷിതാക്കളിൽ ആശങ്കയുളവാക്കി
അവരിൽ ചിലർ മുൻമന്ത്രി എന്ന നിലയിൽ ഞങ്ങളെയും
വിളിച്ചിരുന്നു. നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന
മരുന്ന് നല്ല ഫലം ഉണ്ടാക്കിയെന്നും കുട്ടികളിൽ നല്ല മാറ്റം കാണുന്നു എന്നും
പെട്ടന്ന് മരുന്ന് മാറിയാൽ അവർ
പഴയ അവസ്ഥയിലേക്ക് തിരിച്ചു
പോകുമോ എന്ന് ഭയക്കുന്നതായും അവർ പറഞ്ഞു
പുതിയ മരുന്നിൻ്റെ വിശ്വാസ്യത
അവരെ ബോധ്യപ്പെടുത്താനും
ക്ലിനിക്കൽ ട്രയലിനുള്ള സാമ്പിൾ വിതരണം ചെയ്യാൻ
ഇടയായത് എന്തുകൊണ്ടെന്ന്
വിശദീകരിക്കാനും സർക്കാരിനും ആരോഗ്യ മന്ത്രിക്കും ബാധ്യതയുണ്ട്
റോഷ് എന്ന വിദേശ കമ്പനിയേക്കാൾ കുറഞ്ഞ വിലക്ക് ഗുണനിലവാരമുള്ള
മരുന്ന് നാറ്റ് കോ എന്ന ഇന്ത്യൻ
കമ്പനി നിർമ്മിച്ച് നൽകിയാൽ
അത് അങ്ങേയറ്റം സ്വാഗതാർഹമാണ്.
1970 ലെ ഇന്ത്യൻ പാറ്റൻ്റ് നിയമം
2005 ൽ ഭേദഗതി ചെയ്ത് ഉല്പന്ന(Product) പാറ്റൻ്റടക്കം
കുത്തക കമ്പനികൾക്ക് നൽകിയത് അന്നത്തെ കേന്ദ്ര ഗവണ്മെണ്ടാണ്. അതുകൊണ്ടാണ് നാറ്റ് കൊയ്ക്ക് റോഷ്നെതിരെ
കോടതിയെ സമീപിക്കേണ്ടി വന്നത്. കുത്തകകളുടെ പാറ്റൻ്റ്
കാലാവധി നീട്ടിക്കൊടുത്തതും
2005 ലെ നിയമത്തിൻ്റെ
തരക്കേടായിരുന്നു.
ഇപ്പോൾ ആ കാലാവധി കഴിയുമ്പോഴാണ് ഇന്ത്യൻ കമ്പനികൾക്ക് മരുന്നുല്പാദനത്തിന് അപേക്ഷിക്കാൻ കഴിയുന്നത്
ഒരേ രാസഘടകങ്ങളുള്ള മരുന്നിന് വിദേശ കമ്പനികൾ
വൻതുക ഈടാക്കാൻ തയ്യാറായി
നിരവധി ഇന്ത്യൻ കമ്പനികൾ
ഇക്കാലത്ത് പൂട്ടിപ്പോവുകയും
ചെയ്തു
2017 ൽ' കേരളാ ജനറിക്' എന്ന
സ്കീം കൊണ്ടുവന്ന് ജീവിത ശൈലി രോഗങ്ങൾക്ക് കമ്പനികളിൽ നിന്ന് ബ്രാൻ്റഡ് ജനറിക് മരുന്ന് ശേഖരിച്ച് വിതരണം ചെയ്യാൻ തുടങ്ങിയപ്പോഴാണ് കേരളത്തിൽ വലിയ ആശ്വാസമുണ്ടായതെന്ന് ഞാനോർക്കുന്നു.
അതായത് ജനറിക് മരുന്നിന്
ഞങ്ങൾ എതിരല്ല.
എന്നാൽ പുതിയ മരുന്നിൻ്റെ
ജൈവ തുല്യത ബോധ്യപ്പെടുത്താൻ കമ്പനിക്കും
സർക്കാരിനും കഴിയണം.
സാധാരണ നടപടിക്രമങ്ങൾ
പാലിച്ച് KMSCL മുഖേനയാണോ പുതിയ മരുന്ന് ലഭ്യമാക്കിയതെന്നും വ്യക്തത
വരുത്തേണ്ടതുണ്ട്
അതാണ് സൂചിപ്പിച്ചത്.

